അനാവശ്യ കോൾ: ടെലിമാർക്കറ്റിങ് കമ്പനികളുടെ സേവനം വിച്ഛേദിക്കും, കരിമ്പട്ടികയിൽപ്പെടുത്തും
Mail This Article
ന്യൂഡൽഹി ∙ റജിസ്റ്റർ ചെയ്യാതെ, തുടർച്ചയായി അനാവശ്യ കോളുകളും സന്ദേശങ്ങളും അയയ്ക്കുന്ന ടെലിമാർക്കറ്റിങ് കമ്പനികളുടെ എല്ലാ ടെലികോം സേവനങ്ങളും വിച്ഛേദിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) മൊബൈൽ സേവനദാതാക്കൾക്കു നിർദേശം നൽകി. ഇവരെ 2 വർഷത്തേക്കു കരിമ്പട്ടികയിൽപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. നിർദേശം എത്രയും വേഗം നടപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ നൽകാനും ട്രായ് കമ്പനിക്ക് അയച്ച കത്തിൽ പറയുന്നു. അനാവശ്യ കോളുകളും സന്ദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായതിനു പിന്നാലെയാണു കർശന ഇടപെടൽ.
2018ലെ ടെലികോം കമേഴ്സ്യൽ കമ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റഗുലേഷനുമായി ബന്ധപ്പെടുത്തിയാണു ട്രായ് വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്. കംപ്യൂട്ടർ നിർമിതമോ, മുൻകൂട്ടി റെക്കോർഡ് െചയ്തു വച്ചതോ അല്ലാത്തതോ ആയ എല്ലാ കോളുകൾക്കും സന്ദേശങ്ങൾക്കും ഇതു ബാധകമാണ്.
റജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റിങ് കമ്പനികളുടെ എല്ലാ സന്ദേശങ്ങളും എത്രയും വേഗം നിർത്തണമെന്നാണു നിർദേശം. കോളുകൾ ആവർത്തിച്ചാൽ വിലക്കു വീഴും. ഇവരുടെ എല്ലാ നമ്പറുകളും നിരോധിക്കും. ഇവർക്കു പുതിയ നമ്പറുകൾ നിശ്ചിതകാലത്തേക്കു ലഭ്യമാക്കരുതെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്.