പൊതുഫണ്ട് തിരിമറി: എസ്ബിഐക്കും പിഎൻബിക്കും എതിരായ നടപടി തൽകാലം നിർത്തിവച്ച് കർണാടക
Mail This Article
പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് പൊതുമേഖലാ ബാങ്കുകളായ എസ്ബിഐക്കും പാഞ്ചാബ് നാഷണൽ ബാങ്കിനും (എസ്ബിഐ) എതിരെയെടുത്ത നടപടി തൽകാലം നിർത്തിവച്ച് കർണാടക സർക്കാർ. ബാങ്കുകളുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതാണ് തീരുമാനം. 15 ദിവസത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവച്ചത്.
കഴിഞ്ഞ 12നാണ് എസ്ബിഐയിലെയും പിഎൻബിയിലെയും എല്ലാ അക്കൗണ്ടുകളും റദ്ദാക്കാനും പണം പൂർണമായി പിൻവലിക്കാനും കർണാടക സർക്കാർ ഉത്തരവിട്ടത്. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കുമായിരുന്നു നിർദേശം. സെപ്റ്റംബർ 20നകം അക്കൗണ്ടുകൾ റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (KIADB), കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (KSPCB) എന്നിവയുടെ സ്ഥിരനിക്ഷേപ (എഫ്ഡി) അക്കൗണ്ടുകളിലെ പണം ബാങ്ക് ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി.
ഇത് സംബന്ധിച്ച് ബാങ്കുകളുമായി ചർച്ച നടത്തിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് കാട്ടിയാണ് അക്കൗണ്ടുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനത്തിന് സർക്കാർ മുതിർന്നത്. ഇരു ബാങ്കുകളിലുമായി ഏകദേശം 23 കോടി രൂപയുടെ തിരിമറി നടന്നുവെന്നാണ് സർക്കാരിന്റെ ആരോപണം. പ്രശ്നം പരിഹരിച്ച്, പണം തിരികെ ലഭ്യമാക്കാനുള്ള സാവകാശമാണ് ഉത്തരവ് 15 ദിവസത്തേക്ക് മരവിപ്പിക്കുന്നതിലൂടെ ബാങ്കുകൾക്ക് നൽകുന്നതെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.