ഓഹരി വിപണി മുന്നോട്ട്; ലാഭമെടുപ്പിൽ വീണ് കൊച്ചിൻ ഷിപ്പ്‍യാർഡും കിറ്റെക്സും, ഐടി റെക്കോർഡിൽ
Mail This Article
ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. വിപണി ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ സെൻസെക്സുള്ളത് 486 പോയിന്റ് (+0.60%) ഉയർന്ന് 80,907ലും നിഫ്റ്റിയുള്ളത് 149 പോയിന്റ് (+0.61%) നേട്ടവുമായി 24,721ലും.
നിഫ്റ്റി50ൽ 37 ഓഹരികൾ നേട്ടത്തിലും 13 എണ്ണം നഷ്ടത്തിലുമാണ് ഇപ്പോഴുള്ളത്. എസ്ബിഐ ലൈഫ് (+3.23%), ഇൻഡസ്ഇൻഡ് ബാങ്ക് (+2.80%), ശ്രീറാം ഫിനാൻസ് (+2.64;), ബജാജ് ഫിൻസെർവ് (+2.62%), എച്ച്ഡിഎഫ്സി ലൈഫ് (+2.31%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. ഒഎൻജിസി (-1.67%), ഭാരതി എയർടെൽ (-1.01%), അദാനി എന്റർപ്രൈസസ് (-0.93%), സിപ്ല (-0.83%), ടാറ്റാ കൺസ്യൂമർ (-0.64%) എന്നിവ നഷ്ടത്തിലും മുന്നിലെത്തി.
വിശാല വിപണിയിൽ നിഫ്റ്റി പിഎസ്‍യു ബാങ്ക് 1.57 ശതമാനവും സ്വകാര്യബാങ്ക് 1.35 ശതമാനവും ഉയർന്നതോടെ, നിഫ്റ്റി ബാങ്ക് 1.19% നേട്ടത്തിലേറിയിട്ടുണ്ട്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.26%, ഐടി 0.72% എന്നിങ്ങനെയും നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 41,746 എന്ന റെക്കോർഡ് ഉയരവും തൊട്ടു. എഫ്എംസിജി, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ നേരിയ നഷ്ടത്തിലുമാണ്.
മ്യൂച്വൽഫണ്ട് അസറ്റ് മാനേജ്മെന്റ് ബിസിനസിലേക്ക് കടക്കാൻ റിസർവ് ബാങ്കിന്റെ പച്ചക്കൊടി കിട്ടിയ സന്തോഷത്തിലാണ് ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളുടെ നേട്ടം. മ്യൂച്വൽഫണ്ട് അസറ്റ് മാനേജ്മെന്റ് രംഗത്തെ ഉപകമ്പനിയിൽ മൂലധന നിക്ഷേപം നടത്താനും ബാങ്കിനെ റിസർവ് ബാങ്ക് അനുവദിച്ചിട്ടുണ്ട്.
ബിഎസ്ഇയിൽ 3,942 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 2,238 ഓഹരികൾ നേട്ടത്തിലും 1,585 എണ്ണം നഷ്ടത്തിലുമാണ്. 119 ഓഹരികളുടെ വില മാറിയില്ല. 264 ഓഹരികൾ 52-ആഴ്ചത്തെ ഉയരത്തിലും 18 എണ്ണം താഴ്ചയിലും വ്യാപാരം ചെയ്യുന്നു. 318 ഓഹരികൾ ഇന്ന് അപ്പർ-സർക്യൂട്ടിലും 178 എണ്ണം ലോവർ-സർക്യൂട്ടിലുമാണുള്ളത്. 2.92% ഉയർന്ന് ഇൻഡസ്ഇൻഡ് ബാങ്കാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ബജാജ് ഫിൻസെർവ് 2.54 ശതമാനവുമായി തൊട്ടടുത്തുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രെടെക് സിമന്റ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ എന്നിവയും കൈവരിച്ച 1.65% വരെ നേട്ടമാണ് ഇന്നിതുവരെ സെൻസെക്സിനെ ഉയർത്തിയത്. ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരാണ് നഷ്ടത്തിലുള്ള പ്രമുഖർ; 0.13 മുതൽ 1.03% വരെയാണ് ഇവയുടെ നഷ്ടം.
നേട്ടത്തിന് പിന്നിലെ കാരണങ്ങൾ
ഇന്ത്യൻ ഐടി കമ്പനി ഓഹരികൾ പൊതുവേ ഇന്ന് നേട്ടത്തിലാണ്. ഇവയുടെ മുഖ്യ വരുമാന സ്രോതസ്സായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറഞ്ഞേക്കുമെന്നതും ഈ പ്രതീക്ഷയിൽ നാസ്ഡാക് ഉൾപ്പെടെയുള്ള യുഎസ് ഓഹരി വിപണികൾ നേട്ടത്തിലായതുമാണ് കരുത്ത്. ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള സൂചികയാണ് നാസ്ഡാക്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ജൂലൈയിലെ പണനയ സമിതിയുടെ (എഫ്ഒഎംസി) യോഗത്തിന്റെ മിനിട്ട്സ് നാളെ പുറത്തുവരും. യുഎസ് ഫെഡ് മേധാവി ജെറോം പവൽ വെള്ളിയാഴ്ച ജാക്സണ്‍ ഹോൾ സിമ്പോസിയത്തിൽ പ്രഭാഷണം നടത്തുന്നുമുണ്ട്. ഇവ രണ്ടും യുഎസ് ഫെഡിന്റെ പലിശനിരക്കിന്റെ ദിശയെക്കുറിച്ച് സൂചന നൽകുമെന്നത് ഓഹരി വിപണിയെ സ്വാധീനിക്കും.
യുഎസ്, ജാപ്പനീസ് ഓഹരി വിപണികൾ നേട്ടത്തിലേറിയതും ഗിഫ്റ്റ് നിഫ്റ്റി ഉയർന്നതും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന സൂചന നൽകിയിരുന്നു. മാത്രമല്ല, ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വ്യക്തമാക്കുന്ന ഇന്ത്യ വിക്സ് സൂചിക ഇന്ന് 2% താഴേക്കുപോയിട്ടുണ്ട്. കഴിഞ്ഞ 5 സെഷനുകളിലായി ഇന്ത്യ വിക്സ് 12% ഇടിഞ്ഞു. ഇന്ത്യൻ വിപണി നേട്ടത്തിന്റെ ട്രാക്കിലാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
കിറ്റെക്സും കൊച്ചിൻ ഷിപ്പ്‍യാർഡും വീണു
കഴിഞ്ഞ ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ കിറ്റെക്സ് ഗാർമെന്റ്സ് ഓഹരികൾ ഇന്ന് ലാഭമെടുപ്പിൽ തെന്നീവീണു. 6.3% താഴ്ന്നാണ് ഇന്ന് കിറ്റെക്സ് ഓഹരികളുടെ വ്യാപാരം. ഉൽപാദനശേഷി പൂർണമായും വിനിയോഗിക്കേണ്ട വിധം ഓർഡറുകൾ ലഭിച്ചത് കിറ്റെക്സിന് കരുത്താണ്. വസ്ത്ര കയറ്റുമതി രംഗത്ത് മുൻനിരയിലുള്ള ബംഗ്ലദേശ് രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയിലായതും കിറ്റെക്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ വസ്ത്ര നിർമാണക്കമ്പനികൾക്ക് നേട്ടമാണ്. ഇതുമൂലം കഴിഞ്ഞദിവസങ്ങളിൽ ഓഹരി വൻതോതിൽ ഉയർന്നത് മുതലെടുത്താണ് നിക്ഷേപകർ ഇന്ന് ലാഭമെടുപ്പിന് തുനിഞ്ഞത്.
കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി 3.8% നഷ്ടത്തിലാണുള്ളത്. ഐസിഐസിഐ സെക്യൂരിറ്റീസിൽ നിന്ന് നെഗറ്റീവ് കമന്റുകൾ ഉണ്ടായത് ഷിപ്പിങ് ഓഹരികളെ ഇന്ന് തളർത്തി. മസഗോണിന്റെയും ഗാർഡൻ റീച്ചിന്റെയും ഓഹരിവില 77% വരെ കുറഞ്ഞേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. ഇതും ലാഭമെടുപ്പും കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഉൾപ്പെടെ ഓഹരികളെ വീഴ്ത്തി. മസഗോൺ 8 ശതമാനത്തിലധികവും ഗാർഡൻ റീച്ച് ഏഴര ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
പ്രൈമ ഇൻഡസ്ട്രീസ് (+8.95%), ഈസ്റ്റേൺ (+5.22%), ജിയോജിത് (+5.1%), ഇൻഡിട്രേഡ് (+4.9%) എന്നിവയാണ് കൂടുതൽ നേട്ടത്തിലുള്ള കേരള കമ്പനികൾ. കിങ്സ് ഇൻഫ്ര, കല്യാൺ ജ്വല്ലേഴ്സ്, പോപ്പുലർ വെഹിക്കിൾസ്, ഹാരിസൺസ് മലയാളംം തുടങ്ങിയവയും നഷ്ടത്തിലാണുള്ളത്.