സ്വർണ വില ഇന്നും കുറഞ്ഞു; ഇടിഞ്ഞ് രാജ്യാന്തര വിലയും; ഇനി അമേരിക്കയിലേക്ക് കാതോർക്കാം
Mail This Article
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 6,660 രൂപയായി. 160 രൂപ കുറഞ്ഞ് 53,280 രൂപയാണ് പവൻ വില. ഇന്നലെയും ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില കുറഞ്ഞത്. ഈയാഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 2,532 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട രാജ്യാന്തര വില, ഇന്ന് 2,479 ഡോളറിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,493 ഡോളറിൽ. രാജ്യാന്തര വില താഴ്ചയിൽ നിന്ന് കരകയറിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണ വില ഗ്രാമിന് 40 രൂപയിലധികം കുറയേണ്ടതായിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്ന് ജാക്സൺ ഹോൾ സിമ്പോസിയത്തിൽ പ്രഭാഷണം നടത്തുന്നുണ്ട്. അമേരിക്കയുടെ സാമ്പത്തിക ചലനങ്ങൾ ചർച്ച ചെയ്യുന്ന വാർഷിക പ്രഭാഷണ പരിപാടിയാണിത്. അടിസ്ഥാന പലിശനിരക്ക് (യുഎസ് ഫെഡ് റേറ്റ്) സെപ്റ്റംബറിൽ കുറയ്ക്കുന്നത് സംബന്ധിച്ച സൂചന അദ്ദേഹം നൽകിയേക്കും. എങ്കിലും, എന്താകും അദ്ദേഹം പറയുക എന്ന ആകാംക്ഷ നിലനിൽക്കുന്നതിനാൽ സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് നടക്കുന്നതാണ് വിലയിടിവിന് വഴിവച്ചത്. മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ-ഹമാസ് സംഘർഷം ഒരു യുദ്ധത്തിന് വഴിമാറില്ലെന്ന സൂചനകളും സ്വർണ വിലയെ താഴേക്ക് നയിച്ചു.
യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ഇന്നലെ അൽപം കരകയറിയതും സ്വർണ വിലയുടെ ഇറക്കത്തിന് വഴിയൊരുക്കി. അതേസമയം, പലിശനിരക്ക് അടുത്തമാസം കുറയാനുള്ള സാധ്യത ശക്തമായതിനാൽ വരുംദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടർന്നേക്കും. നിലവിൽ യുഎസ് ഡോളർ ഇൻഡെക്സും ട്രഷറി ബോണ്ട് യീൽഡും വീണ്ടും താഴേക്ക് പോയിട്ടുണ്ട്. സ്വർണ വില പോസിറ്റിവ് ട്രാക്കിലുമാണ്.
18 കാരറ്റും വെള്ളിയും
കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,515 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 91 രൂപയിലെത്തി.
ഇന്നൊരു പവൻ ആഭരണ വില
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,850 രൂപ കൊടുത്താലായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടുമായിരുന്നത്. ഇന്നത് 57,677 രൂപയായി കുറഞ്ഞിട്ടുണ്ട്.
സ്വർണ വില കുറയുന്നത് മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്തി, കുറഞ്ഞ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ്. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ, പിന്നീട് വില ഉയർന്നാലും ബുക്ക് ചെയ്ത വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. പ്രമുഖ ജ്വല്ലറികളെല്ലാം ഈ ഓഫർ നൽകുന്നുണ്ട്.
ഇനി വില എങ്ങോട്ട്?
രാജ്യാന്തര വില നേട്ടത്തിന്റെ ട്രാക്കിൽ തന്നെ തുടരുകയും 2,532 ഡോളർ എന്ന റെക്കോർഡ് വീണ്ടെടുക്കുകയും ചെയ്താൽ ആ 'ആവേശം' തുടരുമെന്നും വില 2,550 ഡോളർ ഭേദിച്ചേക്കാമെന്നും ചില നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. അഥവാ, ലാഭമെടുപ്പ് സമ്മർദം ഉണ്ടായാൽ വില 2,470 ഡോളറിലേക്ക് ഇടിയാനാണ് സാധ്യത. ഇത് കേരളത്തിലെ വിലയിലും വരുംദിവസങ്ങളിൽ വലിയ ചാഞ്ചാട്ടത്തിന് കളമൊരുക്കും.