ADVERTISEMENT

കൊച്ചി ∙ സംസ്‌ഥാനത്തെ വ്യാപാരശാലകളിലേക്ക് ഏറ്റവും കൂടുതൽ ഉപയോക്‌താക്കളെത്തുന്ന ഷോപ്പിങ് സീസണിനു തുടക്കംകുറിച്ചിരിക്കെ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐടി ഉൽപന്നങ്ങളുടെയും വിൽപന മൂല്യത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 30 ശതമാനത്തിലേറെ. ഇവയുടെ ഓണക്കാല വിൽപന 5500 കോടിയോളം രൂപയുടേതായിരിക്കുമെന്നാണ് അനുമാനം.

ജൂലൈ മുതൽ സെപ്‌റ്റംബർ അവസാനം വരെയുള്ള കാലയളവിനെയാണ് ‘ഓണം ഷോപ്പിങ് സീസൺ’ എന്നു വ്യാപാരികൾ വിളിക്കുന്നത്. കഴിഞ്ഞ വർഷത്തെ സീസണിൽ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐടി ഉൽപന്നങ്ങളുടെയും വിൽപന 4197 കോടി രൂപയുടേതായിരുന്നു. ഇവയുടെ വാർഷിക വിൽപനയിൽ 30 ശതമാനത്തോളവും ലഭിച്ചത് ഓണക്കാലത്താണ്. വാർഷിക വിൽപന 14,337 കോടി രൂപയുടേതായിരുന്നു.

onam-shopping

കോവിഡിനു ശേഷമുള്ള ഏറ്റവും മികച്ച ഉൽസവകാല വിൽപനയാണു നിർമാതാക്കളും വിപണനരംഗത്തുള്ളവരും ഇത്തവണ പ്രതീക്ഷിക്കുന്നത്. ബ്രാൻഡുകളുടെ എണ്ണത്തിലെ വർധന ഗണ്യമാണ്. നാൽപതിലേറെ ബ്രാൻഡുകളാണു വിപണി വിഹിതത്തിനായി മത്സരിക്കുന്നത്.   സമ്മാന പദ്ധതികളും വിലക്കിഴിവും മറ്റും വാഗ്‌ദാനം ചെയ്യുന്ന പരസ്യ പ്രചാരണമാണു വിപണനത്തിന് ആശ്രയിക്കപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉൽസവകാല വിൽപനയുടെ തുടക്കമായി കേരളത്തിലെ ഓണക്കാല വിൽപനയെ നിർമാതാക്കൾ കാണുന്നു. അതിനാൽ ഓണക്കാലത്തു കേരളത്തിൽ പരീക്ഷിച്ചു വിജയിക്കുന്ന വിപണന തന്ത്രങ്ങൾ ചില്ലറ പരിഷ്‌കാരങ്ങളോടെ മറ്റു വിപണികളിലെ ഗണേശ ചതുർഥി, ദുർഗാപൂജ, ദസറ, ദീപാവലി തുടങ്ങിയ ആഘോഷവേളകളിൽ പ്രയോഗിക്കുന്നു. ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിലെ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന ഉൽപന്നങ്ങൾക്കു മറ്റു വിപണികളിലും നല്ല വിൽപന ലഭിക്കുമെന്നാണു നിർമാതാക്കളുടെയും വിപണന വിദഗ്‌ധരുടെയും അനുഭവസാക്ഷ്യം.

ഉപയോക്‌താക്കളുടെ അഭിരുചിയിൽ വന്നിട്ടുള്ള പ്രധാന മാറ്റം പ്രീമിയം ഉൽപന്നങ്ങളിലുള്ള വർധിത താൽപര്യമാണ്. ഓണ വിപണിയിൽ ഈ പ്രവണത കൂടുതൽ കരുത്തോടെ പ്രകടമാകുമെന്നു വ്യാപാരികൾ കരുതുന്നു. തന്മൂലം വിൽപനയുടെ മൂല്യത്തിലാണു കൂടുതൽ വർധന അനുമാനിക്കുന്നത്.

ഓണക്കാല വിൽപന കേരളീയർക്കു സമ്മാനിക്കുന്ന പ്രധാന നേട്ടം വിലക്കുറവാണെന്നു വൈറ്റ് മാർട്ട് വിൽപനശാലകളുടെ ശൃംഖലയ്‌ക്കു നേതൃത്വം നൽകുന്ന ലാൻ മാർക്ക് ഷോപ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ജെറി മാത്യു പറയുന്നു. ഇതേ ഉൽപന്നങ്ങൾ ഇത്രയും വിലക്കുറവോടെ മറ്റു സംസ്‌ഥാനങ്ങളിലെങ്ങും നിർമാതാക്കൾ ലഭ്യമാക്കുന്നില്ലെന്നതാണു കാരണം. ‘എക്‌സ്‌റ്റൻഡഡ് വാറന്റി’യും ഓണ വിപണിയിലെ മാത്രം സൗജന്യമാണ്.

വാർഷിക വിൽപനയും ഓണവിൽപനയും [തുക കോടിയിൽ]

ഉൽപന്നം    കഴിഞ്ഞ വർഷത്തെ ആകെ വിൽപന കഴിഞ്ഞ വർഷത്തെ ഓണ വിൽപന

ടെലിവിഷൻ 1156 413

എയർ കണ്ടീഷനർ 1716 337

റഫ്രിജറേറ്റർ 1251 386

വാഷിങ് മെഷീൻ 923 296

മിക്‌സർ, ഗ്രൈൻഡർ തുടങ്ങിയ 

‘സ്‌മോൾ അപ്ലയൻസു’കൾ 412 122

മൊബൈൽ ഫോൺ 7517 2212

ഐടി ഉൽപന്നങ്ങൾ 1362 431

ആകെ 14,337 4197

English Summary:

Kerala Gears Up for Record-Breaking Onam Shopping Season with 30% Sales Surge Predicted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com