ADVERTISEMENT

ടാറ്റാ ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള വിമാനക്കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം അന്തിമഘട്ടത്തിലേക്ക്. വിസ്താരയിൽ 49% ഓഹരി പങ്കാളിത്തമുള്ള സിംഗപ്പുർ എയർലൈൻസിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയിൽ സിംഗപ്പുർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തം ലഭിക്കും. ഇതിനായി അവർ 2,059 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും നടത്തും. ഇത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇനി വേണ്ടത്.

ഈ വർഷം ദീപവലിക്ക് (ഒക്ടോബർ-നവംബർ) ശേഷം ലയനം നടന്നേക്കും. ഉൽസവകാലത്തെ തിരക്കിനെ ബാധിക്കാതിരിക്കാനാണ് ലയനം ദീപാവലിക്ക് ശേഷമാക്കുന്നത്. ലയനശേഷം വിസ്താര എയർലൈൻസ് ഇല്ലാതാകും. ലയനത്തിന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തുടങ്ങിയവയുടെ അനുമതി ലഭിച്ചിരുന്നു. 74.9% ഓഹരികൾ ടാറ്റാ ഗ്രൂപ്പിനായിരിക്കും. ലയനശേഷം വിമാനങ്ങളുടെ നമ്പറുകളിലും സമയക്രമത്തിലും മാറ്റമുണ്ടാകും. വിസ്താരയുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും മറ്റും പുതിയ നമ്പറും സമയവും സംബന്ധിച്ച് അറിയിപ്പ് നൽകും.  

vistara-plane

ലയനശേഷവും വിസ്താരയുടെ 70ഓളം വരുന്ന വിമാനത്തിന്റെ രൂപകൽപനയിൽ അതിവേഗം മാറ്റംവരുത്തില്ല. ഒറ്റയടിക്ക് എല്ലാ വിമാനങ്ങളും എയർ ഇന്ത്യയുടെ രൂപകൽപനയിലേക്ക് മാറ്റുന്നത് പ്രായോഗികവുമല്ല. പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഓരോ വിമാനങ്ങളും എത്തിക്കുന്ന മുറയ്ക്കായിരിക്കും പെയിന്റുകൾ മാറ്റി എയർ ഇന്ത്യയുടേത് പോലെയാക്കുക. ലയനത്തിന്റെ പ്രാഥമിക നടപടികൾക്ക് എയർ ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വിസ്താര ജീവനക്കാരെ ഗുരുഗ്രാമിലെ എയർ ഇന്ത്യയുടെ പുതിയ കാര്യാലയത്തിലേക്ക് മാറ്റിയിരുന്നു. എയർ ഇന്ത്യയും വിസ്താരയും ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതിയും (വിആർഎസ്) പ്രഖ്യാപിച്ചിരുന്നു.

ഈ വർഷം മാർച്ചോടെ ലയനം നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും നീളുകയായിരുന്നു. 2021 ഒക്ടോബറിലാണ് കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളും ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ലയനശേഷം സംയോജിതമായി 200ലധികം വിമാനങ്ങളോടെ ഇന്ത്യയിലെ രണ്ടാമത്തെ ശക്തമായ വിമാനക്കമ്പനിയും വിദേശ സർവീസുകളുള്ള ഏറ്റവും വലിയ വിമാനക്കമ്പനിയുമായി എയർ ഇന്ത്യ മാറും. ആഭ്യന്തര സർവീസുകളിൽ ഒന്നാംസ്ഥാനത്ത് ഇൻഡിഗോയാണ്.

English Summary:

Air India and Vistara's merger enters final stage, with Singapore Airlines approval expected soon. This integration will make Air India India's second-largest airline.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com