'പാക്കിസ്ഥാന് വേണം മോദിയെ പോലൊരു പ്രധാനമന്ത്രി'; ആവശ്യവുമായി പാക് വ്യവസായി
Mail This Article
നരേന്ദ്ര മോദിയെ പോലാരു പ്രധാനമന്ത്രിയെയാണ് പാക്കിസ്ഥാന് വേണ്ടതെന്ന് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പാക് വ്യവസായി. മോദിയുടെ കീഴിൽ ഇന്ത്യ ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിക്കുന്നത്. മോദിയുടെ ദേശീയവാദം യുസിലെ ഇന്ത്യക്കാരെ പോലും ഹരം കൊള്ളിക്കുന്നു. യുഎസിലെ പ്രധാന ബിസിനസ് രംഗത്തെല്ലാം ഇപ്പോൾ നേതൃസ്ഥാനങ്ങളിൽ ഇന്ത്യക്കാരെ കാണാം. ഒരു രാജ്യം എത്ര ശക്തമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഡോണൾഡ് ട്രംപിന്റെ അനുകൂലി കൂടിയായ സാജിദ് തരാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ആവശ്യങ്ങൾ വാങ്ങിയടുക്കാനുള്ള ശേഷിയാണ് (ലോബിയിങ് ശേഷി) ഒരു രാജ്യത്തിന്റെ ശക്തി. അത് ഇന്ത്യക്കുണ്ട്. യുഎസ് ടെക് മേഖലയിലെ ഇന്ത്യക്കാരുടെ ആധിപത്യവും അത് കാണിക്കുന്നു. ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്റെ കീഴിൽ തന്നെ ഐഐടികളും ഐഐഎമ്മുകളും സ്ഥാപിച്ച് ഇന്ത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയത് ഓർക്കണം. ദീർഘകാല വീക്ഷണത്തോടെയുള്ള അത്തരം നടപടികളാണ് ഇന്നത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിൽ. ഇത് മാതൃകയായി കണ്ട് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നലിന് പാക്കിസ്ഥാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ അനുകൂലിക്കുന്ന അമേരിക്കൻ മുസ്ലിംസ് ഫോർ ഡോണൾഡ് ട്രംപ് എന്ന സംഘടനയുടെ സ്ഥാപകനുമാണ് സാജിദ്. 1990കളിലാണ് സാജിദ് യുഎസിൽ എത്തിയത്. അമേരിക്കയെ വീണ്ടും പ്രതാപത്തിലേക്ക് നയിക്കാൻ ട്രംപിന് കഴിയും. ട്രംപ് വീണ്ടും പ്രസിഡന്റാവുന്നത് ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഊർജമാകും. ട്രംപ് ഒരിക്കലും കുടിയേറ്റത്തിന് എതിരല്ലെന്നും സാജിദ് അഭിപ്രായപ്പെട്ടു.