ഷാറുഖ്, ബച്ചൻ, ഹൃതിക്, ജൂഹി ചൗള, കരൺ ജോഹർ: ഹുറൂൺ പട്ടികയ്ക്ക് ബോളിവുഡ് താരത്തിളക്കം
Mail This Article
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം സ്വന്തമാക്കിയ ഈ വർഷത്തെ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ബോളിവുഡ് താരത്തിളക്കവും. ബോളിവുഡിന്റെ കിങ് ഷാറുഖ് ഖാൻ ആദ്യമായി ഇടംപിടിച്ച പട്ടികയിൽ അമിതാഭ് ബച്ചനും കരൺ ജോഹറും ഹൃതിക് റോഷനും ജൂഹി ചൗളയുമുണ്ട്.
7,300 കോടി രൂപയുടെ ആസ്തിയുമായി ഷാറുഖ് ആണ് ഇവരിൽ മുന്നിൽ. ചലച്ചിത്രതാരം എന്നതിന് പുറമേ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ഐപിൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എന്നിവയുടെ ഉടമയുമാണ് ഷാറുഖ്. 4,600 കോടി രൂപ ആസ്തിയുമായി രണ്ടാമതുള്ള ജൂഹി ചൗളയും കുടുംബവും നൈറ്റ്റൈഡേഴ്സിന്റെ സഹ ഉടമകളാണ്.
2,000 കോടി രൂപ ആസ്തിയുമായി ഹൃതിക് റോഷനാണ് മൂന്നാമത്. എച്ച്ആർഎക്സ് എന്ന സ്പോർട്സ് ഉൽപന്ന ബ്രാൻഡ് ഹൃതിക്കിനുണ്ട്. അമിതാഭ് ബച്ചനും കുടുംബവുമാണ് നാലാംസ്ഥാനത്ത്. ആസ്തി 1,600 കോടി രൂപ. ധർമ പ്രൊഡക്ഷൻസ് മേധാവിയും സംവിധായകനുമായ കരൺ യാഷ് ജോഹറാണ് 1,400 കോടി രൂപയുമായി അഞ്ചാമതുള്ളത്.
1,000 കോടി ആസ്തിയുള്ളവർ 1,539 പേർ
ഇത്തവണത്തെ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ 1,000 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ളവർ 1,539 പേരാണ്. 2023ൽ 1,319 പേരായിരുന്നു. 2012ൽ 100 പേരും 2014ൽ 230 പേരുമാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. 5,000 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ള 534 പേരുണ്ട് ഈ വർഷം. കഴിഞ്ഞവർഷം 408 പേരായിരുന്നു. ഡോളർ ബില്യണയർമാർ (100 കോടി ഡോളറിലധികം ആസ്തിയുള്ളവർ/അഥവാ 8,400 കോടി രൂപയ്ക്കുമേൽ ആസ്തിയുള്ളവർ) ഈ വർഷത്തെ പട്ടികയിൽ 334 പേരുണ്ട്. 2023ൽ 259 പേരായിരുന്നു.
സമ്പന്നരിൽ ചെറുപ്പക്കാർ കുറവ്
ഈ വർഷത്തെ പട്ടിക പ്രകാരം സമ്പന്നരിൽ 79 ശതമാനവും 50നുമേൽ പ്രായമുള്ളവരാണ്. 61-70ന് ഇടയിൽ പ്രായമുള്ളവരാണ് 32.7% പേർ. 41-50ന് ഇടയിൽ പ്രായമുള്ളവർ 8.5%. 31-40ന് ഇടയിൽ പ്രായമുള്ളവർ 3.2%. 30ന് താഴെയുള്ളവർ 0.6% മാത്രം.
സെപ്റ്റോ സാരഥിയും 21കാരനുമായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരൻ. സെപ്റ്റോയുടെ തന്നെ ആദിത് പലീചയാണ് 22 വയസുമായി രണ്ടാംസ്ഥാനത്ത്.