വിസ്താര എയർലൈൻസ് ഓർമയാകും; എയർ ഇന്ത്യയിൽ ലയിക്കും
Mail This Article
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് നവംബർ 12ന് ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായി ലയിക്കും. 12 മുതൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിലായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. സെപ്റ്റംബർ 3 മുതൽ വിസ്താരയിൽ ബുക്ക് ചെയ്യുന്നവർക്ക് നവംബർ 11 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് മാത്രമേ എടുക്കാൻ കഴിയൂ. അതിനു ശേഷമെങ്കിൽ എയർ ഇന്ത്യയിൽ ബുക്ക് ചെയ്യണം. നവംബർ 12 മുതലുള്ള ഏതെങ്കിലും തീയതിയിലേക്ക് നിലവിൽ വിസ്താര ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ആ യാത്ര എയർ ഇന്ത്യയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
2013ൽ ആരംഭിച്ച വിസ്താരയിൽ 49% ഓഹരിയുണ്ടായിരുന്ന സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1% ഓഹരിപങ്കാളിത്തം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട 2,059 കോടി രൂപയുടെ അധിക വിദേശനിക്ഷേപത്തിന് കേന്ദ്രം അനുമതി നൽകി. വിസ്താര വിമാനങ്ങളുടെ ‘യുകെ’ (UK) എന്ന ഫ്ലൈറ്റ് കോഡ് നവംബർ 12 മുതൽ എയർ ഇന്ത്യയുടെ എഐ (AI) ആയി മാറും.
വിസ്താര എയർ ഇന്ത്യയിലും എയർ ഏഷ്യ ഇന്ത്യ (എഐഎക്സ് കണക്ട്) എയർ ഇന്ത്യ എക്സ്പ്രസിലും ലയിപ്പിച്ച് 2 വിമാനക്കമ്പനികളാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.
മാറ്റങ്ങൾ ഇങ്ങനെ
∙ ടിക്കറ്റ്: നവംബർ 11 വരെയുള്ള വിസ്താര ടിക്കറ്റുകൾക്കോ പിഎൻആർ നമ്പറിനോ മാറ്റമുണ്ടാകില്ല. 12 മുതലാണ് യാത്രയെങ്കിൽ നിങ്ങൾ എയർ ഇന്ത്യയുടെ പേരിൽ പുതിയ ഇ–ടിക്കറ്റ് ലഭിക്കും. പിഎൻആർ നമ്പർ പഴയതു തന്നെയായിരിക്കും. വിമാനത്താവളത്തിലെത്തുമ്പോൾ എയർ ഇന്ത്യയുടെ കൗണ്ടറിൽ പോകണം.
∙ ക്ലബ് വിസ്താര: വിസ്താരയുടെ 'ക്ലബ് വിസ്താര' ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ ‘ഫ്ലൈയിങ് റിട്ടേൺസ് പ്രോഗ്രാമി’ൽ ലയിക്കും.
∙ ഫ്ലൈറ്റ്: നവംബർ 12നു ശേഷമുള്ള യാത്രകൾക്ക് ഉപയോഗിക്കുന്നത് എയർ ഇന്ത്യയുടേതാണോ വിസ്താരയുടേതാണോയെന്ന് മുൻകൂറായി അറിയാനാകില്ല. ലഭ്യത അനുസരിച്ചായിരിക്കും ഷെഡ്യൂളിങ്. 12നു ശേഷമുള്ള യാത്രകളുടെ ‘ഫ്ലൈറ്റ് സ്റ്റേറ്റസ്’ എയർ ഇന്ത്യ വെബ്സൈറ്റിലായിരിക്കും ലഭ്യമാവുക.
∙ റീഷെഡ്യൂളിങ്: നവംബർ 11 വരെയുള്ള യാത്രകൾ പുനഃക്രമീകരിക്കാനും റദ്ദാക്കാനും വിസ്താരയുടെ കോൾ സെന്ററിൽ (+91 9289228888) ബന്ധപ്പെടുക. 12 മുതലുള്ള യാത്രകൾക്ക് എയർ ഇന്ത്യയെ വിളിക്കാം (+91 116 932 9333).
∙ വെബ് ചെക്ക്–ഇൻ: നവംബർ 11 വരെയുള്ള യാത്രകളുടെ വെബ് ചെക്ക്–ഇൻ വിസ്താര സൈറ്റിലൂടെയോ ആപ്പിലൂടെയോ ചെയ്യാം.
∙ ലഗേജ്: വിസ്താരയിൽ ബുക്ക് ചെയ്യുമ്പോൾ ലഭിച്ച ലഗേജ് ആനുകൂല്യം എയർ ഇന്ത്യയിലേക്ക് മാറുമ്പോഴും ലഭ്യമായിരിക്കും.
∙ സീറ്റ്/ലൗഞ്ച്/ഭക്ഷണം/ഇൻഷുറൻസ്: ഫ്രീ സീറ്റ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നവംബർ 12നു ശേഷവും അത് ലഭ്യമാകും. പെയ്ഡ് സീറ്റ് എങ്കിൽ തുക മടക്കിനൽകും. പകരം ഒരു കോംപ്ലിമെന്ററി സീറ്റ് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത് വിസ്താര ലൗഞ്ച് സൗകര്യം 12ന് ശേഷമുള്ള യാത്രകൾക്ക് ലഭ്യമാകില്ല. ഈ തുകയും മടക്കിനൽകും. ഭക്ഷണം സംബന്ധിച്ച് ബുക്കിങ് സമയത്ത് നൽകിയ മുൻഗണനയ്ക്ക് മാറ്റമുണ്ടാകില്ല. വിസ്താര ബുക്കിങ്ങിൽ എടുത്ത ട്രാവൽ ഇൻഷുറൻസ് എയർ ഇന്ത്യ യാത്രയിലും ബാധകമായിരിക്കും.