വിജയത്തിന് പുതിയ താക്കോൽ, അതിവേഗ വളര്‍ച്ച ലക്ഷ്യം : ആര് ആന്‍ഡ് ഡി ചെലവിടല്‍ ഉയര്‍ത്തി റിലയന്‍സ്
Mail This Article
ഒരു വില്പത്രം പോലും എഴുതിവയ്ക്കാതെയാണ് മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും പിതാവ് ധീരുഭായ് അംബാനി 2002ല്‍ വിട പറഞ്ഞത്. റിലയന്‍സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുസഹോദരങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. ഒടുവില്‍ അമ്മ കോകിലെബന്‍ ഇടപെട്ടു, ബിസിനസ് വിഭജനമായിരുന്നു പരിഹാരം.
എണ്ണ, പെട്രോകെമിക്കല്‍സ്, റിഫൈനിങ്, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളായിരുന്നു മുകേഷിന് ലഭിച്ചത്. അനിലിനാകട്ടെ അന്ന് വലിയ സാധ്യതകളുണ്ടായിരുന്ന ഇലക്ട്രിസിറ്റി, ടെലികോം, ധനകാര്യസേവനം തുടങ്ങിയവയും. 2008ല്‍ ലോകത്തെ അതിസമ്പന്നരില്‍ എട്ടാമനായി ഫോബ്സ് അനില്‍ അംബാനിയെ രേഖപ്പെടുത്തി. 42 ബില്യണ്‍ ഡോളറായിരുന്നു അന്നദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആസ്തി ചോര്‍ന്ന് വട്ടപ്പൂജ്യമായത്. മുകേഷ് അംബാനിയാകട്ടെ ലോക സമ്പന്നപട്ടികയില്‍ കുതിച്ചു, ഏഷ്യന്‍, ഇന്ത്യന്‍ സമ്പന്ന പട്ടികകളില്‍ മുന്‍നിരയിലെത്തി. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരനായി മാറി.
കാലത്തിന് അനുസരിച്ച് അതിവേഗം ബിസിനസുകളില്‍ മാറ്റം വരുത്തിയതാണ് മുകേഷിന് തുണയായത്. ഫ്യൂച്ചറിസ്റ്റിക്കായി ചിന്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് റിലയന്‍സ് ജിയോ. എണ്ണ അധിഷ്ഠിത കമ്പനി എന്നതില്‍ നിന്ന് മാറി നാളെയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ റിലയന്‍സ് ശ്രമിക്കുന്നു.
മാറ്റം തുടര്‍ക്കഥ
ഓഗസ്റ്റ് 29നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം. റിലയന്‍സിനെ സംബന്ധിച്ച പ്രധാന കാര്യങ്ങളും ഭാവി പദ്ധതികളുമെല്ലാം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഖജനാവിലേക്ക് 5.5 ലക്ഷം കോടി രൂപയാണ് നികുതിയിനത്തിലും മറ്റുമായി റിലയന്‍സ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 5.28 ലക്ഷം കോടി രൂപയാണ് റിലയന്‍സ് നടത്തിയ നിക്ഷേപം. രാജ്യത്ത് ഏറ്റവും നികുതി നല്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പ് മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.
എന്നാല്‍ അംബാനിയുടെ പ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയമായ ഒരു കാര്യമുണ്ടായിരുന്നു. ലോകത്തിലെ ടോപ് 30 കമ്പനികളിലൊന്നായി മാറും റിലയന്‍സ് എന്നതായിരുന്നു അത്. ഭാവിയിലെ അതിവേഗ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നാണ് അംബാനി വ്യക്തമാക്കിയത്.
ആര് ആന്‍ഡ് ഡി എന്ന താക്കോല്‍
അത്യാധുനിക സാങ്കേതികവിദ്യയുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡീപ് ടെക് കമ്പനിയായി പരിവര്‍ത്തനം ചെയ്യുകയാണ് റിലയന്‍സിന്റെ ലക്ഷ്യമെന്ന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തിനിടെ പ്രഖ്യാപിച്ചു. പരമ്പരാഗത ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ചിന്താ പദ്ധതികളില്‍ കാര്യമായ മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണത്. പതിറ്റാണ്ടുകള്‍ ലാഭകരമായി നിലനില്‍ക്കുന്ന കമ്പനികള്‍ ഏറ്റവുമധികം ചെലവിടല്‍ നടത്തുന്നത് ഗവേഷണ വികസനം അഥവാ ആര് ആന്‍ഡ് ഡി (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്)യിലാണ്. എന്നാല്‍ പൊതുവേ ഇന്ത്യന്‍ കമ്പനികള്‍ ഇതിനോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
കോവിഡിന് മുമ്പുള്ള കണക്കനുസരിച്ച് കേവലം 1.2 ട്രില്യണ്‍ രൂപ മാത്രമായിരുന്നു ഇന്ത്യ ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നത്. 1995ന് ശേഷം ഇന്ത്യയുടെ ആര് ആന്‍ഡ് ഡി ചെലവിടല്‍ .7 ശതമാനത്തില്‍ മുരടിച്ച് നില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് കുറച്ചെങ്കിലും മാറ്റം സംഭവിക്കാന്‍ തുടങ്ങിയത്. ഇതില്‍ തന്നെ സ്വകാര്യ കമ്പനികളുടെ സംഭാവന വളരെ കുറവായിരുന്നു.
ആര് ആന്‍ഡ് ഡി ചെലവിടല്‍ കൂടുമോ
2023ലെ കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആര് ആന്‍ഡ് ഡിക്കായി ചെലവഴിച്ചത് 363 മില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ .3 ശതമാനം മാത്രമായിരുന്നു ആ തുക. ഇക്കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞ കണക്കനുസരിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ആര് ആന്‍ഡ് ഡി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 3643 കോടി രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റിലയന്‍സ് ചെലവഴിച്ച തുക 11,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 1,000 ശാസ്ത്രഞ്ജരും ഗവേഷണകരും വിവിധ പദ്ധതികളിലായി റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോയ വര്‍ഷം മാത്രം 2,555 പുതിയ പേറ്റന്റുകള്‍ ബയോ എനര്‍ജി, സോളാര്‍, ഹരിതോര്‍ജം തുടങ്ങിയ നവമേഖലകളിലായി റിലയന്‍സ് നേടി. 6ജി, 5ജി, എഐ-ലാര്‍ജ് ലാംഗ്വേജ് മോഡല്‍സ്, എഐ ഡീപ് ലേണിങ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളില്‍ നിരവധി പുതിയ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് മുകേഷ് അംബാനി.
ടോപ് 30 സ്വപ്നം
ആഗോള തലത്തിലെ ടോപ് 500 കമ്പനികളിലെത്താന് രണ്ട് പതിറ്റാണ്ടിലധികം കാലമെടുത്തു റിലയന്‍സ് ഇന്‍ഡസ്ട്രീസ്. തുടര്‍ന്നുള്ള രണ്ട് ദശാബ്ദങ്ങളില്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 50 കമ്പനികളുടെ ലീഗില്‍ റിലയന്‍സ് ഇടം നേടി. അതിവേഗം ടോപ് 30 കമ്പനികളിലൊന്നായി മാറുകയാണ് പുതിയ ലക്ഷ്യമെന്ന് അംബാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് പരമ്പരാഗത ബിസിനസ് മേഖലകളിലായിരിക്കില്ല. ഒരു ഡീപ് ടെക് കമ്പനിയായി പരിവര്‍ത്തനം ചെയ്തുള്ള മുന്നേറ്റമായിരിക്കും അതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി റിലയന്‍സ് ഗ്രൂപ്പ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഗവേഷണ വികസന പ്രവര്ത്തനങ്ങളിലായിരിക്കുമെന്ന് വേണം കരുതാന്‍. അതിന് മുന്നോടിയായാണ് ആര് ആന്‍ഡി ഡിക്കുള്ള ചെലവിടല്‍ പടി പടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
എഐ ലൈഫ്സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് അടുത്തിടെ ജിയോ ബ്രെയിന്‍ എന്ന പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നുവെന്ന് അംബാനി പറഞ്ഞത്. താങ്ങാവുന്ന ചെലവില്‍ എല്ലാവരിലേക്കും എഐ എത്തിക്കുകയെന്ന വലിയ പദ്ധതിയാണിത്. ടെലികോമില്‍ സംഭവിച്ച 'ഡിസ്റപ്ഷന്' ഇതിലും ആവര്‍ത്തിക്കുമോയെന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.