ADVERTISEMENT

തിരുവനന്തപുരം∙ ഓണത്തിനു മുൻപേ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളിൽ മട്ട അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടാൻ സർക്കാർ അനുമതി. കിലോഗ്രാമിന് 30 രൂപയ്ക്കു നൽകിയിരുന്ന മട്ട അരിയുടെ വില 33 രൂപയാകും. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽ നിന്ന് 33 രൂപയാക്കും. നാളെ സപ്ലൈകോയുടെ ഓണച്ചന്തകൾ ആരംഭിക്കും. വില വർധിപ്പിക്കുന്ന തീരുമാനം സപ്ലൈകോ വിൽപനശാലകളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.      

പൊതുവിപണിയിലെ വിലക്കയറ്റം മൂലം പ‍ഞ്ചസാരയുടെയും എഫ്സിഐയിൽ നിന്ന് ഉയർന്ന നിരക്കിൽ വാങ്ങുന്നതിനാൽ സബ്സിഡി പച്ചരിയുടെയും വില വർധിപ്പിക്കേണ്ടി വരുമെന്നു മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഏറെ പ്രിയമുള്ള മട്ട അരിയുടെ കാര്യം പറഞ്ഞില്ല. പച്ചരിക്കും മട്ടയ്ക്കും പുറമേ കുറുവ, ജയ എന്നീ അരി ഇനങ്ങളും സബ്സിഡി ഇനങ്ങളായി സപ്ലൈകോ നൽകുന്നുണ്ട്.

വിതരണക്കാർ കൂടിയ നിരക്ക് ഇ ടെൻഡറിൽ ക്വോട്ട് ചെയ്തതാണ് മട്ട അരി വില കൂട്ടാൻ ഇടയാക്കിയതെന്നു സൂചനയുണ്ട്. വിതരണക്കാർക്കു പണം നൽകാതെ 600 കോടി രൂപയിലേറെ കുടിശിക വന്നതോടെ പലരും ടെൻഡറിൽ പങ്കെടുത്തില്ല. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പൊതുവിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് അതതു മാസം പരിഷ്കരിക്കുന്ന രീതി ഫെബ്രുവരി മുതൽ സപ്ലൈകോ നടപ്പാക്കിയിരുന്നു.

supplyco-jobs

റേഷൻ കട വഴിയുള്ള പഞ്ചസാര വിലയും കൂടും

റേഷൻ കട വഴി മഞ്ഞ കാർഡ് ഉടമകൾക്കു നൽകുന്ന ഒരു കിലോഗ്രാം പഞ്ചസാരയുടെ വിലയും വർധിപ്പിക്കും. നിലവിൽ കിലോയ്ക്ക് 21 രൂപ വിലയുള്ള പഞ്ചസാര 25 രൂപയ്ക്കു നൽകാനാണ് ആലോചന. അന്തിമതീരുമാനമെടുത്തിട്ടില്ല. സപ്ലൈകോയാണ് റേഷൻ കടകളിൽ പഞ്ചസാര എത്തിക്കുന്നത്. 

സപ്ലൈകോയുടെ പ്രതിസന്ധിയും ഉയർന്ന വിലയും മൂലം കഴിഞ്ഞ 10 മാസമായി മഞ്ഞ കാർഡ് ഉടമകൾക്കുള്ള പഞ്ചസാരയുടെ വിതരണം മുടങ്ങിയിരുന്നു.

English Summary:

Supplyco Hiked Prices for subsidized goods Including Rice And Sugar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com