ADVERTISEMENT

കൊച്ചി ∙ ബാങ്കിങ് വ്യവസായത്തിലെ പണലഭ്യതയിൽ അനുഭവപ്പെടുന്ന ഭീമമായ ഇടിവ് ആശങ്കയ്ക്ക് ഇടയാക്കുന്നു.

 കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 2.56 ലക്ഷം കോടി രൂപയായിരുന്ന ലഭ്യത മാസാവസാനത്തോടെ 0.95 ലക്ഷം കോടിയിലേക്കു താഴ്‌ന്നു എന്ന റിപ്പോർട്ടാണ് ആശങ്കയ്‌ക്ക് അടിസ്‌ഥാനം. 

നിക്ഷേപ സമാഹരണത്തിനു ബാങ്കുകൾ നടത്തുന്ന തീവ്രശ്രമത്തിന്റെ ഫലമായി സ്‌ഥിതി മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞ മാസത്തിലുടനീളം പണലഭ്യതയ്‌ക്ക് ഇടിവു നേരിടുകയായിരുന്നെന്ന് പൊതുമേഖലയിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ ഗവേഷണ റിപ്പോർട്ടിലുണ്ട്.

 ഓഗസ്റ്റ് രണ്ടിനു 2.56 ലക്ഷം കോടിയായിരുന്ന ലഭ്യത രണ്ടാഴ്ച പിന്നിട്ടപ്പോഴേക്ക് 1.55 ലക്ഷം കോടിയിലേക്കു താഴ്‌ന്നു. 

പിന്നീടുള്ള രണ്ടാഴ്‌ചയ്‌ക്കകമാണു ലഭ്യത ഒരു ലക്ഷം കോടിക്കും താഴെ എത്തിയത്.

Representative image by: istock
Representative image by: istock

നിക്ഷേപകർക്ക് ഭയം വേണ്ട

അതേസമയം, പണലഭ്യതയിലെ കുറവ് ബാങ്കിങ് വ്യവസായത്തിന്റെ ചില പോരായ്‌മകൾ വ്യക്‌തമാക്കുന്നുണ്ടെങ്കിലും നിക്ഷേപകരെ  ഒരുതരത്തിലും ബാധിക്കില്ല. ബാസൽ – 3 നിഷ്‌കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമാണു ബാങ്കിങ് മേഖലയുടെ പ്രവർത്തനം. പണലഭ്യത ഉറപ്പാക്കുന്ന കർക്കശമായ വ്യവസ്‌ഥകളാണു നിയന്ത്രണങ്ങളുടെ ഭാഗമായുള്ളത്. 2008ൽ അമേരിക്കയിലെ ബാങ്കുകൾ പണലഭ്യതയിൽ പ്രതിസന്ധി നേരിടുകയുണ്ടായി. ഇതെത്തുടർന്നാണു രാജ്യാന്തര ബാങ്കിങ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ബാസൽ സമിതി കൂടുതൽ കർക്കശ വ്യവസ്‌ഥകൾ അടുത്ത വർഷം ഏർപ്പെടുത്തിയത്. ഇതനുസരിച്ചു ബാങ്കുകൾ 30 ദിവസത്തേക്ക് ആവശ്യമായിവരുന്ന ചെലവുകൾക്കു തുല്യമായ തുകയെങ്കിലും കരുതലായി നീക്കിവച്ചിരിക്കണം.

നിക്ഷേപം കൂട്ടാൻ ഊർജിത ശ്രമം

അതിനിടെ, ബാങ്കുകൾ വിവിധ മാർഗങ്ങളിലൂടെയുള്ള നിക്ഷേപ സമാഹരണ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കൂടിയ പലിശ വാഗ്‌ദാനം ചെയ്യുന്ന സ്‌പെഷൽ ഫിക്‌സ്‌ഡ് ഡിപ്പോസിറ്റ് (എസ്‌എഫ്‌ഡി) പദ്ധതികൾ ഇതിന്റെ ഭാഗമാണ്. ഗാർഹിക സമ്പാദ്യത്തിൽ പ്രമുഖമായ പങ്ക് ഇപ്പോഴും ബാങ്ക് നിക്ഷേപത്തിനു തന്നെയാണെങ്കിലും ഓഹരി വിപണിയിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും പെൻഷൻ ഫണ്ടുകളിലേക്കുമൊക്കെ വലിയ തോതിൽ പണം വഴിമാറി ഒഴുകുന്നതാണു ബാങ്കുകൾക്കു വെല്ലുവിളിയാകുന്നത്.

investment

നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിലെ ഏറ്റവും മോശമായ നിലയിലെത്തിയ പശ്‌ചാത്തലത്തിൽ സമാഹരണം ഊർജിതമാക്കാൻ ബാങ്കുകൾക്കുമേൽ കനത്ത സമ്മർദമുണ്ട്. 

English Summary:

Decline in liquidity of banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com