ഡിമാറ്റ് അക്കൗണ്ടുകള് കുതിക്കുന്നു, രാജ്യത്തെ ഓഹരി നിക്ഷേപകർ 17 കോടി
Mail This Article
കൊച്ചി∙ ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. ഇലക്ട്രോണിക് ഫോമിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്. ഓഹരി വിപണിയിൽ വലിയ അനിശ്ചിതത്വങ്ങളുണ്ടായ ഓഗസ്റ്റിലും ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടുന്നത് ഓഹരി നിക്ഷേപത്തിലേക്കിറങ്ങുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വൻവർധനയയാണു സൂചിപ്പിക്കുന്നത്. ജൂലൈ മാസത്തിൽ 44.44 ലക്ഷം അക്കൗണ്ടുകളാണു തുടങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 31 ലക്ഷം അക്കൗണ്ടുകളാണ് തുറന്നത്. അക്കൗണ്ട് തുടങ്ങൽ ലളിതമായതും ഓഹരി നിക്ഷേപത്തെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അറിവു ലഭിച്ചതും വിപണികളിൽ നിന്നു മികച്ച നേട്ടമുണ്ടാകുന്നതും വ്യക്തിഗത നിക്ഷേപകർ ഒന്നിലേറെ അക്കൗണ്ടുകൾ കുടുംബാംഗങ്ങളുടെയും മറ്റും പേരിൽ തുടങ്ങുന്നതുമെല്ലാം അക്കൗണ്ടുകളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
∙റഷ്യയുടെ ജനസംഖ്യയെക്കാൾ നിക്ഷേപകർ
രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റഷ്യ, ഇത്യോപ്യ, മെക്സിക്കോ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ. ഡിമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ബംഗ്ലദേശിന്റെ ജനസംഖ്യയുടെ അത്രയും വരും.
∙അതിവേഗ വളർച്ച
2023 ജനുവരിയിൽ മുതൽ തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 6 കോടിയിലധികം. കഴിഞ്ഞ ആറു മാസത്തിലും 40 ലക്ഷത്തിലധികം പുതിയ അക്കൗണ്ടുകൾ വീതം. 2023 ജനുവരിയിൽ 22 ലക്ഷം പുതിയ അക്കൗണ്ടുകളെങ്കിൽ 2024 ജനുവരിയിൽ 47 ലക്ഷത്തോളം അക്കൗണ്ടുകൾ.
∙3.18 കോടി ഈ വർഷം.
ഈ വർഷം ഇതുവരെ തുറന്നത് 3.18 കോടി ഡിമാറ്റ് അക്കൗണ്ടുകൾ. കഴിഞ്ഞ വർഷം ആകെ തുറന്ന അക്കൗണ്ടുകളെക്കാൾ കൂടുതലാണിത്. 2023 ൽ 3.10 കോടി പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുടങ്ങി.