മൂന്നാം നാളിലും അനങ്ങാതെ സ്വർണ വില; പൊന്നിന് ഈ വ്യാഴാഴ്ച നിർണായകം
Mail This Article
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും 'താൽകാലിക' ആശ്വാസവുമായി തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വർണ വില. ഗ്രാമിന് 6,680 രൂപയിലും പവന് 53,440 രൂപയിലുമാണ് ഇന്നും കേരളത്തിൽ വ്യാപാരം. 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് 57,850 രൂപ കൊടുത്താൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,231 രൂപ.
18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,540 രൂപ. കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വെള്ളി വിലയും ഗ്രാമിന് 89 രൂപയിൽ തന്നെ വ്യാപാരം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,500 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇന്ന് 2,507 ഡോളർ വരെ ഉയർന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,501 ഡോളറിൽ.
അമേരിക്ക വലയ്ക്കുമോ മല്ലയ്യാ!
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയുടെ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവിന്റെ പണനയ സമിതി ഈ മാസം 17-18 തീയതികളിൽ യോഗം ചേരുന്നുണ്ട്. പണപ്പെരുപ്പം കുറയുന്നതിനാലും അമേരിക്കൻ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിന്റെ പടിവാതിലിൽ നിൽക്കുന്നതിനാലും ആശ്വാസ നടപടിയെന്നോണം ഫെഡറൽ റിസർവ് പലിശഭാരം കുറച്ചേക്കുമെന്നാണ് സൂചനകൾ.
അമേരിക്ക പലിശ കുറച്ചാൽ അത് സ്വർണ വില കൂടാൻ ഇടവരുത്തും. കാരണം, പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴും. ഡോളറും ദുർബലമാകും. ബോണ്ടിലും ഡോളറിലുമുള്ള നിക്ഷേപം അതോടെ അനാകർഷകമാകും. ഫലത്തിൽ, നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് മാറും. സ്വർണ വില കൂടുകയും ചെയ്യും.
കാതോർക്കാം വ്യാഴാഴ്ചയിലേക്ക്
പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം. ജൂലൈയിൽ ഇത് 2.9 ശതമാനമായിരുന്നു. ഓഗസ്റ്റിലെ കണക്ക് ഈ വ്യാഴാഴ്ച അറിയാം. ഓഗസ്റ്റിലും പണപ്പെരുപ്പക്കണക്ക് ആശ്വാസതലത്തിൽ ആയിരിക്കുമെന്നാണ് ഫെഡറൽ റിസർവിന്റെ പ്രതീക്ഷ. ഇതുമൂലം ചില സർവേകൾ 18ന് പലിശ കുറയ്ക്കാനുള്ള സാധ്യത 70 ശതമാനമാണെന്നും വിലയിരുത്തുന്നുണ്ട്.
70% പേർ പലിശനിരക്ക് 0.25 ശതമാനവും 30 ശതമാനം പേർ 0.50 ശതമാനവും പലിശ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പലിശനിരക്ക് എത്രത്തോളം കുറയുന്നോ അതിന് ആനുപാതികമായി സ്വർണ വില കുതിക്കും. അതേസമയം, പ്രതീക്ഷകൾ അട്ടിമറിച്ച് പണപ്പെരുപ്പം കൂടുകയാണ് ചെയ്യുന്നതെങ്കിൽ പലിശഭാരം കുറയ്ക്കാൻ ഫെഡറൽ റിസർവ് മടിച്ചേക്കും. ഇത് സ്വർണ വിലയെ താഴേക്കും നയിക്കും.