ADVERTISEMENT

സവാള കർഷകർക്ക് വൻ ആശ്വാസം സമ്മാനിച്ച് കേന്ദ്രസർക്കാർ കയറ്റുമതിത്തീരുവ 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വെട്ടിക്കുറച്ചു. ടണ്ണിന് 550 ഡോളർ എന്ന മിനിമം കയറ്റുമതി വിലയും എടുത്തുകളഞ്ഞു. ഇതോടെ ഇനി കയറ്റുമതി കൂടുതൽ സജീവമാക്കാനും മെച്ചപ്പെട്ട വരുമാനം നേടാനും കർഷകർക്ക് സാധിക്കും. കേന്ദ്രം നിയന്ത്രമം ഏർപ്പെടുത്തിയതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ഇന്ത്യയുടെ സവാള കയറ്റുമതി വരുമാനം മുൻവർഷത്തെ 4,523 കോടി രൂപയിൽ നിന്ന് 3,923 കോടി രൂപയായി കുറഞ്ഞിരുന്നു. കയറ്റുമതി അളവാകട്ടെ 25.25 ലക്ഷം ടണ്ണിൽ നിന്ന് 17.17 ലക്ഷം ടണ്ണിലേക്കും ഇടിഞ്ഞിരുന്നു.

നടപ്പുവർഷം (2024-25) ഏപ്രിൽ-ജൂണിൽ കയറ്റുമതി വരുമാനം 744.28 കോടി രൂപയാണ്. കയറ്റുമതിത്തീരുവ കുറച്ചതോടെ രാജ്യാന്തര വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷകൾ. നിലവിൽ മറ്റ് കയറ്റുമതി രാജ്യങ്ങളിൽ നിന്നുള്ളയേക്കാൾ നിലവാരം കൂടുതലാണെങ്കിലും ഉയർന്ന വിലയുണ്ടെന്നത് ഇന്ത്യൻ സവാളയ്ക്ക് തിരിച്ചടിയായിരുന്നു. ഉയർന്ന കയറ്റുമതിത്തീരുവയാണ് ഈ വൻ വിലയ്ക്ക് വഴിവച്ചതും. നിലവിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ള സവാളയ്ക്ക് വില ടണ്ണിന് 600 ഡോളറോളമാണ്. ഇന്ത്യൻ സവാളയ്ക്ക് വില 700 ഡോളറും. കയറ്റുമതിത്തീരുവ കുറച്ചതോടെ ഇന്ത്യൻ സവാളയുടെ വിലയും കുറയും.

onion

പ്രമുഖ ഉൽപാദക സംസ്ഥാനമായ മഹാരാഷ്ട്രയിൽ വരൾച്ചമൂലം ഉൽപാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുകയും ചെയ്തതോടെയായിരുന്നു കേന്ദ്രം കയറ്റുമതിക്ക് കഴിഞ്ഞ ഡിസംബറിൽ നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ മേയിൽ നിരോധനം പൂർണമായി നീക്കിയെങ്കിലും 40 ശതമാനം കയറ്റുമതിത്തീരുവ ഏർപ്പെടുത്തി. ഒപ്പം മിനിമം കയറ്റുമതി വിലയായി ടണ്ണിന് 550 ഡോളറും നിശ്ചയിക്കുകയായിരുന്നു.

നിലവിൽ രാജ്യത്ത് ഉൽപാദനവും വിതരണവും മെച്ചപ്പെടുകയും വിലക്കയറ്റം അയയുകയും ചെയ്തതോടെ കേന്ദ്രം കയറ്റുമതിത്തീരുവ കുറയ്ക്കാൻ തയ്യാറായത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന സവാള ഉൽപാദക സംസ്ഥാനങ്ങൾ.

English Summary:

Government Reduces Onion Export Duty. Scraps Minimum Export Price.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com