ADVERTISEMENT

രാജ്യം വളരുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരവും ചെലവഴിക്കൽ ശേഷിയും ഉയരുന്നത് സ്വാഭാവികമാണ്. ഇന്ത്യയുടെ വളർച്ചയ്‌ക്കൊപ്പം ഇവിടുത്തെ വൻകിട ബ്രാൻഡുകളുടെ വിൽപനയും ജനങ്ങളുടെ ഉപഭോഗരീതിയും പരിശോധിച്ചാൽ ഇതു വ്യക്തമാവും. ഈ  മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന മേഖലയാണ് എഫ്എംസിജി അഥവാ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്. 

ഉയർന്ന പണപ്പെരുപ്പം, വരുമാനവളർച്ച കുറഞ്ഞത്, തൊഴിലില്ലായ്മ, കാലാവസ്ഥാ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയെ സ്വാധീനിച്ചപ്പോൾ അത് എഫ്എംസിജി മേഖലയെയും ബാധിച്ചിരുന്നു. ഏപ്രിൽ–ജൂൺ കാലയളവിലെ മേഖലയുടെ പ്രകടനത്തിലും ഇതു കാണാം. എന്നാൽ ഏറ്റവും പുതിയ ബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ച നയങ്ങളും ഒപ്പം മികച്ച മൺസൂണും മേഖലയ്ക്കു പ്രതീക്ഷ നൽകുന്നതാണ്. 

ഗ്രാമങ്ങളിൽ ഉണർവ് 

ഗ്രാമീണമേഖല, സ്ത്രീകൾ, കൃഷി, തൊഴിൽ എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന ബജറ്റ്  പ്രഖ്യാപനങ്ങൾ ജനങ്ങളുടെ വരുമാനം ഉയർത്താൻ കെൽപുള്ളവയാണ്. ഇതിനൊപ്പം പുതിയ നികുതി സ്ലാബിലെ പരിധിമാറ്റവും യുവാക്കളുടെ ചെലവഴിക്കല്‍ ശേഷി ഉയർത്തും. രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 2019 ഓഗസ്റ്റിനുശേഷം ആദ്യമായി 4 ശതമാനത്തിൽ താഴെയായതും പ്രതീക്ഷ പകരുന്നു. എഫ്എംസിജി രംഗം നടപ്പു സാമ്പത്തികവർഷം 7–9 % വരുമാനവളർച്ച നേടുമെന്നാണ് ക്രിസിൽ റേറ്റിങ്സിന്‍റെ വിലയിരുത്തൽ.

ഗ്രാമീണ മേഖലയിലെ ഉണർവും നഗരങ്ങളിലെ സ്ഥിരതയുള്ള വിൽപനയും ആണ് ഇതിനു കാരണമായി ക്രിസിൽ ചൂണ്ടിക്കാണിക്കുന്നത്. ഫൂഡ് & ബിവറേജസ് വിഭാഗം 8–9 ശതമാനവും  പേഴ്സണൽ കെയർ 6–7 ശതമാനവും ഹോംകെയർ രംഗം 8–9 ശതമാനവും വളരുമെന്നാണ് ‍അനുമാനം. എഫ്എംസിജി കമ്പനികളുടെ വിൽപനയിൽ 36% സംഭാവന ചെയ്യുന്നത് ഗ്രാമീണ ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ ഡിമാൻഡ് ഉയരുന്നത് വരുമാനവളര്‍ച്ചയിൽ പ്രതിഫലിക്കും. 

shopping

ഇതിനൊപ്പം രാജ്യത്തെ മിഡിൽ ക്ലാസ്/ അപ്പർ മിഡിൽ ക്ലാസിനിടയിൽ നടക്കുന്ന പ്രീമിയമൈസേഷന്‍, അതായത് മെച്ചപ്പെട്ട ബ്രാൻഡുകളിലേക്കും പ്രീമിയം ഉൽപന്നങ്ങളിലേക്കും മാറുന്ന രീതി എഫ്എംസിജി കമ്പനികൾക്കു നേട്ടമാണ്. ഉദാഹരണത്തിന് എച്ച്‌യുഎല്ലിന്‍റെ ഉൽപന്നനിരയിൽ പ്രീമിയം വിഭാഗത്തിന്‍റെ വിഹിതം 12 വർഷത്തിനിടയിൽ 22ൽനിന്ന് 35% ആയി ഉയർന്നു. ഇതു തിരിച്ചറിഞ്ഞ് കമ്പനികൾ പ്രീമിയം ഉൽപന്നനിര വിപുലപ്പെടുത്തുകയാണ്. 2021–27 കാലയളവിൽ എഫ്എംസിജി വിപണിയുടെ വരുമാനവളർച്ച 27.9 (സിഎജിആർ) ശതമാനം ആയിരിക്കുമെന്നാണ് ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്‍റെ വിലയിരുത്തൽ. അതായത് 2023ലെ 121.8 ബില്യൺ ഡോളറിൽനിന്ന് 615.87 ബില്യൺ ഡോളറായി വരുമാനം ഉയരും. 

അതേസമയം ഏപ്രിൽ–ജൂൺ കാലയളവിലെ ഒന്നാം പാദ കണക്കുകളുമായി എത്തിയ നീസ്ലിന്‍ ഐക്യൂ റിപ്പോർട്ട് പറയുന്നത് എഫ്എംസിജി രംഗത്തെ വളർച്ച കുറഞ്ഞെന്നാണ്. 4% മാത്രമാണ് ഒന്നാം പാദത്തിലെ വളർച്ച. തൊട്ട് മുൻപാദത്തിൽ ഇത് 6.6% ആയിരുന്നു. നഗരങ്ങളിലേക്കാൾ (2.8%) അധികമാണ് ഗ്രാമീണ മേഖല (5.2%) നേടിയ വളർച്ച. 

ഗ്രാമ–നഗര മേഖലകളിലെ വളർച്ച മുൻപാദത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ, ഇതുകൂടി മുന്നിൽക്കണ്ടാവണം കമ്പനികൾ കൂടുതൽ തുക മാർക്കറ്റിങ്ങിനായി ചെലവഴിച്ചത്. സ്പോർട്സ് ഇവന്റുകൾ, ഇലക്‌ഷൻ തുടങ്ങിയവ പരിഗണിച്ച് പരസ്യങ്ങൾക്ക് ബ്രാൻഡുകൾ പ്രാധാന്യം നൽകിയിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി, ബ്ലിൻകിറ്റ് തുടങ്ങിയവയുടെ പ്രമോഷൻസിനൊപ്പം ഓണം അടക്കമുള്ള ഉത്സവസീസണും ഇതിനൊപ്പം ചേരുമ്പോള്‍ വരുംപാദങ്ങളിൽ വിൽപന ഉയരാൻ സാധ്യതയുണ്ട്.  കഴിഞ്ഞ ഒരു വർക്കാലത്തോളം വിലവർധിപ്പിക്കുന്നതിൽനിന്നു പിൻതിരിഞ്ഞുനിൽക്കുകയായിരുന്നു കമ്പനികൾ. പക്ഷേ, ഈ വർഷം അങ്ങനെയായിരിക്കില്ല. ചെറിയതോതിലാണെങ്കിലും വിലവർധനവ് കമ്പനികളുടെ മാർജിൻ ഉയർത്താൻ സഹായിക്കും.

ദീർഘകാല നിക്ഷേപത്തിന് എഫ്എംസിജി മേഖല അനുയോജ്യം

nifty - 1
15 കമ്പനികളാണ് നിഫ്റ്റി എഫ്എംസിജി സൂചികയിൽ ഇടംനേടിയിട്ടുള്ളത്. മറ്റ് അഞ്ചു കമ്പനികൾ ഇവയാണ്: ബൽറാംപൂർ ചിനി മിൽസ്, മാരികോ, പിജിഎച്ച്എല്‍, റാഡിക്കോ ഖെയ്താൻ, യുണൈറ്റഡ് ബ്രൂവറീസ് . ഇവകൂടാതെ നിരവധി എഫ്എംസിജി കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നടപ്പു സാമ്പത്തികവർഷം ആദ്യപാദത്തിൽ ചില ഉൽപന്ന വിഭാഗങ്ങളിൽ വളർച്ച കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പും വേനല്‍ കനത്തതും അതിനു കാരണമാണ്. എന്നാൽ വരുംപാദങ്ങളിൽ വിൽപന ഉയരുമെന്നുതന്നെയാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിലെ ചെലവഴിക്കൽശേഷിയും അതുവഴി ഡിമാൻഡ് ഉയരുന്നതും നല്ല ലക്ഷണമാണ്. മാത്രമല്ല, സാമ്പത്തികവർഷത്തിന്‍റെ രണ്ടാം പാദത്തിൽ മിക്ക കമ്പനികളും വില ചെറിയരീതിയിൽ ഉയർത്തുമെന്ന സൂചന നൽകിയിട്ടുണ്ട്. വരുമാനം 7–9% വരെ ഉയരാൻ വിലവർധനവ് സഹായിക്കുമെന്നാണ്  ആനന്ദ് റാത്തി ഇൻസ്റ്റിറ്റ്യൂഷണൽ ഇക്യുറ്റീസിൽ റിസർച്ച് അനലിസ്റ്റ് ആയ അജയ് താക്കൂർ പറയുന്നത്. 

1211780245

പാൽ ഉൽപന്നങ്ങൾ, ബിസ്കറ്റ്, ഭക്ഷ്യ എണ്ണ തുടങ്ങിയ വിഭാഗത്തിലൊക്കെ വിലവർധനവ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വിഭാഗത്തിലെല്ലാം വിൽപനാ വളർച്ചയുണ്ട്. നേരിയ വിലവർധനവ് ഉപഭോക്താക്കൾ ഉൾക്കൊള്ളുമെന്നുതന്നെയാണ് പ്രതീക്ഷ.  എഫ്എംസിജി ഓഹരികളിലെ നിക്ഷേപത്തിലേക്കു വന്നാൽ കഴിഞ്ഞ നാലുമാസക്കാലയളവില്‍ ശരാശരി 20–25% നേട്ടം കമ്പനികൾ നൽകിയിട്ടുണ്ട്.

2024–25 രണ്ടാം പകുതിയോടെ ഡിമാൻഡ് മെച്ചപ്പെടുമെന്ന വിലയിരുത്തലും ഓഹരികൾക്കു ഗുണം ചെയ്യും. ഇടക്കാല–ദീർഘകാലയളവിൽ ഓഹരികൾ നിക്ഷേപകർക്കു നേട്ടംനൽകുമെന്നാണ് പ്രതീക്ഷ. ഗ്രാമീണ മേഖലയിൽ വിൽപന ഉയരുന്നതിലൂടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള കമ്പനികളാണ് എച്ച്‌യുഎൽ, ഡാബുർ, ഇമാമി എന്നിവ. ഗോദ്റേജ് കൺസ്യൂമർ, യുണൈറ്റഡ് ബ്രൂവറീസ് എന്നിവയും മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള കമ്പനികളാണെന്ന് അജയ് താക്കൂർ വിലയിരുത്തി.

ന്യൂജൻ ബ്രാൻഡുകളുടെ മത്സരം

ടീംലീസ് സര്‍വീസസിന്റെ റിപ്പോർട്ട് പ്രകാരം 2023 വർഷം രാജ്യത്തെ എഫ്എംസിജി വിപണി 167 ബില്യൺ ഡോളറിന്റേതായിരുന്നു. നമ്മുടെ നാട്ടിലെ ചെറുകിട യൂണിറ്റുകൾ പുറത്തിറക്കുന്ന ഹാൻഡ് വാഷും സോപ്പുമൊക്കെ അടങ്ങുന്ന ബ്രാന്‍ഡഡ് അല്ലാത്തവകൂടി പരിഗണിച്ചാൽ വിപണി ഇതിലും   വലുതാകും. പ്രാദേശിക ബ്രാൻഡുകളുടെ എണ്ണവും വിൽപനയും നാൾക്കുനാൾ ഉയരുകയാണ്. എഫ്എംസിജി വിപണിയുടെ 50% ഉൽപന്നങ്ങളും ഹൗസ്‌ഹോൾഡ് & പഴ്സണൽ കെയര്‍ വിഭാഗത്തിലാണ്. മത്സരം കടുക്കുന്നതും ഈ വിഭാഗത്തിൽതന്നെ.

ഡി2സി ബ്രാൻഡുകൾ

ഡയറക്ട്–ടു–കൺസ്യൂമർ സ്റ്റാർട്ടപ്പുകളിൽ നിന്ന് കടുത്ത മത്സരമാകും ഇനി വൻകിട എഫ്എംസിജി കമ്പനികൾ നേരിടുക. സോഷ്യൽ മീഡിയ–ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർട്ടപ്പ് കമ്പനികൾ വ്യാപകമാവുകയാണ്. ബോംബെ ഷേവിങ് കമ്പനി, ദേസി ഫാം, ഫ്രഷ്–ടു–ഹോം, ഹിമാലയൻ ഓർഗാനിക്സ്, ജിമ്മിസ് കോക്ടെയിൽസ്, എംകഫൈൻ തുടങ്ങിയവ ഉദാഹരണം. 

തൊണ്ണൂറിനു ശേഷം ജനിച്ചവർ ഇന്നു രാജ്യത്തിന്റെ ചെലവഴിക്കൽശേഷിയിൽ നിർണായക സാന്നിധ്യമായി മാറിയിരിക്കുന്നു. അവരുടെ അഭിരുചികള്‍ക്കനുസൃതമായാണ് ഈ സ്റ്റാർട്ടപ്പുകൾ ബ്രാൻഡുകളും ഉൽപന്നങ്ങളും അവതരിപ്പിക്കുന്നത്. വൻകിട ബ്രാൻഡുകളാകട്ടെ മികച്ച ഉൽപന്നങ്ങളിലൂടെ ഇന്ത്യന്‍ കുടുംബങ്ങളുടെ വിശ്വാസ്യത നേടിയെടുത്തുകൊണ്ടു നിൽക്കുന്നു. വർഷങ്ങളായിച്ചെയ്യുന്ന ക്യാംപെയിനുകളിലൂടെ ഉണ്ടായ പ്രശസ്തിയും അവരെ വലിയതോതിൽ സഹായിക്കുന്നുണ്ട്.

ഇത്തരത്തിൽ, നഗരങ്ങളിലെ യുവാക്കളിലുപരി, ഇന്ത്യൻ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനെ ആശ്രയിച്ചിരിക്കും പുതുതലമുറ കമ്പനികളുടെ ദീർഘകാല വിജയ സാധ്യത. ഓഗസ്റ്റിൽ നടന്ന ആനുവൽ ജനറൽ മീറ്റിങ്ങിൽ ദാബുറിന്‍റെ സിഇഒ മോഹിത് മൽഹോത്ര നിക്ഷേപകരോടു പറഞ്ഞത്, ദാബുർ ആകെ എഫ്എംസിജി വിപണിയുടെ 3 ശതമാനത്തിലേക്കു മാത്രമേ എത്തുന്നുള്ളൂ എന്നും ഇനിയും വലിയ അവസരങ്ങള്‍ ഉണ്ടെന്നുമാണ്. വൻകിട കമ്പനികളുടെ വളർച്ചാസാധ്യത അവസാനിക്കുന്നില്ല എന്നുതന്നെയാണ് അതിനർഥം.

(സെപ്റ്റംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിൽ നിക്ഷേപ നിർദ്ദേശമായല്ല  ഓഹരികളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത്. മനോരമ സമ്പാദ്യം മാസികയുടെ വരിക്കാരാവാൻ 0481-2587403 എന്ന നമ്പരിൽ ബന്ധപ്പെടുക)

English Summary:

Explore the booming FMCG sector in India, fueled by rising incomes and changing consumer habits. Discover investment opportunities and the impact of D2C brands on established players.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com