ഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; കൂടുന്നൂ കരുതൽ സ്വർണവും
Mail This Article
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയരത്തിൽ. സെപ്റ്റംബർ ആറിന് അവസാനിച്ച ആഴ്ചയിൽ 520 കോടി ഡോളർ ഉയർന്ന് ശേഖരം റെക്കോർഡ് 68,924 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) കുത്തനെ കൂടിയതാണ് ഈ നേട്ടത്തിന് സഹായിച്ചത്. 510 കോടി ഡോളർ ഉയർന്ന് 60,410 കോടി ഡോളറാണ് നിലവിൽ എഫ്സിഎ.
ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണ്യ ആസ്തിയിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആസ്തിയിൽ പ്രതിഫലിക്കും. റിസർവ് ബാങ്കിന്റെ കൈവശമുള്ള കരുതൽ സ്വർണശേഖരം 12.9 കോടി ഡോളർ വർധിച്ച് 6,189 കോടി ഡോളറായി. അതായത് 5.19 ലക്ഷം കോടി രൂപയുടെ സ്വർണം റസിർവ് ബാങ്കിന്റെ കൈവശമുണ്ട്.
ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ മറ്റ് രണ്ട് ഘടകങ്ങൾ കൂടിയുണ്ട്. ഐഎംഎഫിലെ (രാജ്യാന്തര നാണ്യ നിധി) കരുതൽ ശേഖരവും (റിസർവ് പൊസിഷൻ) അടിയന്തരാവശ്യത്തിനുള്ള പണ ലഭ്യതയുമാണവ (സ്പെഷൽ ഡ്രോവിങ് റൈറ്റ്സ്/എസ്ഡിആർ). ഐഎംഫിലെ കരുതൽശേഖരം 90 ലക്ഷം ഡോളർ വർധിച്ച് 463.1 കോടി ഡോളറായി. 40 ലക്ഷം ഡോളർ ഉയർന്ന് 1,847.2 കോടി ഡോളറാണ് എസ്ഡിആർ.
ഡോളറിനെതിരായ രൂപയുടെ മൂല്യസ്ഥിരത നിലനിർത്താൻ റിസർവ് ബാങ്ക് വിദേശ നാണ്യശേഖരം പ്രയോജപ്പെടുത്താറുണ്ട്. മൂല്യം കുത്തനെ ഇടിയുന്നതിന് തടയിടാൻ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് എടുക്കാറുള്ളത്.