ADVERTISEMENT

വിവാഹസീസൺ നിറഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് കനത്ത ആശങ്കയുമായി സ്വർണ വില കത്തിക്കയറുന്നു. കേരളത്തിൽ ഇന്നും ഗ്രാമിന് 40 രൂപ ഉയർന്ന് വില 6,865 രൂപയായി. 320 രൂപ വർധിച്ച് 54,920 രൂപയാണ് പവൻ വില. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 120 രൂപയും പവന് 960 രൂപയും കൂടിയിരുന്നു. ഇതോടെ രണ്ടുദിവസംകൊണ്ട് പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് വർധിച്ചത്.

ഈ മാസം ഇതുവരെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഉയർന്നു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയും കൂടിക്കൂട്ടുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാണ്. കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. പുതിയ റെക്കോർഡിലേക്ക് നിലവിലെ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും മാത്രം അകലെ. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 30 രൂപ വർധിച്ച് 5,690 രൂപയായി. വെള്ളി വില ഗ്രാമിന് 2 രൂപ ഉയർന്ന് 95 രൂപയിലുമെത്തി. 

റെക്കോർഡ് തകർത്ത് രാജ്യാന്തര വില
 

ഇന്നലെ ഔൺസിന് 2,568 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തര വില (സ്പോട്ട് ഗോൾഡ്) ഇന്ന് അത് തിരുത്തി. 2,585.59 ഡോളർ‌ എന്ന പുത്തൻ ഉയരംതൊട്ട വില നിലവിലുള്ളത് 2,578.24 ഡോളറിൽ. വൈകാതെ 2,600 ഡോളർ ഭേദിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിലും പുത്തൻ റെക്കോർഡ് പിറക്കും.

പണപ്പെരുപ്പം കുറഞ്ഞതിനാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ഈ മാസം 17, 18 തീയതികളിൽ ബാങ്കിന്റെ പണനയ നിർണയ സമിതി യോഗം ചേരും. 18ന് പണനയം പ്രഖ്യാപിക്കും. പലിശനിരക്കിൽ 0.25% ഇളവാണ് പ്രതീക്ഷിക്കുന്നത്.

gold

പലിശനിരക്ക് നേരിയതോതിൽ കുറഞ്ഞാൽപ്പോലും യുഎസ് ഡോളറും യുഎസ് കടപ്പത്രങ്ങളുടെ ആദായനിരക്കും താഴും. സ്വർണ നിക്ഷേപ പദ്ധതികൾക്ക് ഡിമാൻഡും സ്വർണ വിലയും കൂടും. 2024ൽ ആകെ ഒരു ശതമാനം വരെ പലിശയിളവ് അമേരിക്ക വരുത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ സ്വർണ വിലയെ ഈ വർഷം കാത്തിരിക്കുന്നത് വൻ മുന്നേറ്റമായിരിക്കും.

പണിക്കൂലിയടക്കം വില ഇങ്ങനെ
 

3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 59,450 രൂപ കൊടുത്താലേ ഇന്നൊരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,431 രൂപയും.

English Summary:

Gold Price Surge: Kerala Nears All-Time High as International Market Booms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com