അനിൽ അംബാനിക്കും റിലയൻസ് ഇൻഫ്രയ്ക്കും വൻ ആശ്വാസം; കടം കുത്തനെ കുറച്ചു, ഓഹരിയിൽ 20% മുന്നേറ്റം
Mail This Article
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി വില ഇന്ന് 20% മുന്നേറി അപ്പർ-സർക്യൂട്ടിലെത്തി. എൻഎസ്ഇയിൽ 282.73 രൂപയിലും ബിഎസ്ഇയിൽ 282.75 രൂപയിലുമാണ് വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഓഹരിക്കുതിപ്പ്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കടബാധ്യത (standalone external debt) 3,831 കോടി രൂപയിൽ നിന്ന് 475 കോടി രൂപയായി കുറച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഓഹരികളിൽ മികച്ച വാങ്ങൽ ട്രെൻഡ് ദൃശ്യമായതും വില മുന്നേറിയതും. കമ്പനിക്ക് കടം നൽകിയ ഇൻവെന്റ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് (ഇൻവെന്റ് എആർസി) കടത്തിന് തുല്യ ഓഹരികൾ കൈമാറിയാണ് ബാധ്യത കുറച്ചത്.
എൽഐസി, ഈഡൽവെയ്സ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ കടം പൂർണമായി വീട്ടിയെന്നും റിലയൻസ് ഇൻഫ്ര വ്യക്തമാക്കി എൽഐസിക്ക് 600 കോടി രൂപയും ഈഡൽവെയ്സിന് 235 കോടി രൂപയുമാണ് വീട്ടിയത്. കടബാധ്യത കുറച്ചതോടെ റിലയൻസ് ഇൻഫ്രയുടെ വിപണിമൂല്യം 9,041 കോടി രൂപയായി ഉയർന്നു. കടുത്ത സാമ്പത്തിക, നിയമ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അനിൽ അംബാനിക്കും കമ്പനിക്കും കടബാധ്യത കുറച്ചത് വലിയ ആശ്വാസമാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മികച്ച പ്രകടനമാണ് റിലയൻസ് ഇൻഫ്ര ഓഹരികൾ കാഴ്ചവയ്ക്കുന്നതും. ഒരാഴ്ചയ്ക്കിടെ ഓഹരി വില 34% ഉയർന്നു. ഒരുവർഷത്തിനിടെ 58 ശതമാനവും മുന്നേറി. 5 വർഷം മുമ്പ് 9 രൂപയിലേക്ക് താഴ്ന്ന ഓഹരി വിലയാണ് ഇപ്പോൾ 280 രൂപയ്ക്ക് മുകളിൽ കരകയറിയത്.