പുതിയ മദ്യനയത്തിന് ആന്ധ്രയുടെ ചിയേഴ്സ്! മദ്യക്കമ്പനികളുടെ ഓഹരിക്ക് നേട്ടത്തിന്റെ ലഹരി
Mail This Article
ആന്ധ്രാപ്രദേശിന്റെ പുതിയ മദ്യനയം ആവേശമാക്കി മദ്യ നിർമാണക്കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റം. സംസ്ഥാനത്ത് നിലവാരം കൂടിയതും ജനങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന വിലയുള്ളതുമായ മദ്യം ലഭ്യമാക്കുക, മദ്യ വിതരണശാലകളുടെ സമയം പുനഃക്രമീകരിക്കുക, പുതിയ മദ്യ ഔട്ട്‍ലെറ്റുകൾ തുറക്കുക തുടങ്ങിയ നിർദേശങ്ങളുള്ളതാണ് പുതിയ മദ്യനയം.
പ്രമുഖ മദ്യക്കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഓഹരി 4 ശതമാനത്തോളം ഉയർന്നു. തിലക്നഗർ ഇൻഡസ്ട്രീസ് 2.77 ശതമാനവും നേട്ടത്തിലേറി. യുണൈറ്റഡ് സ്പിരിറ്റ്സ്, റാഡികോ ഖൈതാൻ, സോം ഡിസ്റ്റിലറീസ്, ജിഎം ബ്രൂവറീസ് തുടങ്ങിയവയും 5% വരെ നേട്ടം ഇന്ന് കൈവരിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പുതിയ മദ്യനയം നടപ്പാക്കുക. ഇതുപ്രകാരം 180 എംഎൽ മദ്യം 99 രൂപയ്ക്ക് ലഭിക്കും. ഓൺലൈൻ ലൈസൻസിങ് പ്രകാരം കൂടുതൽ ഔട്ട്‍ലെറ്റുകൾക്ക് അനുമതി നൽകും.
50 ലക്ഷം രൂപ മുതൽ 85 ലക്ഷം രൂപവരെ ലൈസൻസ് ഫീസുള്ള 4 വിഭാഗങ്ങളിലായിരിക്കും ഔട്ട്‍ലെറ്റുകൾ അനുവദിക്കുക. പുറമേ പ്രീമിയം ഔട്ട്‍ലെറ്റുകളും അനുവദിക്കും. ഇവയ്ക്ക് ഫീസ് ഒരുകോടി രൂപയായിരിക്കും. 10 വർഷത്തേക്കായിരിക്കും പ്രീമിയം ലൈസൻസ് അനുവദിക്കുക. 15 ലക്ഷം രൂപയായിരിക്കും അപേക്ഷാ ഫീസ്. സംസ്ഥാനത്ത് നിലവാരമുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ലഭ്യതക്കുറവ് വ്യാജമദ്യത്തിലേക്കും മറ്റ് ലഹരികളിലേക്കും ഉപഭോക്താക്കളെ നയിക്കുന്നതിന് തടയിടുക കൂടിയാണ് പുതിയ നയത്തിലൂടെ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ഉന്നമിടുന്നത്.