എജിആർ കുടിശിക: ഹർജി സുപ്രീം കോടതി തള്ളി, വോഡഫോൺ ഐഡിയ ഓഹരിയിൽ വൻ ഇടിവ്
Mail This Article
കേന്ദ്രസർക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) വിഭാഗത്തിൽ വീട്ടാനുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേന്ദ്ര ടെലികോം മന്ത്രാലയം എജിആർ കണക്കാക്കിയതിൽ പിശകുണ്ടെന്നും പുനഃപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി വോഡഫോൺ ഐഡിയയും ഭാരതി എയർടെല്ലും സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ലൈസൻസ് ഫീസിനുമേൽ പിഴയും പിഴപ്പലിശയും അടിച്ചേൽപ്പിച്ചതും ഒഴിവാക്കണമെന്ന് കമ്പനികൾ വാദിച്ചിരുന്നു. കമ്പനികളുടെ ടെലികോം, ടെലികോം ഇതര വരുമാനം വിലയിരുത്തി നിശ്ചയിക്കുന്ന ഫീസാണ് സ്പെക്ട്രം ഉപയോഗ ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്ന എജിആർ. 2020 സെപ്റ്റംബർ ഒന്നിനാണ് ടെലികോം കമ്പനികൾ എജിആർ കുടിശിക വീട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. 10 വർഷം കൊണ്ട് കുടിശിക വീട്ടാനായിരുന്നു നിർദേശം.
ആദ്യ ഗഡുവായി 10% തുക 2021 മാർച്ച് 31ന് വീട്ടാൻ നിർദേശിച്ചിരുന്നു. തുടർന്ന് 2031 വരെ വിവിധ ഗഡുക്കളായാണ് വീട്ടേണ്ടത്. ഇത്തരത്തിൽ ടെലികോം കമ്പനികൾ സംയോജിതമായി അടയ്ക്കേണ്ട 1.47 ലക്ഷം കോടി രൂപയിൽ 75% പലിശ, പിഴ, പിഴപ്പലിശ എന്നിവയാണ്. ഇതിൽ 92,642 കോടി രൂപ ലൈസൻസ് ഫീസും 55,054 കോടി രൂപ സ്പെക്ട്രം ഉപയോഗ ഫീസുമാണ്. വോഡഫോൺ ഐഡിയ മാത്രം വീട്ടാനുള്ള കുടിശികയാണ് 70,320 കോടി രൂപ. 2023-24 സാമ്പത്തിക വർഷ പ്രകാരമുള്ള കുടിശികയാണിത്.
ഓഹരികളിൽ കനത്ത ഇടിവ്
സുപ്രീം കോടതി വിധിക്ക് പിന്നാലെ വോഡഫോൺ ഐഡിയയുടെ ഓഹരി വില 20% കൂപ്പകുത്തി. 12.99 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ 10 രൂപയിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 10.38 രൂപയിൽ. ഭാരതി എയർടെല്ലിന്റെ ഓഹരി വില 1,711.70 രൂപയിൽ നിന്ന് 1,647.70 രൂപവരെ താഴ്ന്നെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 0.36% നേട്ടത്തോടെ 1,660.80 രൂപയിലാണ്. ടെലികോം ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സിന്റെ ഓഹരി വില ഒരുവേള 14% ഇടിഞ്ഞെങ്കിലും ഇപ്പോൾ നഷ്ടം 9 ശതമാനത്തിലേക്ക് കുറച്ചു. 390.65 രൂപയിലാണ് നിലവിൽ ഓഹരി വിലയുള്ളത്.