‘വേൾഡ് ഫുഡ് ഇന്ത്യ’ പ്രദർശനം തുടങ്ങി
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ ഇപ്പോൾ വ്യവസായത്തിന് പറ്റിയ അന്തരീക്ഷമാണെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാനുമായ എം.എ.യൂസഫലി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ കേരളത്തിന്റെ നേട്ടം അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ 2024’ പ്രദർശനത്തിൽ കേരള പവിലിയന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദർശനത്തിൽ ‘ഫോക്കസ് സ്റ്റേറ്റ്’ ആയാണ് കേരളം പങ്കെടുക്കുന്നത്. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷന്റെ (കെബിപ്) നേതൃത്വത്തിൽ ഒരുക്കിയ കേരള പവിലിയനിൽ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്‌എംഇ) മേഖലയിൽ നിന്നുമുള്ള 23 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്.
അരിപ്പൊടി, മസാലപ്പൊടി, തേങ്ങ അധിഷ്ഠിത ഉൽപന്നങ്ങൾ, ചക്ക കൊണ്ടുള്ള ഉൽപന്നങ്ങൾ, വിവിധയിനം അച്ചാറുകൾ, വെളിച്ചെണ്ണ, വെർജിൻ കോക്കനട്ട് ഓയിൽ, പൈനാപ്പിൾ, വാഴപ്പഴം, പപ്പായ, നെല്ലിക്ക എന്നിവയുടെ സ്ക്വാഷുകളും അച്ചാറുകളും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും, ഫ്രൂട്ട് പൾപ്പും തേനും അടിസ്ഥാനമാക്കിയുള്ള രോഗപ്രതിരോധ ബൂസ്റ്ററുകൾ, പ്രത്യേകം സംസ്കരണം ചെയ്തെടുത്ത പഴങ്ങൾ, പച്ചക്കറികൾ, ചോക്ലേറ്റ് പാക്കിങ് കണ്ടെയ്‌നറുകൾ, ഡ്രൈ ഫ്രൂട്സ് പാക്കിങ് കണ്ടെയ്‌നറുകൾ, കേക്ക് ബോക്‌സ്, കേക്ക് മിക്സുകൾ, ഫില്ലിങ്ങുകൾ തുടങ്ങി വൈവിധ്യമേറിയതും കേരളത്തിന്റെ തനിമ വിളിച്ചോതുന്നതുമായ ഉൽപന്നങ്ങളാണ് പവിലിയനിൽ ഉള്ളത്.
കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 90 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമുണ്ട്. വേൾഡ് ഫുഡ് ഇന്ത്യയുടെ മൂന്നാം എഡിഷൻ ഇന്നലെ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ചിരാഗ് പസ്വാൻ, രവ്നീത് സിങ് ബിട്ടു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 22ന് സമാപിക്കും.