'ഐഡിയ' പാളിയാലെന്താ; ആസ്തിയില്‍ 7 മടങ്ങ് വര്‍ധന, ഇത് ബിര്‍ളയെന്ന ലീഡര്‍
Mail This Article
വര്‍ഷം 1995. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായികളിലൊരാളായ ആദിത്യ വിക്രം ബിര്‍ള അന്തരിച്ചു. 138 വര്‍ഷത്തെ പൈതൃകം പേറിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാരം കൈമാറ്റം ചെയ്യപ്പെട്ടത് ഒരു 28-കാരനിലേക്കായിരുന്നു, കുമാര്‍ മംഗളം ബിര്‍ള. അതോടെ ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിന്റെ ഭാഗമായ ബിര്‍ള ഗ്രൂപ്പില്‍ വളര്‍ച്ചയുടെ പുതിയൊരു തലം തുറക്കപ്പെടുകയായിരുന്നു. അന്ന് 2 ബില്യണ്‍ ഡോളറായിരുന്നു ബിര്‍ള ഗ്രൂപ്പിന്റെ വിറ്റുവരവ്. കുമാര്‍ മംഗളം ബിര്‍ളയെന്ന നേതാവിലൂടെ ഇന്നത് 60 ബില്യണ്‍ ഡോളറിലധികമായി മാറിയിരിക്കുന്നു.
വലിയ കുടുംബ ബിസിനസിന്റെ ഭാഗമായാണ് പിറന്നുവീണതെങ്കിലും കുമാര്‍ മംഗളം ബിര്‍ളയുടെ ജൈത്രയാത്ര അത്ര സുഗമമായിരുന്നില്ല. പാളിപ്പോകാവുന്ന പല ഘട്ടങ്ങളില്‍ നിന്നും നേതൃത്വമികവിന്റെ ബലത്തില്‍ തിരിച്ചുകയറിവന്ന ചരിത്രമാണ് അദ്ദേഹത്തിന്റേത്. ഐഡിയയെന്ന പരീക്ഷണം പാളിപ്പോയിട്ടും, ഒരു ഘട്ടത്തില്‍ സമ്പത്തില്‍ വലിയ ശോഷണം തന്നെ സംഭവിച്ചിട്ടും ബിര്‍ള വീണില്ല. ടെക്സ്റ്റൈല്‍സ്, സിമന്റ്, കെമിക്കല്‍സ്, അലുമിനിയം, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി ബിസിനസ് മേഖലകളിലൂടെ രാജ്യത്തിനകത്തും പുറത്തും ബിര്‍ള ഗ്രൂപ്പിനെ സമാനതകളില്ലാത്ത തരത്തില്‍ വളര്‍ത്തുകയാണദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആസ്തിയില്‍ ബിര്‍ളയുണ്ടാക്കിയത് 6.9 മടങ്ങ് വര്‍ധനയാണെന്നാണ് ഹുറുണ്‍ സമ്പന്ന പട്ടിക പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്നത്. ഇന്ത്യന്‍ സമ്പന്നപട്ടികയില്‍ ആറാം സ്ഥാനത്താണ് കുമാര്‍ മംഗളം ബിര്‍ള, 2,35,200 കോടി രൂപയാണ് ആസ്തി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആസ്തിയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന വരുത്തിയവരില്‍ ഗൗതം അദാനി കഴിഞ്ഞാല്‍ പിന്നെ ബിര്‍ളയാണ്. 34,000 കോടി രൂപയായിരുന്നു 2020ലെ ഹുറുണ്‍ സമ്പന്ന പട്ടിക അനുസരിച്ച് ബിര്‍ളയുടെ ആസ്തി. ഇതാണ് ഇപ്പോള്‍ ഏകദേശം 7 മടങ്ങോളം വര്‍ധിച്ച് 2,35,200 കോടി രൂപയിലെത്തിയിരിക്കുന്നത്.
പാളിപ്പോയ 'ഐഡിയ'
ബിര്‍ള കമ്യൂണിക്കേഷന്‍സ് എന്ന പേരില്‍ 1995ലായിരുന്നു ടെലികോം രംഗത്തേക്ക് ഗ്രൂപ്പിന്റെ രംഗപ്രവേശം. പല തരത്തിലുള്ള സംയുക്ത സംരംഭങ്ങളിലൂടെ കടന്നുപോയ ടെലികോം ബിസിനസ് 2006 ആയപ്പോഴേക്കും പൂര്‍ണമായും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സബ്സിഡിയറിയായി മാറി. അപ്പോഴേക്കും ഐഡിയ സെല്ലുലാര്‍ എന്ന ബ്രാന്‍ഡിലേക്ക് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെട്ടിരുന്നു.
2016ലാണ് ടെലികോം രംഗത്തേക്കുള്ള മടങ്ങിവരവ് ജിയോയിലൂടെ മുകേഷ് അംബാനി ആഘോഷമാക്കി മാറ്റിയത്. സൗജന്യ വോയ്സ് കോളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകളുമായി വിപണിയെ ജിയോ തച്ചുടച്ചപ്പോള്‍ നിലനില്‍പ്പിനായി ഐഡിയ, ബ്രിട്ടീഷ് ടെലികോം ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പതിപ്പായ വോഡഫോണുമായി ലയിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വോഡഫോണ്‍ ഐഡിയ പിറന്നത്. എന്നാല്‍ ഇത് കുമാര്‍ മംഗളം ബിര്‍ളയെ കാര്യമായി ബാധിച്ചിരുന്നു.
2017നും 2019നും ഇടയില്‍ അദ്ദേഹത്തിന്റെ ആസ്തിയുടെ മൂന്നിലൊന്നും ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുമ്പോള്‍ ബോധ്യമാകും. ടെലികോം ബിസിനസായിരുന്നു പ്രധാന കാരണം. കെമിക്കല്‍സും മെറ്റല്‍സും ഉള്‍പ്പടെയുള്ള ചില പ്രധാന ബിസിനസുകളിലെ താല്‍ക്കാലിക തിരിച്ചടി കൂടി ആയപ്പോള്‍ വെല്ലുവിളി കനത്തു.
ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2017ലെ 9.1 ബില്യണ്‍ ഡോളറില്‍ നിന്ന് ബിര്‍ളയുടെ ആസ്തി 2019ലെത്തിയപ്പോഴേക്കും ആറ് ബില്യണ്‍ ഡോളറായി കൂപ്പുകുത്തി. ടെലികോം ബിസിനസില്‍ പല തെറ്റുകളും വരുത്തിയെന്നാണ് ബിര്‍ള പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞത്. ലയനശേഷം വോഡഫോണ്‍ ഐഡിയയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ബിര്‍ള തുടര്‍ന്നെങ്കിലും 2021ല്‍ സ്ഥാനമൊഴിഞ്ഞു. 2023ല്‍ വീണ്ടും ബോര്‍ഡിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
സിമന്റ്, കെമിക്കല്‍സ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോംസ്, ഡൈനിങ്, വിനോദം, ഫാഷന്‍, ധനകാര്യ സേവനം, മെറ്റല്‍സ്, മൈനിങ്, പെയിന്റ്, ടെക്സ്‌റ്റൈല്‍സ് തുടങ്ങി 20തിലധികം മേഖലകളില്‍ മികച്ച സാന്നിധ്യമുണ്ട് ബിര്‍ള ഗ്രൂപ്പിന്. ഏകദേശം 36ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ഗ്രൂപ്പിന്റെ പ്രധാന വരുമാനം വരുന്നത് ഇന്ത്യക്ക് പുറത്തുനിന്നാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും നേടിയ ബിര്‍ള 40തിലധികം ഏറ്റെടുക്കലുകളാണ് തന്ത്രപൂര്‍വം നടത്തിയത്.
അലെരിസ് കോര്‍പ്പറേഷന്‍, നൊവെലിസ്, കൊളംബിയന്‍ കെമിക്കല്‍സ്, ജെപി സമിന്റ്, ബിനാനി സിമന്റ്, എല്‍ആന്‍ഡ് ടി സിമന്റ് ഡിവിഷന്‍ തുടങ്ങി നിരവധി വമ്പന്‍ ഏറ്റെടുക്കലുകള്‍ ബിര്‍ള നടത്തിയിരുന്നു.
കളി മാറിയതിങ്ങനെ
1998 കാലത്ത് സിമന്റ് കമ്പനികളെ ഏറ്റെടുക്കാന്‍ നടത്തിയ നീക്കം ഗ്രൂപ്പിന് കാര്യമായി ഗുണം ചെയ്തു. ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള അള്‍ട്രാടെക് സിമന്റ് ഇന്ന് മേഖലയിലെ മുന്‍നിര കമ്പനിയാണ്. പുതിയ മേഖലകളിലേക്കും വിപണികളിലേക്കും ചെന്നെത്താനുള്ള ബിര്‍ളയുടെ പാടവമായിരുന്നു ശ്രദ്ധേയം. ആദിത്യ ബിര്‍ള ഗ്രൂപ്പിലെ പ്രധാന കമ്പനികളിലൊന്നായ ഹിന്‍ഡാല്‍കോയിലൂടെയാണ് അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നൊവെലിസിനെ കുമാര്‍ മംഗംളം ബിര്‍ള ഏറ്റെടുത്തത്. 2007ല്‍ ആറ് ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഏറ്റെടുക്കല്‍ ആഗോള ശ്രദ്ധ നേടി. ശീതള പാനീയങ്ങളുടെ കാനുകളില്‍ ഉള്‍പ്പടെ നിരവധി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന റോള്‍ഡ് അലുമിനിയം രംഗത്ത് ലോകത്തിലെ വമ്പന്‍ കമ്പനിയാണ് നൊവെലിസ്.
2011ല്‍ ജോര്‍ജിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊളംബിയ കെമിക്കല്‍സിനെ ഏറ്റെടുത്തതായിരുന്നു മറ്റൊരു വമ്പന്‍ നീക്കം. ടയര്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കാര്‍ബണ്‍ ബ്ലാക്കിന്റെ ഏറ്റവും വലിയ നിര്‍മാതാവായി ബിര്‍ള ഗ്രൂപ്പിനെ ഈ ഏറ്റെടുക്കല്‍ മാറ്റി. ഇരുമ്പ് അയിര് ഖനനം നടത്തുന്ന എസ്സെല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസും ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമാണ്. കുമാര്‍ മംഗളം ബിര്‍ളയുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം വരുന്നത് ഈ കമ്പനിയില്‍ നിന്നാണ്. ഇതെല്ലാമാണ് ബിര്‍ളയെ വിദേശങ്ങളില്‍ അതിശക്തമായ ബിസിനസുള്ള കമ്പനിയാക്കി മാറ്റിയത്. പുതിയ തന്ത്രങ്ങളിലൂടെ ബിസിനസ് വ്യാപനം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കുമാര്‍ മംഗളം ബിര്‍ള.