ഡെസ്റ്റിനേഷൻ വെഡ്ഡിങ്: 'കല്യാണ ടൂറിസത്തിൽ' കേരളത്തിന് സാധ്യതകളേറെ
Mail This Article
കൊച്ചി ∙ ഇന്ത്യയിലെ ‘വെഡ്ഡിങ് മാർക്കറ്റ്’ മൂല്യം കുതിക്കുന്നത് 130 ബില്യൻ ഡോളറിലേക്ക് (ഏകദേശം 10.9 ലക്ഷം കോടി രൂപ). ആഡംബര വിവാഹങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറാൻ വെമ്പുന്ന കേരളത്തെ കൊതിപ്പിക്കുന്ന കണക്കാണിത്.
ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേരളത്തിനു സാധ്യതകളേറെയുള്ള മേഖലയാണെന്നാണു കെടിഎമ്മിൽ അരങ്ങേറിയ ‘കേരള ടൂറിസം – ഭാവിയിലേക്കുള്ള വഴി ’ എന്ന സെമിനാർ അഭിപ്രായപ്പെട്ടത്. പുരോഗമന ചിന്താഗതിയോടെ വളർന്നുവരുന്ന പുതിയ തലമുറയുടെ സാമൂഹികബോധത്തിനനുസരിച്ച് ആതിഥേയ വ്യവസായത്തിലും മാറ്റങ്ങൾ വരണമെന്ന് ഇന്റനാഷനൽ ബിസിനസ് റിലേഷൻസ് ക്വീർ ഡെസ്റ്റിനേഷൻസ് ഡയറക്ടറും മിഷൻ റെൺസ്പോൺസിബ്ൾ ടൂറിസം സ്ഥാപകയുമായ റിക്ക ജീൻ ഫ്രാൻസ്വെ പറഞ്ഞു.
ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേരള ടൂറിസത്തിന്റെ ഭാവിയിലേക്കുള്ള വഴിയാണെന്നു റെയ്ൻ മേക്കർ വെഡ്ഡിങ് ഡയറക്ടർ ജോയൽ ജോൺ പറഞ്ഞു. പ്രകൃതി, പ്രാദേശിക സംസ്കാരം, സാമൂഹിക – സാമ്പത്തിക ഉന്നമനം എന്നിവ ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കണമെന്നും ടൂറിസം കേന്ദ്രങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കണമെന്നും സോമതീരം ഗ്രൂപ്പ് സ്ഥാപകൻ ബേബി മാത്യു പറഞ്ഞു. കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ നടപ്പാക്കേണ്ടതു ടൂറിസം വികസനത്തിന് അത്യാവശ്യമാണെന്നു സെമിനാർ കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ് പറഞ്ഞു. ഗോവയിലും ജയ്പൂരിലും നൂറുകണക്കിന് ആഡംബര വിവാഹങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഡൽഹി സ്വദേശി വെഡ്ഡിങ് പ്ലാനർ രാജേഷ് കുമാർ ഹർജയിൻ ഇനി കേരളത്തിലും ആഡംബര വിവാഹങ്ങൾ കൊണ്ടു വരുമെന്ന് അറിയിച്ചു.