ഓഹരി വിപണിക്ക് ഇന്ന് 'പ്രത്യേക' വ്യാപാരം; ലൈവ് സെഷൻ അടുത്തയാഴ്ച
Mail This Article
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഇന്ന് പ്രത്യേക വ്യാപാരം സംഘടിപ്പിക്കും. ഓഹരി വിപണിയിൽ നിലവിൽ ഓഹരികളുടെ വ്യാപാരം നടക്കുന്നത് പ്രൈമറി സൈറ്റിലാണ് (Primary Site/PR Site). ഇതിൽ നിന്ന് കൂടുതൽ സുരക്ഷിതമായ ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് (Disastor Recovery Site/DR Site) മാറുന്നതിന്റെ ഭാഗമായുള്ള മോക്ക് ട്രേഡിങ് സെഷനാണ് ഇന്ന് നടക്കുക.
ഡിആർ സൈറ്റിൽ ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയാണ് മോക്ക് സെഷനെന്ന് എൻഎസ്ഇ വ്യക്തമാക്കി. ഇടപാടുകാർക്ക് മോക്ക് സെഷനിൽ പങ്കെടുക്കാം. കണക്ടിറ്റിവിറ്റി, ലോഗിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് പ്രയോജനപ്പെടും. ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് ഈ വർഷം എൻഎസ്ഇ പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. പൊതുവേ ശനിയാഴ്ച ഓഹരി വിപണികൾക്ക് അവധി ദിനമാണ്. കഴിഞ്ഞ മാർച്ച് രണ്ടിനും മേയ് 18നും ആയിരുന്നു ആദ്യ രണ്ട് പ്രത്യേക വ്യാപാര സെഷനുകൾ നടന്നത്.
എന്തിന് ഈ പ്രത്യേക വ്യാപാരം?
വിപണിയിൽ സുരക്ഷാ വീഴ്ച ഉൾപ്പെടെ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസ്സങ്ങളുണ്ടായാൽ തൽസമയം പരിഹരിക്കാനും വ്യാപാരം തുടരാനും സഹായിക്കുന്നതാണ് ഡിആർ സൈറ്റ്.
ലൈവ് സെഷൻ അടുത്തയാഴ്ച
ഡിആർ സൈറ്റിൽ ലൈവ് ട്രേഡിങ് സെഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നുവരെയും നടക്കുമെന്ന് എൻഎസ്ഇ അറിയിച്ചിട്ടുണ്ട്. ഓഹരി ഇടപാടുകൾ അതത് ദിവസം തന്നെ പൂർത്തിയാക്കുന്ന ടി+0 പ്രക്രിയയാണിത്. ഇടപാട് നടന്നാൽ വാങ്ങിയ ആളുടെ ഡിമാറ്റ് അക്കൗണ്ടിൽ അന്നേ ദിവസം തന്നെ ഓഹരികളെത്തും. കഴിഞ്ഞ മാർച്ചിലാണ് ടി+0 സൗകര്യത്തിന് ഓഹരി വിപണി തുടക്കമിട്ടത്. അതുവരെ ഇടപാട് ടി+1 പ്രകാരമായിരുന്നു. ഇടപാട് നടന്ന് പിറ്റേദിവസമായിരുന്നു ഓഹരി ഡിമാറ്റ് അക്കൗണ്ടിൽ എത്തിയിരുന്നത്.
ഇന്ത്യൻ ഓഹരി വിപണിയുടെ തുടക്കകാലത്ത് ടി+5 സെറ്റിൽമെന്റായിരുന്നു ഉണ്ടായിരുന്നത്. അതായത്, ഇടപാട് നടന്ന് 5-ാം ദിവസമായിരുന്നു അക്കൗണ്ടിൽ ഓഹരി ലഭ്യമായിരുന്നത്. 2002ൽ ടി+3യും 2003ൽ ടി+2 സൗകര്യവും നടപ്പായി. 2021ലാണ് ടി+1 പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയത്. 2023ൽ ഇത് പൂർണമായി നടപ്പാക്കി. നിലവിൽ മാർച്ചുമുതൽ ടി+0 സൗകര്യമുണ്ടെങ്കിലും ടി+1 സൗകര്യവും തുടരുന്നുണ്ട്.