ടാറ്റയോടൊപ്പം ന്യൂയോർക്കിലെ താജിൽ ഒരു പ്രാതൽ ഓർമ
Mail This Article
രത്തൻ ടാറ്റ ദീർഘദർശിയായൊരു സംരംഭകൻ മാത്രമായിരുന്നില്ല, ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക അഭിവൃദ്ധികളോട് ആത്മാർഥവും അഗാധവുമായ പ്രതിബദ്ധത പുലർത്തിയ ഒരു നേതാവു കൂടിയായിരുന്നു. എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണ്. വലിയ വിജയങ്ങൾക്കിടയിലും അദ്ദേഹം എളിമയുള്ള. ആർക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു. ഗൗരവതരമായ സന്ദർഭങ്ങളെ പോലും അദ്ദേഹത്തിന്റെ നർമബോധം പ്രകാശഭരിതമാക്കി. അത് നമുക്ക് അദ്ദേഹത്തോടുള്ള സ്നേഹം വർധിപ്പിച്ചു.
ഒരിക്കൽ ന്യൂയോർക്കിൽ രത്തൻ ടാറ്റയുമൊന്നിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഹോട്ടലായ താജിൽ പ്രഭാതഭക്ഷണം കഴിച്ച അനുഭവം അസുലഭവും അതിശയകരവുമായിരുന്നു. താജ് ഹോട്ടലിലെ ഒരു ജീവനക്കാരനോടു പോലും താനാരെന്ന് അദ്ദേഹം അറിയിച്ചില്ല. ഭക്ഷണത്തിന്റെ പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നൽകുകയും ചെയ്തു.
ലാളിത്യവും സരസമായ സംഭാഷണമായിരുന്നു പ്രാതലിനിടെ. അന്നു വൈകിട്ട് എന്റെ കുടുംബത്തോടൊപ്പം യാദൃച്ഛികമായി അദ്ദേഹത്തെ മറ്റൊരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടപ്പോൾ, 'നിങ്ങൾ എന്നെയാണോ, അതോ ഞാൻ നിങ്ങളെയാണോ പിന്തുടരുന്നതെന്ന്' അദ്ദേഹം തമാശ പറഞ്ഞു. ഏതു സമ്മർദ സാഹചര്യത്തിലും ചെറുതമാശയിലൂടെ അന്തരീക്ഷം തണുപ്പിക്കാൻ അദ്ദേഹത്തിനാകുമെന്നു കേട്ടിരുന്നത് സത്യമാണെന്നു ബോധ്യമായി. അതിലൊക്കെ ഉപരി രാജ്യപുരോഗതിക്കായി സമർപ്പിത ജീവിതം നയിച്ച വ്യക്തി എന്ന നിലയിലാവും രത്തൻ ടാറ്റ ഓർമിക്കപ്പെടുക. അദ്ദേഹത്തിന്റെ വേർപാട് വ്യവസായ ലോകത്തിനും നമ്മുടെ രാജ്യത്തിനും വലിയ നഷ്ടമാണ്. ക്രിയാത്മകതയുടെയും പ്രതീക്ഷയുടെയും മൂർത്തരൂപമായിരുന്ന, ദീർഘദർശിയായ ആ നേതാവിന് ആദരാഞ്ജലികൾ.