ADVERTISEMENT

കൊച്ചിയിലെ ടാറ്റാ ഓയിൽ മിൽസ് ഗെസ്റ്റ് ഹൗസിൽ ചെറുപ്പകാലത്ത് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു രത്തൻ. നികത്തു ഭൂമി വരും മുൻപു മൂന്നു വശവും കായലാൽ ചുറ്റപ്പെട്ട ഗെസ്റ്റ് ഹൗസ് ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായിരുന്നു. അന്നത്തെ കേരള അനുഭവം രത്തനിലൂടെ പിന്നീട് കേരള ടൂറിസത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായി. അതിനു ടാറ്റ ഉന്നതങ്ങളിലെ മലയാളി മേധാവിയും തുണയായി.

സർക്കാർ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ടൂറിസം പച്ചപിടിക്കാത്ത കാലമുണ്ടായിരുന്നു. എൺപതുകളുടെ അവസാനം ആ സ്ഥിതിക്കു മാറ്റം വന്നത് താജിന്റെ മാതൃകമ്പനിയായ ഇന്ത്യൻ ഹോട്ടൽസുമായി കേരള ടൂറിസം സംയുക്ത സംരംഭം തുടങ്ങിയതാണ്. കെടിഡിസിയുടെ ഏതാനും ഹോട്ടലുകൾ താജിനു കൈമാറി. അവ വിജയമായതോടെ താജ് കൂടുതൽ പദ്ധതികൾ കേരളത്തിൽ കൊണ്ടു വന്നു. വിദേശ ടൂറിസ്റ്റുകൾ താജിന്റെ നെറ്റ്‌വർക്കിലൂടെ കേരളം കാണാനെത്തി. അക്കാലം ജെ.ആർ.ഡി. ടാറ്റയായിരുന്നു ചെയർമാൻ എങ്കിലും തൊട്ടു താഴെയുള്ള രത്തനും അദ്ദേഹത്തിന്റെ വലംകൈയായിരുന്ന മലയാളി മൂർക്കോത്ത് കുടുംബാംഗം ആർ.കെ. കൃഷ്ണകുമാറുമാണ് ഈ മാറ്റത്തിനു ചുക്കാൻ പിടിച്ചത്.

ദൈവത്തിന്റെ സ്വന്തം നാട് എന്നു സ്വയം വിശേഷിപ്പിക്കാൻ കേരളത്തിനു ധൈര്യം വന്ന നാളുകളിൽ താജിന്റെ പരസ്യ വാചകം പ്രശസ്തമാണ്– കേരളം ദൈവത്തിന്റെ സ്വന്തം നാട് എങ്കിൽ താജ് ഹോട്ടലുകളാണ് ദൈവത്തിന്റെ ഹോളിഡേ ഹോം.! താജ് തുടങ്ങി വച്ച ടൂറിസം പ്രയാണത്തിൽ പിന്നീട് കേരളം ഏറെ മുൻപോട്ടു പോയി.

ജെ.ആർ.ഡി.ടാറ്റയുടെ മരണശേഷം റുസ്സി മോദിയും അജിത് കേൽക്കറും പോലുള്ള വമ്പൻ കമ്പനി എംഡിമാർ രത്തന്റെ നേതൃത്വത്തോട് കലഹിച്ചു നിന്നപ്പോൾ ആർ.കെ.കൃഷ്ണകുമാറാണ് പ്രതിബന്ധങ്ങൾ അതിജീവിക്കാൻ തുണയായത്. രത്തൻ പിന്നീട് കൃഷ്ണകുമാറിനെ ടാറ്റ സൺസ് ഡയറക്ടറാക്കിയതിനു പിന്നിൽ അവർ തമ്മിലുള്ള സൗഹൃദത്തിനപ്പുറമുള്ള ഈ ബന്ധമായിരുന്നു.

ടെക്നോപാർക്ക് തിരുവനന്തപുരത്തു തുടങ്ങിയ കാലത്ത് നിക്ഷേപകർ തീരെ കുറവായിരുന്നു. ഇന്ത്യയിലെ സർവ ടെക്കികൾക്കുമുള്ള പരിശീലന കേന്ദ്രം ടിസിഎസ് അവിടെ സ്ഥാപിച്ചത് സംസ്ഥാന ഐടി രംഗത്തിനു തന്നെ തുണയായി. എവിടെ ടിസിഎസിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരും ടെക്നോപാർക്കിലെത്തിയാണു പരിശീലനം നേടിയിരുന്നത്. പിന്നീട് ടിസിഎസ് അവിടെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

വിഎസ്എൻഎൽ ടാറ്റ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രത്തൻ 2005ൽ കൊച്ചിയിൽ വന്നിരുന്നു. പതിവു പോലെ താജ് മലബാർ ഹോട്ടലിൽ താമസിച്ചു. അന്ന് അഭിമുഖം നടത്തിയവർക്ക് ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ സൗമ്യമായി മറുപടി പറഞ്ഞ ടാറ്റ ചെയർമാനെയാണ് ഓർമ്മയുള്ളത്.

രത്തൻ മൂന്നാറിൽ അവസാനം എത്തുന്നത് 2009 നവംബറിൽ ടാറ്റ നടത്തുന്ന സ്കൂളിന്റെ രജതജൂബിലിക്കാണ്. ടാറ്റാ ടീയുടെ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ വൻ ശ്രമം നടത്തിയതിനു ശേഷം. അതൊന്നും കാര്യമാക്കാതെ രത്തന്റെ പെരുമാറ്റം പതിവു പോലെ ലളിതവും സൗമ്യവും സഹാനുഭൂതി പൂർണവുമായിരുന്നെന്ന് കണ്ടവരെല്ലാം ഓർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com