ഇന്ത്യയുടെ വ്യാവസായിക രംഗത്ത് വൻ വീഴ്ച; ഉൽപാദനം 22 മാസത്തെ താഴ്ചയിൽ, ആശങ്കപ്പെടണോ?
Mail This Article
ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശം വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വീഴ്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 22 മാസത്തിനിടെ വളർച്ചാനിരക്ക് നെഗറ്റീവായതും ആദ്യം. ഇന്ത്യയുടെ മുഖ്യ വ്യാവസായിക മേഖല (Core Sector) ഓഗസ്റ്റിൽ 42 മാസത്തിന് ശേഷം ആദ്യമായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്, ഐഐപിയും ഇടിയുമെന്ന് ഏറെക്കുറേ ഉറപ്പുമായിരുന്നു. ഐഐപിയിൽ 40.27% സംഭാവന ചെയ്യുന്നത് മുഖ്യ വ്യാവസായിക മേഖലയാണ്. ഇക്കുറി ഓഗസ്റ്റിൽ ഖനന മേഖല 4.3 ശതമാനവും വൈദ്യുതോൽപാദനം 3.7 ശതമാനവും ഇടിഞ്ഞത് തിരിച്ചടിയായി. മാനുഫാക്ചറിങ് മേഖല ഒരു ശതമാനം മാത്രം വളർച്ചയാണ് കുറിച്ചത്.
അതേസമയം, ഐഐപി നെഗറ്റീവ് വളർച്ചയിലേക്ക് വീണെങ്കിലും ആശങ്കപ്പെടേണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന മൺസൂണാണ് ഖനന, വൈദ്യുതി ഉൽപാദനത്തെ ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എന്നത് മൂലധനച്ചെലവിനെയും ബാധിച്ചു. മറ്റ് വെല്ലുവിളികളൊന്നുമില്ലെന്നും വളർച്ചാനിരക്ക് വരുംമാസങ്ങളിൽ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അവർ പറയുന്നു.