ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡിൽ നിന്ന് അൽപം താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് വില 7,095 രൂപയായി. 200 രൂപ താഴ്ന്ന് 56,760 രൂപയാണ് പവൻ വില. ഈ മാസം 4 മുതൽ 6 വരെയും പിന്നീട് 12 മുതൽ 14 വരെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമാണ് കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില.

ലൈറ്റ്‍വെയ്റ്റ് സ്വർണാഭരണങ്ങൾ നിർമിക്കാനും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,865 രൂപയായി. വെള്ളി വിലയിൽ ഇന്നും മാറ്റമില്ല; ഗ്രാമിന് 98 രൂപ.

രാജ്യാന്തര വിലയും ചാഞ്ചാട്ടത്തിൽ
 

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് പ്രധാനമായും ഇന്ന് കേരളത്തിലെ വിലയെ സ്വാധീനിച്ചത്. ഔൺസിന് ഒരുവേള 2,653 ഡോളർ വരെ എത്തിയ വില പിന്നീട് 2,644 ഡോളറിലേക്ക് താഴ്ന്നു. യുഎസിൽ പലിശനിരക്കിൽ ഇനി കുത്തനെയുള്ള വെട്ടിക്കുറയ്ക്കലിന് സാധ്യതയില്ലെന്ന വിലയിരുത്തലും ഇറാനെതിരായ ആക്രമണത്തിൽ അയവുവരുത്താൻ തയാറാണെന്ന ഇസ്രയേലിന്റെ പ്രഖ്യാപനവും സ്വർണവിലയുടെ കുതിപ്പിന് താൽകാലിക തടയിട്ടിട്ടുണ്ട്.

ഇന്നൊരു പവൻ ആഭരണ വില
 

3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണ വില. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,440 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഇന്നലെ വില 61,656 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണാഭരണ വില 7,707 രൂപയിൽ നിന്ന് 7,680 രൂപയായും കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com