ADVERTISEMENT

ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻസ്ട്രീസിന്റെ (Reliance Industries) നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ ലാഭത്തിൽ (net profit) 5% ഇടിവ്. മുൻവർഷത്തെ സമാനപാദത്തിലെ 17,394 കോടി രൂപയിൽ നിന്ന് 16,563 കോടി രൂപയായാണ് സംയോജിത (ഉപകമ്പനികളുടെയും ചേർത്ത്) ലാഭം (consolidated net profit) കുറഞ്ഞത്. അതേസമയം, നിരീക്ഷകർ പ്രതീക്ഷിച്ച 15,700 കോടി രൂപയേക്കാൾ ഉയർന്ന ലാഭം നേടാനായി എന്നത് നേട്ടമാണ്.

പ്രവർത്തന വരുമാനം (revenue from operations) 0.2% മാത്രം ഉയർന്ന് 2.35 ലക്ഷം കോടി രൂപയിലെത്തി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം അഥവാ എബിറ്റ്ഡ (EBITDA) രണ്ടു ശതമാനം കുറഞ്ഞ് 43,934 കോടി രൂപയായെന്നത് ക്ഷീണവുമാണ്. എബിറ്റ്ഡ മാർജിൻ (EBITDA margin) 0.50% കുറഞ്ഞ് 17 ശതമാനമായി.

ജിയോ പ്ലാറ്റ്ഫോംസ്
 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms) 23% വളർച്ചയോടെ 6,539 കോടി രൂപ ലാഭം നേടി. വരുമാനം 18% ഉയർന്ന് 37,119 കോടി രൂപയിലുമെത്തി. റീചാർജ് നിരക്കുകൾ കൂട്ടിയതും ജിയോ എയർഫൈബർ ഉൾപ്പെടെയുള്ള ഹോം ബ്രോഡ്ബാൻഡ് ബിസിനസ് മെച്ചപ്പെട്ടതും ജിയോ പ്ലാറ്റ്ഫോംസിന് നേട്ടമായി. എബിറ്റ്ഡ 18% ഉയർന്ന് 15,931 കോടി രൂപയിലെത്തിയത് ഇതിന്റെ തെളിവുമായി.

jio-new - 1

ഓരോ ഉപഭോക്താവിൽ നിന്നും ജിയോയ്ക്ക് ലഭിക്കുന്ന ശരാശരി വരുമാനം (അവറേജ് റവന്യൂ പെർ യൂസർ/ARPU) 195.1 രൂപയായി ഉയർന്നു. റീചാർജ് നിരക്കുകൾ കൂട്ടിയതും ശക്തമായ ഉപഭോക്തൃനിരയുമാണ് ഇതിന് സഹായിച്ചത്. ജിയോയുടെ 5ജി (True5G) ഉപയോക്താക്കൾ 14.8 കോടിയിലുമെത്തിയിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ 5ജി നെറ്റ്‍വർക്ക് എന്ന നേട്ടവും ജിയോയ്ക്ക് സ്വന്തമാണ്. ചൈനീസ് കമ്പനികളാണ് ആദ്യ സ്ഥാനത്ത്. ജിയോ എയർഫൈബറിന് 28 ലക്ഷം വരിക്കാരുണ്ട്.

ഓയിൽ-ടു-കെമിക്കൽസിൽ ക്ഷീണം
 

റിലയൻസിന്റെ മുഖ്യ ബിസിനസ് വിഭാഗമായ ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) കഴിഞ്ഞപാദത്തിൽ വലിയ ക്ഷീണം നേരിട്ടു. എബിറ്റ്ഡ 24% ഇടിഞ്ഞ് 12,413 കോടി രൂപയായി. വരുമാനം 5% ഉയർന്ന് 1.55 ലക്ഷം കോടി രൂപയായി. ഓയിൽ ആൻഡ് ഗ്യാസ് വിഭാഗത്തിന്റെ വരുമാനം 6% കുറഞ്ഞു. ഗ്യാസ് വില കുറഞ്ഞുനിന്നതാണ് കാരണം. എബിറ്റ്ഡ പക്ഷേ 11% മെച്ചപ്പെട്ട് 5,290 കോടി രൂപയായി.

റീറ്റെയ്‍ലിൽ നേരിയ നിരാശ
 

റിലയൻ‌സ് ഇൻഡ‍സ്ട്രീസിന്റെ വരുമാനത്തിൽ ഭാവിയിൽ മുഖ്യപങ്ക് വഹിക്കുമെന്ന് കരുതുന്ന റീറ്റെയ്ൽ വിഭാഗം 76,302 കോടി രൂപയുടെ വരുമാനം നേടി. ഒരു ശതമാനം കുറവാണിത്. ഫാഷൻ, ലൈഫ്സ്റ്റൈൽ വിഭാഗത്തിലെ ഡിമാൻഡ് താഴ്ന്നതാണ് കാരണം. ലാഭം ഒരു ശതമാനം മാത്രം വർധിച്ച് 2,836 കോടി രൂപയായി. എബിറ്റ്ഡ 0.3% ഉയർന്ന് 5,850 കോടി രൂപ.

Image Credits: Instagram/stylebyami
Image Credits: Instagram/stylebyami

കഴിഞ്ഞപാദത്തിൽ റീറ്റെയ്ൽ വിഭാഗം 464 പുതിയ സ്റ്റോറുകൾ തുറന്നു. ആകെ സ്റ്റോറുകൾ 18,946 ആയി. 14% വളർച്ചയോടെ 29.7 കോടി ഉപഭോക്താക്കളെ കഴിഞ്ഞമാസം കമ്പനി സ്വീകരിച്ചു. രജിസ്റ്റേഡ് ഉപഭോക്താക്കൾ 32.7 കോടിയാണ്.

റിലയൻസിന്റെ മാധ്യമ വിഭാഗം
 

ചലച്ചിത്ര ശ്രേണിയിൽ നിന്നുള്ള വരുമാനം കുറഞ്ഞത് റിലയൻസിന്റെ മാധ്യമ വിഭാഗത്തിന്റെ വരുമാനം 2% കുറയാനിടയാക്കി. ഡിജിറ്റൽ പരസ്യ വരുമാനം ഉയർന്നതിനാൽ വാർത്താ മാധ്യമങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 6% വളർച്ചയുണ്ട്. വിനോദ വിഭാഗത്തിൽ നിന്നുള്ള വരുമാനം 5% കുറഞ്ഞു.

English Summary:

Reliance Q2 Results: O2C Drags Profit, Retail Remains Steady. Reliance Industries reports a 5% dip in Q2 profit to ₹16,563 crore, but revenue rises to ₹2.35 lakh crore. Jio shines with 23% profit growth, while O2C faces headwinds. Get insights into Reliance's performance across segments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com