സാറ്റലൈറ്റ് സ്പെക്ട്രം: ലേലം വേണ്ടെന്ന് മസ്ക്; എതിർത്ത് അംബാനി, 'പോരടിച്ച്' ശതകോടീശ്വരന്മാർ
Mail This Article
ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വഴി ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിൽ ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്കിന്റെ കമ്പനി സ്റ്റാർലിങ്ക്. ലേലം ഒഴിവാക്കി ലൈസൻസിങ് സമ്പ്രദായം വഴി സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അനുകൂലിച്ചതോടെ കടുത്ത എതിർപ്പുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ പരസ്യമായി രംഗത്തെത്തി. ലേലം വേണ്ടെന്നും കേന്ദ്രത്തിന്റെ ഭരണപരമായ തീരുമാനത്തിലൂടെ ലൈസൻസ് അനുവദിക്കാമെന്നുമുള്ള ട്രായിയുടെ നിലപാടാണ് ജിയോയുടെ എതിർപ്പിന് കളമൊരുക്കിയത്.
ട്രായിയുടെ നിലപാട് ചട്ടവിരുധമാണെന്നും ചർച്ചകളില്ലാതെയാണ് ട്രായ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിൽ ജിയോ ആരോപിച്ചു. ട്രായിയുടെ നിർദേശത്തിൽ സ്പെക്ട്രം ലേലവും ഉൾപ്പെടുത്തണമെന്ന ആവശ്യവും ജിയോ കത്തിൽ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇനിയും ഇന്റർനെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ സാറ്റലൈറ്റ് വഴി സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് സ്റ്റാർലിങ്കിനുള്ളത്. എന്നാൽ, ലൈസൻസ് അനുവദിച്ചാൽ ടെലികോം കമ്പനികളും സാറ്റലൈറ്റ് കമ്പനികളും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകുമെന്ന് ജിയോ ചൂണ്ടിക്കാട്ടുന്നു.
സ്പെക്ട്രം ലൈസൻസ് ലഭിച്ചാൽ വോയിസ് കോൾ, ഡേറ്റാ സേവനങ്ങളും സാറ്റലൈറ്റ് കമ്പനികൾക്ക് നൽകാനാകും. ഇത് അനാരോഗ്യകരമായ മത്സരത്തിന് വഴിവയ്ക്കും. ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെന്നും ജിയോ വിലയിരുത്തുന്നു. മസ്കിന്റെ സ്റ്റാർലിങ്കിന് പുറമേ ഈ രംഗത്ത് കമ്പനിയുടെ രാജ്യാന്തര എതിരാളിയായ ആമസോണിന്റെ പ്രോജക്റ്റ് ക്യൂപ്പറും ലേലം വേണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തികൾക്കും വീടുകളിലെ ആവശ്യത്തിനും സാറ്റലൈറ്റ് വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള വിദേശ കമ്പനികൾ ശ്രമിക്കുന്നത്. ഇതിന് ഇന്ത്യൻ നിയമം അനുകൂലിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിയമത്തിൽ അത്തരം വ്യവസ്ഥകളില്ലെന്ന് ജിയോ വാദിക്കുന്നു. നിലവിൽ 48 കോടി ഉപയോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വിപണി ശരാശരി 36% വാർഷിക വളർച്ചയുമായി 2030ഓടെ 190 കോടി ഡോളർ (ഏകദേശം 16,000 കോടി രൂപ) മൂല്യത്തിൽ എത്തുമെന്നാണ് ഡിലോയിറ്റിന്റെ വിലയിരുത്തൽ.