ADVERTISEMENT

ഹ്യുണ്ടായിയുടെ ഐപിഒയിൽ ഉറ്റുനോക്കുകയാണ് സാംസങ്ങും എൽജിയും! എന്താണ് കാര്യം? ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഹ്യുണ്ടായ് നടത്തുന്നു എന്നതല്ല കാരണം. കൊറിയൻ കമ്പനികൾ സ്വരാജ്യത്ത് നേരിടുന്ന 'കൊറിയൻ ഡിസ്കൗണ്ട്' ആണ് പ്രശ്നം. ദക്ഷിണ കൊറിയയിൽ ഹ്യുണ്ടായിക്കും എൽജിക്കും സാംസംങ്ങിനുമൊക്കെ ഓഹരിമൂല്യം തീരെക്കുറവാണ്. അതായത്, അവയുടെ ഓഹരി വില അത്ര ആകർഷകമല്ല. ഉത്തര കൊറിയയുമായി നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, സ്വന്തം രാജ്യത്തെ ഭരണപരമായ നയങ്ങൾ എന്നിങ്ങനെ ഇതിന് കാരണങ്ങളും നിരവധിയാണ്.

കൊറിയൻ ഡിസ്കൗണ്ട് അഥവാ കൊറിയയിലെ കുറഞ്ഞമൂല്യം എന്ന ഈ പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് വിദേശ വിപണികളിലെ ഐപിഒ. ഇന്ത്യയിൽ ഉയർന്ന മൂല്യം പ്രതീക്ഷിച്ചു തന്നെയാണ് ഹ്യുണ്ടായ് ഇവിടെ ഐപിഒ നടത്തുന്നതും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) വരുമാനം വിലയിരുത്തിയാൽ ഹ്യുണ്ടായിയുടെ പ്രൈസ് ടു ഏണിങ്സ് (പിഇ വാല്യൂവേഷൻ) 26 മടങ്ങാണ് (26x). ഇത് മികച്ച നിലയുമാണ്. അതേസമയം, മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷന് കൊറിയയിൽ ഇത് 5x മാത്രമേയുള്ളൂ. ഇന്ത്യയിലെ എതിരാളികളായ മാരുതി സുസുക്കിക്ക് ഇത് 29.3-30.4x, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 30-37x, ടാറ്റ മോട്ടോഴ്സിന് 10-11.4x എന്നിങ്ങനെയാണിത്.

സാംസങ്ങും എൽജിയും മൂല്യവും

ഇന്ത്യയിൽ ഐപിഒ പരിഗണിക്കുന്നുണ്ടെന്ന സൂചന എൽജി ഇതിനകം നൽകിയിട്ടുണ്ട്. 1,300 കോടി ഡോളർ (ഏകദേശം ഒരുലക്ഷം കോടി രൂപ) മൂല്യം ഉറപ്പാക്കി, 150 കോടി ഡോളർ (12,600 കോടി രൂപ) സമാഹരിക്കാനാകും എൽജി ശ്രമിച്ചേക്കുക. സാംസംങ് ഇന്ത്യയിൽ ഐപിഒ നടത്തുന്നതിനെ കുറിച്ച് മനസ്സുതുറന്നിട്ടില്ല. എങ്കിലും, ഹ്യുണ്ടായ് ഐപിഒയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുകയും ഓഹരികൾ പിന്നീട് മികച്ച പ്രകടനം നടത്തുകയും ചെയ്താൽ സാംസങ്ങും ഇതേ പാതയിലേക്ക് വന്നേക്കാം.

hyd-ipo - 1

കഴി‍ഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ഹ്യുണ്ടായിയും എൽജിയും സാംസങ്ങും ഇന്ത്യയിൽ പ്രവർത്തിക്കുന്നു. 1996 മേയിലാണ് ഹ്യുണ്ടായ് ഇന്ത്യയിലെത്തിയത്. മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷന്റെ മൊത്തം വരുമാനത്തിൽ 6.5 ശതമാനമേ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പങ്കുള്ളൂ. ലാഭത്തിൽ 8 ശതമാനവും. എന്നാൽ, ഐപിഒയിലെ ഉയർന്ന പ്രൈസ് ബാൻഡായ 1,960 രൂപ കണക്കാക്കിയുള്ള 1.6 ലക്ഷം കോടി രൂപ എന്ന വിപണിമൂല്യം കണക്കാക്കിയാൽ, ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷന്റെ മൊത്തം വിപണിമൂല്യത്തിന്റെ 41 ശതമാനമാണിത്. ഹ്യുണ്ടായിക്ക് മാതൃരാജ്യമായ ദക്ഷിണ കൊറിയയിലും ഇന്ത്യയിലുമുള്ള വിപണിമൂല്യത്തിന്റെ അന്തരം ഇതിൽ നിന്ന് വ്യക്തം. കൊറിയൻ കമ്പനികൾ ഇന്ത്യയിൽ ഐപിഒയ്ക്കായി ഉറ്റുനോക്കുന്നതിന് പിന്നിലെ കാരണവും വേറെയല്ല.

Image : Shutterstock/Grzegorz Czapski
Image : Shutterstock/Grzegorz Czapski

ഹ്യുണ്ടായിയും ഇന്ത്യയും

മാരുതി സുസുക്കി പിന്നിലായി പാസഞ്ചർ വാഹന വിൽപനയിലും കയറ്റുമതിയും രണ്ടാംസ്ഥാനത്താണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വരുമാനം മുൻവർഷത്തെ സമാനപാദത്തിലെ 16,624 കോടി രൂപയിൽ നിന്ന് 17,334 കോടി രൂപയായി ഉയർന്നിരുന്നു. ഇതിൽ 76 ശതമാനവും ഇന്ത്യയിലെ വിൽപനയിൽ നിന്നാണ്. 24% കയറ്റുമതിയിലൂടെയും. ലാഭം 1,329.19 കോടി രൂപയിൽ നിന്ന് 1,489.65 കോടി രൂപയിലുമെത്തി. ഇന്ത്യയിൽ 32,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ഹ്യുണ്ടായ് ആസൂത്രണം ചെയ്യുന്നുണ്ട്. ചെന്നൈയിലെ ഓട്ടോമേറ്റഡ് പ്ലാന്റിലെയും മഹാരാഷ്ട്രയിലെ പ്ലാന്റിലെയും വാർഷിക ഉൽപാദനശേഷി കൂട്ടാനും ഇന്ത്യയിൽ വൈദ്യുതി വാഹനരംഗത്ത് കൂടുതൽ സജീവമാകാനും കമ്പനി ഉന്നമിടുന്നു.

English Summary:

Discover how Hyundai's historic IPO in India aims to combat the "Korea Discount" and why Samsung & LG are closely watching.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com