ഐപിഒയിൽ ഓഹരി അലോട്മെന്റ് ഉറപ്പാക്കാൻ ഒട്ടേറെ മാർഗങ്ങൾ
Mail This Article
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമായിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ചിന്തിക്കാത്ത നിക്ഷേപകർ കുറവായിരിക്കും. നഷ്ടസാധ്യത തന്നെയാണ് കാരണം. എന്നാൽ സമീപകാല ബുൾ തരംഗത്തിൽ ഇത്തരം നഷ്ടസാധ്യതകളെക്കുറിച്ച് ആരോർക്കാൻ? നേട്ടത്തിലേക്കു മാത്രം കണ്ണുംനട്ടിരിക്കുന്ന കാഴ്ചയാണെവിടെയും.
ഇനിഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) വിപണിയിൽ ഇത് ദിനംപ്രതി വർധിച്ചു വരുന്നതായും കാണാം. ഉദാഹരണത്തിന് കഴിഞ്ഞ 16ന് ലിസ്റ്റ് ചെയ്ത ബജാജ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾക്ക് 67 മടങ്ങ് ആവശ്യക്കാർ ഉണ്ടായിരുന്നെങ്കിൽ ഇന്നു ലിസ്റ്റ് ചെയ്യുന്ന (അത്രയൊന്നും പ്രശസ്തമല്ലാത്ത പ്രൊമോട്ടർമാരുള്ള) മാംബ ഫിനാൻസിന്റെ ആവശ്യക്കാർ 224 മടങ്ങാണെന്ന് അറിയുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു ചിന്തിക്കേണ്ടി വരും. ഓഹരിയൊന്നിന് 120 രൂപ വീതമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇത്രയൊക്കെ ആവശ്യക്കാർ ഉണ്ടായിട്ടും ഗ്രേ മാർക്കറ്റിൽ 170 രൂപയോളം മാത്രമാണ് മാംബ ഫിനാൻസിന്റെ ഓഹരിക്കുള്ളുവെന്നത് അതിശയകരമാണ്. അതായത്, 150.84 കോടി രൂപ ആവശ്യമുള്ളപ്പോൾ 33,788 കോടി രൂപക്കുള്ള ഓഹരികൾക്ക് ആവശ്യക്കാർ ഉണ്ടായി എന്നത് ഐപിഒ മാർക്കറ്റ് ഉന്മാദത്തിലാണെന്നതിന്റെ സൂചനയാണ്. ‘ഹെർഡിങ് മെന്റാലിറ്റി’യാണ് ഇപ്പോൾ ഐപിഒ മാർക്കറ്റിലുള്ളത്- ‘മുൻപേ ഗമിക്കും ഗോവിന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ!
ആവശ്യക്കാർ ഏറെയുണ്ടെങ്കിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ദിവസം തന്നെ 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകാൻ സാധ്യയുണ്ടെന്ന് കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ആവശ്യക്കാരുടെ എണ്ണം നിങ്ങളുടെ ട്രേഡിങ് ആപ്പിൽ നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഐപിഒയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഓഹരികളുടെ അലോട്മെന്റ് പരമാവധി ഉറപ്പാക്കുന്നതിന് ചെറുകിട നിക്ഷേപകർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം - ഒരു പാൻകാർഡ് വഴി ഒരു ലോട്ട് മാത്രം അപേക്ഷിക്കുക.
ഒരു വീട്ടിൽ പ്രായപൂർത്തിയായ 4 അംഗങ്ങൾ ഉണ്ടെങ്കിൽ 4 പേർക്കും ഡിമാറ്റ് അക്കൗണ്ട് എടുത്ത് 4 ലോട്ട് അപേക്ഷിക്കാം.ഇതിനായി ഏകദേശം 60000 രൂപ (15000 വീതം) ബാങ്ക് അക്കൗണ്ടിൽ ഉണ്ടാകണം. ഓഹരി അലോട്മെന്റ് ലഭിച്ചാൽ മാത്രം ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്നു ഡെബിറ്റാകും, അതുവരെ (3 മുതൽ 7 ദിവസം വരെ) തുക അക്കൗണ്ടിൽ തടഞ്ഞു വയ്ക്കും. ഇതിനെ ASBA - ആപ്ലിക്കേഷൻ സപ്പോർട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് എന്നാണ് പറയുന്നത്.
ഐപിഒ വഴി ഓഹരി ലഭിക്കാൻ ഒരു മാർഗം കൂടി നോക്കാം. നിലവിലെ ഏതെങ്കിലും കമ്പനികളുമായി ബന്ധമുള്ള കമ്പനിയുടെ ഐപിഒ ആണ് നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ ഈ കമ്പനിയുടെ ഒരു ഓഹരി വാങ്ങി സൂക്ഷിക്കുക. ഐപിഒയുമായി വരുന്ന കമ്പനി സെബിക്ക് പ്രോസ്പെക്ടസ് സമർപ്പിക്കുന്നതിനു മുൻപേ വാങ്ങണം. ഉദാഹരണത്തിന്, ഏഥർ ഇവി കമ്പനി ഹീറോ മോട്ടോകോർപ്പിന്റെ ഒരു ഉപകമ്പനിയാണ്.
ഏഥർ ഐപിഒയിൽ അപേക്ഷിക്കാൻ ഉടൻ തന്നെ ഹീറോ മോട്ടോകോർപ്പിന്റെ (ഏകദേശം 6000 രൂപ വില) ഒരു ഓഹരി വാങ്ങി കൈവശം വയ്ക്കുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് റീട്ടെയ്ൽ കാറ്റഗറിയിലും ഷെയർ ഹോൾഡർ കാറ്റഗറിയിലും അപേക്ഷിക്കാനാകും. ഇത് ഓഹരി ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ഐപിഒ ഉടൻ വരുന്നുണ്ട്.
25,000 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് ഐപിഒയ്ക്ക് 10 മടങ്ങ് ആവശ്യക്കാർ ഉണ്ടെങ്കിൽ 2.5 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി സ്റ്റോക്ക് മാർക്കറ്റിൽ നിന്നു ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിയപ്പെടും. അതിനാൽ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ ഐപിഒ മാർക്കറ്റിൽ വലിയരീതിയിലുള്ള വില വ്യതിയാനകൾക്കു സാധ്യത തുറക്കാം
എസ്‍സിഇആർടി കേരളം റിസർച് ഓഫിസറാണ് ലേഖകൻ
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)