ഹ്യുണ്ടായിയുടെ വമ്പൻ ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; എൽഐസിയുടെ റെക്കോർഡ് തകരും
Mail This Article
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യാ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) സമാഹരണമാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഉന്നമിടുന്നത്. ഇത് യാഥാർഥ്യമായാൽ എൽഐസിയുടെ റെക്കോർഡ് തകരും. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്.
ഏകദേശം 2,000 കോടി ഡോളർ (1.67 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഹ്യുണ്ടായിയുടെ ഐപിഒ. രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യയിൽ കാർ നിർമാണ രംഗത്തുനിന്നൊരു കമ്പനി ഐപിഒ നടത്തുന്നത്. 2003ൽ മാരുതി സുസുക്കി നടത്തിയ ഐപിഒയായിരുന്നു ഒടുവിലത്തേത്.
വിൽപന ഒക്ടോബർ ആദ്യം
അടുത്തമാസത്തിന്റെ ആദ്യ പകുതിയോടെ ഹ്യുണ്ടായ് ഐപിഒ നടത്തിയേക്കുമെന്നാണ് കരുതുന്നത്. ഓഹരി ഒന്നിന് 10 രൂപ മുഖവിലയുള്ള 14.21 കോടി ഓഹരികളാകും വിൽപനയ്ക്കുണ്ടാവുക. ഐപിഒയിൽ പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഉണ്ടായേക്കില്ല. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) മാത്രമായിരിക്കും ഹ്യുണ്ടായിയുടെ ഐപിഒ.
ഏകദേശം 17.50% ഓഹരികളാകും ഹ്യുണ്ടായ് ഐപിഒ വഴി വിറ്റഴിക്കുക. ഇതിൽ 50% യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് (ബാങ്കുകൾ, നിക്ഷേപക സ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ) എന്നിവയ്ക്കായിരിക്കും (ക്യുഐപി). 15% സ്ഥാപനേതര നിക്ഷേപകർക്കും പ്രതീക്ഷിക്കുന്നു. ബാക്കി 35% ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായും മാറ്റിവച്ചേക്കും.
എന്തുകൊണ്ട് ഇന്ത്യയിൽ ഐപിഒ?
ദക്ഷിണ കൊറിയൻ കമ്പനികൾക്ക് സ്വന്തം നാട്ടിൽ കാര്യമായ മൂല്യം നേടുക പ്രയാസമാണ്. 'കൊറിയൻ ഡിസ്കൗണ്ട്' എന്ന പ്രവണതയുള്ളതാണ് കാരണം. അതുകൊണ്ടാണ്, ഇന്ത്യ പോലുള്ള വിപണിയിൽ ഐപിഒയ്ക്ക് ശ്രമം. മാത്രമല്ല, ഇന്ത്യയിൽ അനുദിനം സ്വീകാര്യത കൂടുന്ന എസ്‍യുവി വിപണിയിൽ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ് എന്നിവയിൽ നിന്നടക്കം വലിയ മത്സരമാണ് ഹ്യുണ്ടായ് നേരിടുന്നത്.
കൂടുതൽ എസ്‍യുവികൾ പുറത്തിറക്കി വിപണിവിഹിതം ശക്തിപ്പെടുത്തുകയും ഹ്യുണ്ടായിയുടെ ലക്ഷ്യമാണ്. നിലവിൽ മാരുതിക്ക് പിന്നിലായി വിപണിവിഹിതത്തിൽ രണ്ടാമതാണ് ഇന്ത്യയിൽ ഹ്യുണ്ടായ്. കമ്പനിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയുമാണ് വരുമാനപ്രകാരം ഇന്ത്യ.