ലാപ്ടോപ് ഇറക്കുമതി;അടുത്ത വർഷം കടുത്ത നിയന്ത്രണമേർപ്പെടുത്തിയേക്കും
Mail This Article
ന്യൂഡൽഹി∙ ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് 2025 ജനുവരിക്കു ശേഷം കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്.
2023 ഓഗസ്റ്റിലാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നു കണ്ടതോടെ ഒന്നരവർഷത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
പകരം ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങിയാൽ മതിയെന്ന വ്യവസ്ഥ വച്ചു. വലിയ നിയന്ത്രണങ്ങളില്ലാതെയുള്ള ഇറക്കുമതി ഈ വർഷം അവസാനം വരെ നിലവിലെ അവസ്ഥയിൽ കമ്പനികൾക്ക് നടത്താം. ഇതുകഴിഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ആഭ്യന്തര ഉൽപാദനം എത്രയും വേഗം വർധിപ്പിക്കുകയെന്ന സന്ദേശമാണ് 2023ൽ കേന്ദ്രം നൽകിയത്. ഇത് നിറവേറ്റിയ കമ്പനികൾക്ക് ബുദ്ധിമുട്ടാകില്ല. മറ്റ് കമ്പനികൾക്ക് ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എളുപ്പമായിരിക്കില്ല. ഇത് വിപണിയിൽ വിലക്കയറ്റമുണ്ടാക്കാനും ഇടയാക്കിയേക്കും.
ചൈനയിൽ നിന്നുള്ള ലാപ്ടോപ് ഇറക്കുമതി ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ പ്രധാനമായും ചൈനീസ് ഇറക്കുമതിയെ ആണ് ഇന്ത്യ ആശ്രയിക്കുന്നത്.കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലിങ് ചെയ്യണമെന്നതാണ് കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.