ബാഡ്മിന്റന്‍ ഉപേക്ഷിച്ച് 500 കോടി ആസ്തിയുണ്ടാക്കിയ ദീപിക, ബിസിനസിലും തിളങ്ങും താരം
Mail This Article
ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹെഗനിലായിരുന്നു ആ പെണ്‍കുട്ടി ജനിച്ചുവീണത്...വളര്‍ന്നത് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവിലും. വിഖ്യാത ബാഡ്മിന്റന്‍ താരമായിരുന്നു അച്ഛന്‍...പേര് പ്രകാശ് പദുക്കോണ്‍. മകള്‍ ദീപികയും കളിച്ചു ശീലിച്ചത് ബാഡ്മിന്റന്‍ തന്നെ..ടീനേജ് കാലഘട്ടത്തില്‍ ദേശീയതല ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം പങ്കെടുത്ത അവള്‍ക്ക് തന്റെ തട്ടകം അതല്ലെന്ന തിരിച്ചറിവുണ്ടാകാന്‍ അധികം സമയം വേണ്ടി വന്നില്ല...ബാഡ്മിന്റന്‍ ഉപേക്ഷിച്ച് മോഡലിങ്ങിലൂടെ പിന്നെ സിനിമാലോകത്തേക്ക്...ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8ന് ദീപികയ്ക്കും രണ്‍വീര്‍ സിങ്ങിനും ആദ്യ കുഞ്ഞ് പിറന്നു...അപ്പോഴേക്കും, ദീപിക ഒറ്റയ്ക്ക് ആര്‍ജിച്ചെടുത്ത ആസ്തി 500 കോടി രൂപ വരും. 12 ലധികം ബ്രാന്‍ഡുകളിലെ നിക്ഷേപവും
പാഷനൊപ്പം സഞ്ചരിച്ചു
ബാഡ്മിന്റന്‍ ഉപേക്ഷിച്ച് ദീപിക പദുക്കോണ്‍ ശ്രദ്ധവെച്ചത് മോഡലിങ്ങിലായിരുന്നു. പണ്ട് ടെലിവിഷനില്‍ ലിറിലിന്റെ പരസ്യം കണ്ടവര്‍ ഒരിക്കലും ദീപികയുടെ മുഖം മറക്കില്ല. ദീപികയുടെ ആദ്യ പരസ്യമായിരുന്നു ലിറിലിന് വേണ്ടിയുള്ളത്. പിന്നീട് പതിയെ കരിയര്‍ കെട്ടിപ്പടുത്തു. കന്നഡ നടന്‍ ഉപേന്ദ്രയ്‌ക്കൊപ്പമായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. 2006ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ഐശ്വര്യയിലെ നായികയായി ദീപിക തിളങ്ങി. 2007ല്‍ പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രം വമ്പന്‍ വിജയമായിരുന്നു, ഷാറൂഖ് ഖാനൊപ്പൊമുള്ള ഓം ശാന്തി ഓം...ലവ് ആജ് കല്‍, കോക്ക്‌ടെയ്ല്‍, ഹാപ്പി ന്യൂ ഇയര്‍, ബാജിറാവു മസ്താനി തുടങ്ങി മികച്ച ചിത്രങ്ങളുടെ നിര തന്നെ വന്നു പിന്നാലെ. ഹോളിവുഡ് സൂപ്പര്‍ ചിത്രമായ XXX: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കെയ്ജില്‍ നായികയായി എത്തിയതോടെ ബ്രാന്‍ഡ് മൂല്യം കുത്തനെ കൂടി. ഏറ്റവും അവസാനം പുറത്തിറങ്ങിയ പത്താനും കല്‍ക്കിയും വരെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ കയറി. അതിഗംഭീരമായ വെള്ളിത്തിര കരിയറില്‍ നിന്നുള്ള പണം സംരംഭകത്വരംഗത്ത് തന്ത്രപൂര്‍വം നിക്ഷേപിക്കാനും ദീപിക മറന്നില്ല.
ദീപികയുടെ നിക്ഷേപം
ദീപിക നിക്ഷേപം നടത്തിയതും അവരുടെ ഉടമസ്ഥതയിലും സഹഉടമസ്ഥതയിലുമുള്ള സംരംഭങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം...
വസ്ത്ര ബ്രാന്‍ഡ്
2015ലാണ് തന്റെ സ്വന്തം വസ്ത്ര ബ്രാന്‍ഡെന്ന നിലയില്‍ 'ഓള്‍ എബൗട്ട് യു' എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടത്. പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ മിന്ദ്രയുമായി ചേര്‍ന്നായിരുന്നു ഇത്. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു ദീപിക വിപണിയിലെത്തിച്ചത്.
പ്രൊഡക്ഷന്‍ കമ്പനി
2017ലാണ് തന്റെ പോര്‍ട്‌ഫോളിയോ മാനേജ് ചെയ്യുന്നതിനായി കെഎ എന്റര്‍പ്രൈസസ് എല്‍എല്‍പി എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടത്. ഇതിന് പിന്നാലെ കാ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസും തുടങ്ങി.
സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ്
2022 എത്തിയപ്പോഴേക്കും ബിസിനസ് കുറച്ചുകൂടി വിപുലീകരിച്ചു ദീപിക പദുക്കോണ്‍. സ്വന്തമായി സ്‌കിന്‍കെയര്‍ ബ്രാന്‍ഡാണ് ബോളിവുഡ് നടി തുടങ്ങിയത്. 82°E എന്ന വ്യത്യസ്ത പേരിലായിരുന്നു ദീപികയുടെ സ്‌കിന്‍കെയര്‍ സംരംഭം. ഫേഷ്യല്‍ മാസ്‌ക്, സണ്‍സ്‌ക്രീന്‍, മോയ്‌സ്ച്ചറൈസറുകള്‍, ലിപ് ബാം, തുടങ്ങി നിരവധി സൗന്ദര്യപരിപാലന ഉല്‍പ്പന്നങ്ങള്‍ ഇവര്‍ പുറത്തിറക്കി.
ഫര്‍ലെന്‍കോ
2019ലാണ് ഫര്‍ണിച്ചര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പായ ഫര്‍ലെന്‍കോയില്‍ ദീപിക നിക്ഷേപം നടത്തിയത്. ബെംഗളൂരു, മുംബൈ, ഡല്‍ഹി-എന്‍സിആര്‍ മേഖലയിലാണ് ഫര്‍ലെന്‍കോയ്ക്ക് മികച്ച സാന്നിധ്യമുള്ളത്.
പർപ്പിൾ
2019ല്‍ തന്നെ ഓണ്‍ലൈന്‍ ബ്യൂട്ടി പ്രൊഡക്റ്റ്‌സിന്റെ മാര്‍ക്കറ്റ് പ്ലേസായ പര്‍പ്പിളില്‍ ദീപിക നിക്ഷേപം നടത്തിയിരുന്നു. എത്ര തുകയാണ് നിക്ഷേപിച്ചതെന്നത് വ്യക്തമല്ല. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പടെയുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്.
എപ്പിഗാമിയ
2019ല്‍ തന്നെ മുംബൈ കേന്ദ്രമാക്കിയ പാക്കേജ്ഡ് ഫുഡ്‌സ് സ്റ്റാര്‍ട്ടപ്പായ ഡ്രം ഫുഡ്‌സ് ഇന്റര്‍നാഷണലിലും ദീപിക നിക്ഷേപം നടത്തി. കമ്പനിയുടെ പതാകവാഹക ബ്രാന്‍ഡുകളിലൊന്നായ എപ്പിഗാമിയ യോഗര്‍ട്ടിന്റെ മുഖമായും ദീപിക മാറി.
ബെല്ലാട്രിക്‌സ് എയ്‌റോസ്‌പേസ്
ദീപികയുടെ നിക്ഷേപ വൈവിധ്യത്തിന്റെ ഉദാഹരണം കൂടിയാണ് ബെല്ലാട്രിക്‌സ് എയ്‌റോസ്‌പേസ്. പ്രീസീരിസ് എ റൗണ്ടിലൂടെ കമ്പനി നടത്തിയ ഫണ്ട് സമാഹരണത്തില്‍ ദീപിക 21 കോടി രൂപയാണ് നിക്ഷേപിച്ചത്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പാണിത്. 2019ലായിരുന്നു നിക്ഷേപം.
ബ്ലൂസ്മാര്‍ട്ട്
ഇ വി ടാക്‌സി സ്റ്റാര്‍ട്ടപ്പായ ബ്ലൂസ്മാര്‍ട്ടിലും ദീപിക നിക്ഷേപം നടത്തിയിട്ടുണ്ട്. താങ്ങാവുന്ന നിരക്കില്‍ ഇലക്ട്രിക് കാറുകളുടെ സേവനം വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് ബ്ലൂസ്മാര്‍ട്ട്. മുംബൈ, പൂനെ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന നിലയിലേക്ക് ബ്ലൂസ്മാര്‍ട്ട് വളര്‍ന്നു.
മൊകൊബര
വൈവിധ്യം നിറഞ്ഞ ട്രാവല്‍ ബാഗുകള്‍ ലഭ്യമാക്കുന്ന ബംഗളൂരു സ്റ്റാര്‍ട്ടപ്പായ മൊകൊബരയില്‍ 2020ലാണ് ദീപിക പദുക്കോണ്‍ നിക്ഷേപം നടത്തിയത്.
ആറ്റംബര്‍ഗ് ടെക്‌നോളജീസ്
സ്മാര്‍ട്ട് ഫാന്‍ നിര്‍മാതാക്കളായ ആറ്റംബര്‍ഗ് ടെക്‌നോളജീസിലും ദീപിക 2021ല്‍ നിക്ഷേപം നടത്തി.
സൂപ്പര്‍ടെയ്ല്‍സ്
മൃഗസ്‌നേഹി കൂടിയാണ് ദീപിക പദുക്കോണ്‍. അതായിരിക്കാം ബെംഗളൂരു കേന്ദ്രമാക്കിയ പെറ്റ് കെയര്‍ പ്ലാറ്റ്‌ഫോമായ സൂപ്പര്‍ടെയ്ല്‍സില്‍ നിക്ഷേപം നടത്താന്‍ ദീപികയെ പ്രേരിപ്പിച്ചത്. 2021ലായിരുന്നു നിക്ഷേപം.
കോഫി കമ്പനി
ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂ ടൊക്കായ് എന്ന കോഫി കമ്പനിയിലും ബോളിവുഡ് സുന്ദരി നിക്ഷേപം നടത്തി. 2023ലായിരുന്നു കോഫി സംരംഭത്തില്‍ ദീപികയുടെ നിക്ഷേപം.
ബ്രാന്‍ഡ് അംബാസഡര്‍
തനിഷ്‌കും ഒപ്പോയും ആഡിഡാസുമുള്‍പ്പടെ നിരവധി വന്‍കിട ബ്രാന്‍ഡുകളുടെ അംബാസഡറാണ് ദീപിക പദുക്കോണ്‍. ബോളിവുഡിലെ ഏറ്റവും പണം വാരുന്ന നടികളുടെ നിരയിലേക്ക് ഇതെല്ലാം ദീപികയെ ഉയര്‍ത്തി.