സ്വർണക്കുതിപ്പ് അതിവേഗം, ബഹുദൂരം
Mail This Article
കൊച്ചി∙ പവന് 59,000 രൂപയ്ക്ക് തൊട്ടടുത്തേക്കു കുതിച്ച് സ്വർണവില. ഇന്നലെ പവന് 320 രൂപ ഉയർന്ന് 58720 രൂപയായി. ഇന്നലെ ഗ്രാമിന് 40 രൂപ വർധിച്ച് 7340 രൂപയായി.രാജ്യാന്തര സ്വർണവില ഉയരങ്ങളിലേക്കു കുതിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില 60,000 രൂപയിലേക്ക് എത്തിയേക്കും. വെള്ളി വില ഗ്രാമിന് 2 രൂപ ഉയർന്ന് 107 രൂപയായി.
ഈ വർഷം ഇതുവരെ സ്വർണനിരക്കിൽ 25% വർധനയാണുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 245 രൂപയും പവന് 1960 രൂപയുമാണു കൂടിയത്.
രാജ്യാന്തര സ്വർണവില 2,750 ഡോളറും കടന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പശ്ചിമേഷ്യൻ സംഘർഷത്തിനു പുറമേ രൂപയുടെ മൂല്യത്തകർച്ചയും വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടർന്നാൽ ഡിസംബറോടെ രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 3000 ഡോളറിലേക്ക് എത്തുമെന്നാണു റിപ്പോർട്ടുകൾ. ക്രിപ്റ്റോ കറൻസിയുടെ ഇടിവും ഓഹരി വിപണിയിലെ ഇടിവും സ്വർണക്കുതിപ്പിനു വേഗം കൂട്ടുകയാണ്.