വീണ്ടും തളർന്നിറങ്ങി സ്വർണം; കേരളത്തിൽ ഇന്ന് മികച്ച കുറവ്, ബോണ്ടും ഡോളറും മേലോട്ട്
Mail This Article
ആഭരണപ്രിയർക്ക് ആശ്വാസവുമായി സ്വർണവിലയിൽ ഇന്ന് ഭേദപ്പെട്ട കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് വില 7,315 രൂപയായി. 360 രൂപ താഴ്ന്ന് 58,520 രൂപയാണ് പവൻവില. കഴിഞ്ഞ രണ്ടുദിവസമായി ഗ്രാമിന് 7,360 രൂപയും പവന് 58,880 രൂപയും എന്ന ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലായിരുന്നു സംസ്ഥാനത്ത് വില. 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് ഇന്ന് 35 രൂപ കുറഞ്ഞ് വില 6,025 രൂപയായി. വെള്ളിവില ഗ്രാമിന് 104 രൂപയിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു.
ഇറാനെതിരെ കൂടുതൽ ആക്രമണത്തിനില്ലെന്ന് ഇസ്രയേലും ഇസ്രയേലിനെ തൽകാലം തിരിച്ചടിക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയത് സ്വർണവിലയുടെ കുതിപ്പിന്റെ ആക്കംകുറച്ചിട്ടുണ്ട്. യുഎസിൽ തൊഴിലില്ലായ്മ, പണപ്പെരുപ്പക്കണക്കുകൾ ഈയാഴ്ച പുറത്തുവരാനിരിക്കേ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) മികച്ചനിരക്കിലേക്ക് ഉയർന്നതും സ്വർണത്തിന് ക്ഷീണമായി. തൊഴിലില്ലായ്മ, പണപ്പെരുപ്പക്കണക്കുകൾ ആശങ്കപ്പെടുത്തിയില്ലെങ്കിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് പിന്നാക്കം പോകാനിടയുണ്ട്. ഇതാണ്, സ്വർണത്തിന് തിരിച്ചടിയാകുന്നതും ഡോളറിനും ബോണ്ടിനും കരുത്തുമാകുന്നതും.
രാജ്യാന്തര സ്വർണവില ഔൺസിന് കഴിഞ്ഞവാരം 2,750 ഡോളർ കടന്നെങ്കിലും ഇപ്പോഴുള്ളത് 2,731 ഡോളറിൽ. ഇതാണ് കേരളത്തിലും വില കുറയാനിടയാക്കിയത്. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, മിനിമം 5% പണിക്കൂലി എന്നിവയും ചേർത്താൽ ഇന്ന് 63,344 രൂപയാണ് ഒരു പവൻ ആഭരണത്തിന് വാങ്ങൽ വില. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,918 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.