ADVERTISEMENT

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി വില 59,000 രൂപയായി. 60 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ മുന്നേറി റെക്കോർഡ് 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന വെള്ളിവിലയും ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായി.

സാധാരണക്കാരന് കിട്ടാക്കനിയാകും വിധം മുന്നേറ്റത്തിലാണ് സ്വർണം. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നെങ്കിലും അത് 'താൽകാലികമായ' വിലയിറക്കം മാത്രമാണെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോൾ സ്വർണാഭരണത്തിന്റെ വാങ്ങൽത്തുക ഇതിലുമധികമാണ്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്ന് കേരളത്തിൽ 63,865 രൂപയോളം കൊടുത്താലേ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,982 രൂപയെങ്കിലും നൽകണം.

പൊന്നുംകുതിപ്പിന്റെ വർഷം
 

സ്വർണാഭരണ വിലക്കുതിപ്പ് ഏറ്റവുമധികം നിരാശപ്പെടുത്തുക വിവാഹം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുന്നവരെ. വില കുത്തനെ കൂടുന്നത് വിപണിക്കും തിരിച്ചടിയാണ്. 45,920 രൂപയായിരുന്നു ഈ വർഷം ജനുവരിയിൽ പവന്റെ ഏറ്റവും താഴ്ന്ന വില. ഗ്രാമിന് 5,740 രൂപയും. അതുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ ഇതുവരെ പവന് കൂടിയത് 13,080 രൂപ. ഗ്രാമിന് 1,635 രൂപയും. 2020ൽ 29,000-39,000 രൂപ നിരക്കിലായിരുന്ന പവൻ വിലയാണ് 4 വർഷംകൊണ്ട് 60,000 രൂപയ്ക്കരികിലേക്ക് കുതിച്ചെത്തിയിരിക്കുന്നത്.

എന്തുകൊണ്ട് വില വീണ്ടും കൂടുന്നു?
 

ഇന്നലെ ഔൺസിന് 2,731 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുവീണ്ടും 2,750 ഡോളർ മറികടന്നത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. ഡോളറിന്റെയും യുഎസ് സർക്കാരിന്റെ ബോണ്ടുകളുടെ ആദായനിരക്കിന്റെയും (ബോണ്ട് യീൽഡ്) മുന്നേറ്റമാണ് ഇന്നലെ പ്രധാനമായും സ്വർണത്തെ തളർത്തിയതെങ്കിൽ ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. ഡോളറും ബോണ്ടും തളർന്നു; സ്വർണം മിന്നിച്ചു.

1540951542

രാജ്യാന്തരവില 2,757 ഡോളറിലേക്ക് ഇന്ന് കയറി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,754 ഡോളറിൽ. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും യുഎസിന്റെ പണപ്പെരുപ്പ, തൊഴിലില്ലായ്മക്കണക്കുകൾ ഉടൻ പുറത്തുവരുമെന്നതും കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും പലിശ കുറയ്ക്കാനുള്ള സാധ്യതയുമാണ് സ്വർണത്തിന് കുതിപ്പേകുന്നത്.

രാജ്യാന്തരവില വൈകാതെ 2,775 ഡോളർ മറികടന്നേക്കാമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 60,000 രൂപ ഭേദിക്കാനുള്ള ദൂരം അകലെയല്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു. അതേസമയം പണപ്പെരുപ്പ, തൊഴിലില്ലായ്മ കണക്കുകൾ ശുഭകരമാണെങ്കിൽ പലിശ കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് ഫെഡറൽ റിസർവ് പിന്നാക്കം പോകുകയോ നാമമാത്ര ഇളവ് അനുവദിക്കുകയോ ചെയ്തേക്കാം. ഇത് സ്വർണവിലക്കുതിപ്പിന്റെ ആക്കം കുറയ്ക്കും.

English Summary:

Gold Price Smashes Records, Crosses ₹59,000 in Kerala for the First Time Ever!: Gold price in Kerala breaches ₹59,000 for the first time ever! Understand the factors driving this surge, its impact on consumers, and expert predictions for the future of gold prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com