സ്വർണത്തിൽ വീണ്ടും റിസർവ് ബാങ്കിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; 'രഹസ്യ' വിമാനത്തിൽ തിരിച്ചെത്തിച്ചത് ഇംഗ്ലണ്ടിൽ നിന്ന് 102 ടൺ
Mail This Article
ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം കൂടി ഇന്ത്യയിൽ തിരിച്ചെത്തിച്ച് റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലും അതീവ രഹസ്യവുമായാണ് സ്വർണത്തിന്റെ ഈ 'ഘർ വാപസി' റിസർവ് ബാങ്ക് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനുമുമ്പ് ഇക്കഴിഞ്ഞ മേയിലും 100 ടൺ സ്വർണം ഇത്തരത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് റിസർവ് ബാങ്ക് കൊണ്ടുവന്നിരുന്നു.
1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തിന് ശേഷം ആദ്യമായായിരുന്നു വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് റിസർവ് ബാങ്ക് സ്വർണശേഖരം ഇത്തരത്തിൽ വലിയതോതിൽ തിരിച്ചെത്തിച്ചത്. സമാനമായി കൂടുതൽ സ്വർണം റിസർവ് ബാങ്ക് തിരിച്ചെത്തിക്കുമെന്നും സൂചനകളുണ്ട്.
എന്തുകൊണ്ട് സ്വർണത്തിന്റെ 'ഘർ വാപസി'?
റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ ആകെ 854.73 ടൺ സ്വർണമാണുള്ളത്. ഇതിൽ 510.5 ടണ്ണും ഇപ്പോൾ ഇന്ത്യയിൽ തന്നെയുണ്ട്. ബാക്കി 344.23 ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോലുള്ള വിദേശ കേന്ദ്രബാങ്കുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ മാത്രം സൂക്ഷിക്കുന്നത് 324.01 ടൺ.
വിദേശ ബാങ്കുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ കുറഞ്ഞചെലവിൽ ഇപ്പോൾ ഇന്ത്യയിൽ സ്വർണം സൂക്ഷിക്കാനാകുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. മറ്റൊന്ന്, ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ്. രാജ്യങ്ങൾ തമ്മിൽ നയതന്ത്ര പ്രശ്നങ്ങളുൾപ്പെടെ ഉണ്ടായാൽ ഈ സ്വർണശേഖരം തിരികെ എത്തിക്കുക പ്രയാസമാകും. ഇവയാണ് സ്വർണശേഖരം വലിയതോതിൽ തിരിച്ചെത്തിക്കാനുള്ള മുഖ്യകാരണം. ഇന്ത്യയിൽ മുംബൈയിലും നാഗ്പുരിലും റിസർവ് ബാങ്കിന് സ്വർണശേഖരം സൂക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വർണവും
ലോകത്തെ നിരവധി രാജ്യങ്ങളുടെ കരുതൽ സ്വർണശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുണ്ട്. ലണ്ടനിലെ മുഖ്യ ഓഫീസിനോട് ചേർന്ന് 9 നിലവറകൾ ഇതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സജ്ജമാണ്. ഇവയിലായി ആകെയുള്ളത് ഏകദേശം 5,350 ടൺ സ്വർണവും. 1,697ലാണ് ആദ്യ കരുതൽ സ്വർണശേഖര നിലവറയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടക്കമിട്ടത്.
സ്വർണം വാരിക്കൂട്ടി റിസർവ് ബാങ്ക്
നടപ്പു സാമ്പത്തികവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ റിസർവ് ബാങ്ക് 13 ടൺ സ്വർണം വാങ്ങിയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വാങ്ങിയത് 36.23 ടൺ. പണപ്പെരുപ്പം പരിധിവിട്ടുയരുകയും മധ്യേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷം കനക്കുകയും ചെയ്തവേളയിലാണ് ഡോളറിനെ ഒഴിവാക്കി വിദേശനാണയ ശേഖരത്തിലേക്ക് റിസർവ് ബാങ്ക് വൻതോതിൽ സ്വർണം വാങ്ങിച്ചേർത്തത്. ഡോളറിന്റെ മൂല്യം വൻതോതിൽ ചാഞ്ചാട്ടം നേരിട്ട പശ്ചാത്തലത്തിലായിരുന്നു അത്.