സർക്കാർ ഇമെയിൽ ഫോർമാറ്റ് ഇനി @xyz.gov.in
Mail This Article
ന്യൂഡൽഹി ∙ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും @gov.in, @nic.in എന്നിവയിൽ അവസാനിക്കുന്ന പൊതുവായ ഇമെയിൽ വിലാസം ഇനി ഉപയോഗിക്കാനാകില്ല. സർക്കാർ ഇമെയിൽ വിലാസം ഇനി @xyz.gov.in എന്ന ഫോർമാറ്റിലായിരിക്കും. ഇതിൽ ‘xyz’ സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ ചുരുക്കപ്പേരാകും. കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്ത പുതിയ ഇമെയിൽ പോളിസിയിലാണ് ഇക്കാര്യമുള്ളത്.
@gov.in, @nic.in എന്നീ ഫോർമാറ്റിലുള്ള ഇമെയിൽ വിലാസങ്ങൾക്കു പകരം പുതിയ വിലാസം വരും. എങ്കിലും പഴയ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്ന മെയിലുകളും ലഭിക്കുന്ന തരത്തിലാണു ക്രമീകരണം. നിലവിൽ വിവിധ മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളുമടക്കം പൊതു ഡൊമെയ്നുകളാണ് ഉപയോഗിക്കുന്നത്. ഓരോ വിലാസവും പ്രതിനിധീകരിക്കുന്ന സർക്കാരും വകുപ്പും കണ്ടെത്തുക എളുപ്പമല്ല. വിവരസുരക്ഷ അടക്കമുള്ള കാര്യങ്ങളിലും നിരീക്ഷണം സാധ്യമല്ല. ഇതുകൊണ്ടാണു മാറ്റം വരുത്തിയത്.
@xyz.nic.in എന്ന് അവസാനിക്കുന്ന വിലാസവും ഇനിയുണ്ടാകില്ല. ഇതിനു പകരവും @xyz.gov.in എന്ന വിലാസമായിരിക്കും. എൻഐസിയും സർക്കാർ സ്ഥാപനമായതിനാലാണിത്.