കേരളപ്പിറവിക്കും ഇരുട്ടടി; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, പുതുക്കിയനിരക്ക് പ്രാബല്യത്തിൽ
Mail This Article
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം സിലിണ്ടർ) വില കുത്തനെ കൂട്ടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. 61.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 1,810.5 രൂപയായി. കോഴിക്കോട്ട് 1,843 രൂപയും തിരുവനന്തപുരത്ത് 1,831.5 രൂപയുമാണ് പുതുക്കിയവില. പുതിയനിരക്ക് ഇന്ന് പ്രാബല്യത്തിൽ വന്നു. കേരളപ്പിറവി ദിനത്തിലുണ്ടായ ഈ വിലക്കയറ്റം സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും തട്ടുകടകൾക്കും മറ്റ് വ്യാവസായിക ആവശ്യത്തിന് ഈ സിലിണ്ടർ ഉപയോഗിക്കുന്നവർക്കും കനത്ത തിരിച്ചടിയായി.
രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരിക്കുന്നത്. കഴിഞ്ഞ ജൂലൈ ഒന്നിന് 30.5 രൂപ കുറച്ചിരുന്നു. എന്നാൽ ഓഗസ്റ്റിൽ 7.5 രൂപ, സെപ്റ്റംബറിൽ 39 രൂപ, ഒക്ടോബറിൽ 48 രൂപ എന്നിങ്ങനെ കൂട്ടി. ഇതോടെ കഴിഞ്ഞ 4 മാസത്തെ വർധന 156 രൂപയുമായി. ദിവസേന ശരാശരി 2-4 സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളും തട്ടുകടകളും സംസ്ഥാനത്തുണ്ട്.
അതേസമയം ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റംവരുത്തിയില്ല. കൊച്ചിയിൽ 810 രൂപ, കോഴിക്കോട്ട് 811.5 രൂപ, തിരുവനന്തപുരത്ത് 812 രൂപ എന്നിങ്ങനെയാണ് വില. പൊതുമേഖലാ എണ്ണക്കമ്പനികൾ കഴിഞ്ഞദിവസം പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസിൽ മാറ്റംവരുത്തുകയും ചെയ്തിരുന്നു. ഇത് കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ വില കൂടിയപ്പോൾ ചിലയിടങ്ങളിൽ കുറയുകയാണുണ്ടായത്. വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തുവായിക്കാം.