വർഷം 7 കഴിഞ്ഞു, എന്നിട്ടും ‘കണക്കില്ലാതെ’ ജിഎസ്ടി വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും സർക്കാരിനു വിവിധ ഉൽപന്നങ്ങൾ തിരിച്ചുള്ള കണക്കു ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനു കീഴിലെ ജിഎസ്ടി ശൃംഖലയിൽ ഉൽപന്നം തിരിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ലെന്നാണു ജിഎസ്ടി വകുപ്പിന്റെ വിശദീകരണം. വിവരാവകാശ നിയമപ്രകാരം കണക്കുകൾ ആവശ്യപ്പെട്ടപ്പോഴും ‘ഇല്ല’ എന്നാണു വകുപ്പിന്റെ മറുപടി.
13,000 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് ഇപ്പോൾ ജിഎസ്ടി വരുമാനമായി ഒരു വർഷം ലഭിക്കുന്നത്. ഐജിഎസ്ടിയായി 16,000 കോടിയും ലഭിക്കുന്നുണ്ട്. ഇതിൽ ഏതൊക്കെ മേഖലയിലാണു നികുതി വരുമാനം ഉയരുന്നതെന്നും കുറയുന്നതെന്നും കണ്ടെത്തിയാൽ മാത്രമേ ആ മേഖലയിൽ ഇടപെട്ടു വരുമാനം ഉറപ്പാക്കാൻ സർക്കാരിനാകൂ. മൂല്യവർധിത നികുതിയുടെ കാലത്ത്, നികുതി റിട്ടേൺ സമർപ്പിക്കുന്നവർ ഏതുതരം ഉൽപന്നങ്ങളാണു കൈകാര്യം ചെയ്യുന്നതെന്നു രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ടായിരുന്നതിനാൽ മേഖല തിരിച്ചുള്ള നികുതി വരുമാനത്തിന്റെ ഏകദേശ കണക്ക് സർക്കാരിനു ലഭിക്കുമായിരുന്നു. വാഹനങ്ങൾ, മരുന്നുകൾ, യന്ത്രങ്ങൾ, രാസപദാർഥങ്ങൾ, തുണിത്തരങ്ങൾ, ഇരുമ്പ്, ഫോൺ, സിമന്റ്, അരി തുടങ്ങിയ ഉൽപന്നങ്ങളായിരുന്നു വിറ്റുവരവിൽ മുന്നിൽ.
ഇൗ ഡേറ്റ ഉപയോഗിച്ച് നികുതി, വ്യവസായം, ടൂറിസം തുടങ്ങിയ വകുപ്പുകൾ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷവും സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് ബാക്ക് എൻഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയും ഡേറ്റ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇൗ സോഫ്റ്റ്‌വെയർ ഉപേക്ഷിച്ച് പൂർണമായി ജിഎസ്ടി സോഫ്റ്റ്‌വെയറിലേക്കു മാറിയതോടെ കണക്കുകൾ ലഭ്യമല്ലാതായി.
കണക്കുകൾ ആവശ്യപ്പെട്ട് വിവരാവകാശ ചോദ്യം വന്നതിനെത്തുടർന്ന് കണക്കു സമർപ്പിക്കാത്തതിനു കാരണം ബോധിപ്പിക്കാൻ ധനവകുപ്പിനു നിർദേശം നൽകിയിരിക്കുകയാണു വിവരാവകാശ കമ്മിഷൻ.