ADVERTISEMENT

ന്യൂഡൽഹി∙ കടക്കെണിയിലായി സർവീസ് പൂർണമായും നിർത്തിവച്ച ജെറ്റ് എയർവേയ്സ് ഇനി ഒരിക്കലും പറക്കില്ല. പുനരുജ്ജീവന ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ (ലിക്വിഡേഷൻ) സുപ്രീം കോടതി ഉത്തരവിട്ടു. ഇതുനുസരിച്ച് കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ പണമാക്കി മാറ്റി വായ്പ നൽകിയ ബാങ്കുകൾക്കടക്കം നൽകും. ജെറ്റ് എയർവേയ്സ് എന്ന ബ്രാൻഡ് ഇതോടെ പൂർണമായും ചരിത്രമാകും.

2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിനെ യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഈ ഏറ്റെടുക്കൽ ശ്രമം ഇതോടെ അവസാനിച്ചു.

Jet Airways aircraft are seen parked on the tarmac at Chattrapati Shivaji International Airport in Mumbai on March 25, 2019. - India's troubled Jet Airways said on March 25 that founder Naresh Goyal has stepped down as chairman and left the company board as part of a rescue plan. (Photo by PUNIT PARANJPE / AFP)
Jet Airways aircraft are seen parked on the tarmac at Chattrapati Shivaji International Airport in Mumbai on March 25, 2019. - India's troubled Jet Airways said on March 25 that founder Naresh Goyal has stepped down as chairman and left the company board as part of a rescue plan. (Photo by PUNIT PARANJPE / AFP)

എന്താണ് കേസ്?

ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന് (ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവിട്ടത് മാർച്ചിലാണ്. ഇതിനെതിരെയാണ് ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ (എസ്ബിഐ അടക്കം) കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

ഏറ്റെടുക്കൽ അനുവദിക്കരുതെന്നും ലിക്വിഡേഷൻ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ജെറ്റ് എയർവേയ്സിനെ ബിസിനസിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ആത്മാർഥമായ സമീപനം കൺസോർഷ്യത്തിന് തുടക്കം മുതലേ ഉണ്ടായിരുന്നില്ലെന്നതാണ് ബാങ്കുകളുടെ വിമർശനം.

വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് പണം നൽകുന്ന കാര്യത്തിൽ കൺസോർഷ്യം വീഴ്ച വരുത്തി. ആദ്യ ഗഡുവായി നൽകേണ്ട 350 കോടി രൂപയിൽ 200 കോടി രൂപ മാത്രമാണ് നൽകിയത്.

കൺസോർഷ്യം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് തേടിയിട്ടില്ലെന്നും ബാങ്കുകൾ കോടതിയിൽ ഉന്നയിച്ചിരുന്നു.

jet-airways

കോടതി പറഞ്ഞത്

5 വർഷമായിട്ടും പുനരുജ്ജീവന ശ്രമം പൂർണ അർഥത്തിൽ നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി, ഭരണഘടനയിലെ 142–ാം വകുപ്പിലെ അധികാരം ഉപയോഗിച്ചാണ് ലിക്വിഡേഷൻ ഉത്തരവിട്ടത്. ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിൽക്കുന്നതിനും മറ്റുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മുംബൈ ശാഖയോട് ലിക്വിഡേറ്ററിനെ നിയമിക്കാൻ കോടതി ആവശ്യപ്പെട്ടു. കാൽറോക്ക് കൺസോർഷ്യം (ജെകെസി) നിക്ഷേപിച്ച 200 കോടി രൂപ അവർക്ക് തിരിച്ചുകിട്ടില്ല. ഇത് ബാങ്കുകൾക്ക് ലഭിക്കും. ജെകെസി വ്യവസ്ഥകളൊന്നും പാലിക്കാത്തതിനാൽ ലിക്വിഡേഷൻ മാത്രമാണ് ഏക പോംവഴിയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

English Summary:

The Supreme Court has ordered the liquidation of Jet Airways after a failed revival attempt, marking the end of the iconic Indian airline.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com