ട്രങ്കിൽ നിന്ന് ട്രോളി വരെ ; പിന്നാലെയല്ല ഒപ്പം നടന്നു വളർന്ന വിപണി
Mail This Article
കൊച്ചി∙ പാലക്കാട്ടെ നീല ട്രോളി ബാഗിൽ കള്ളപ്പണം എന്ന ചീറ്റിപ്പോയ ആരോപണം വരും മുൻപേതന്നെ ബാഗുകൾക്ക് കേരളത്തിൽ നീണ്ട ചരിത്രമുണ്ട്.‘ ട്രങ്ക് പെട്ടി ’യിൽ നിന്നു തുടങ്ങി ട്രോളിബാഗ് വരെ ഉരുണ്ടു നീങ്ങിയ ട്രാവൽബാഗുകളുടെ ബിസിനസ് മലയാളിയുടെ കുടിയേറ്റത്തിന്റെ ആദ്യ കണ്ണിയിൽ സ്ഥാനം പിടിച്ചവയാണ്. കടം വാങ്ങിയ പെട്ടിയുമായി കടൽ കടന്നവരെത്ര!
കുടിയേറ്റം തുടങ്ങിയ 1950കളിൽ മലയാളി ബർമയിലും സിംഗപ്പൂരിലും മലേഷ്യയിലും സിലോണിലുമെല്ലാം പോയത് കപ്പലിൽ കയറ്റുന്ന തരം സ്റ്റീമർ ട്രങ്കുമായാണ്. ട്രങ്ക്പെട്ടി എന്നു മലയാളി അതിനെ വിളിച്ചു. തടിയിലും ലതറിലും പെട്ടികളുണ്ടായിരുന്നു. അലുമിനിയം പെട്ടികൾ വന്നതു പിന്നീടാണ്. എഴുപതുകളിൽ ഗൾഫ് കുടിയേറ്റത്തിരയടിച്ചപ്പോൾ സ്യൂട്ട്കെയ്സുകളായി.
വിമാനമിറങ്ങി വരുന്ന ഗൾഫ് മലയാളിയുടെ കയ്യിലൊരു സ്യൂട്ട് കെയ്സും ഒരു മ്യൂസിക് സ്റ്റീരിയോ സെറ്റും ഉണ്ടായിരുന്നത് ഇന്നു ഗൃഹാതുര ഓർമ. വീട്ടിലേക്ക് പോകുമ്പോൾ അംബാസഡർ ടാക്സി കാറിനു മുകളിൽ കെട്ടിവച്ച വലിയ പെട്ടികൾ നാട്ടുകാരെ അമ്പരപ്പിക്കാൻ വേണം. ഇന്നത്തെ വിവാദമായ ട്രോളി ബാഗിലേക്ക് ദൂരം പിന്നെയുമുണ്ടായിരുന്നു.
യുഎസിലെ മാസച്യുസിറ്റ്സ് ലഗേജ് കമ്പനി വൈസ് പ്രസിഡന്റ് ബർണാഡ് ഡി. സാഡോയാണ് ചക്രങ്ങളുള്ള ബാഗ് കണ്ടുപിടിച്ചത്. 1972ൽ ഇതിനു പേറ്റന്റ് കിട്ടി. പക്ഷേ, അവ കേരളത്തിൽ പ്രചാരത്തിലായത് എൺപതുകളിലാണ്. ആദ്യം സ്യൂട്ട്കെയ്സിലും പിന്നീട് തോൾ ബാഗുകളിലും ചക്രങ്ങളും ഉരുട്ടി നടക്കാനുള്ള ഹാൻഡിലും വന്നു. എത്ര ഭാരവും അനായാസം ചുമക്കുന്ന ട്രോളിയാണ് ഇന്നു യാത്രയിലെ താരം. എൺപതുകളുടെ അവസാനമായപ്പോഴേക്കും വിമാന ജോലിക്കാർ കൊണ്ടു നടക്കുന്ന തരം ട്രാവൽ പ്രോ ട്രോളി ബാഗുകൾ ഫാഷനായി മാറി.
ഏതു ദിശയിലേക്കും തിരിയുന്ന സ്പിന്നർ വീലുകൾ വന്നത് ഈ നൂറ്റാണ്ടിൽ മാത്രമാണ്. പക്ഷേ, ലോകത്തെ വിനോദസഞ്ചാര രംഗമാകെ ട്രോളി ബാഗുകൾ അപ്പോഴേക്കും മാറ്റി മറിച്ചിരുന്നു.
ഇന്ന് വിൽപനയുടെ 70% ട്രോളി ബാഗുകളാണ്. ബ്രാൻഡ് അനുസരിച്ച് വില കൂടിയും കുറഞ്ഞും.
ഇന്ത്യൻ ലഗേജ് വ്യവസായത്തിന് 50,000 കോടിയുടെ വാർഷിക വിറ്റുവരവുണ്ട്. ബ്രാൻഡഡ് പെട്ടികൾ അതിൽ 25% വരും. എയർപോർട്ടിൽ അൽപം പരുഷമായി കൈകാര്യം ചെയ്താലും കോട്ടം വരാത്ത ട്രോളികൾക്കാണ് പ്രിയമേറെ.