ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ ഇടിവ്; സ്വർണശേഖരത്തിൽ 10,000 കോടി രൂപയുടെ കുതിപ്പ്
Mail This Article
ഇന്ത്യയുടെ വിദേശനാണയ ശേഖരം തുടർച്ചയായി ഇടിയുന്നു. അതേസമയം, ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം കടകവിരുദ്ധമായി കുതിച്ചുയരുകയുമാണ്. നവംബർ ഒന്നിന് സമാപിച്ച ആഴ്ചയിൽ വിദേശനാണയ ശേഖരം 260 കോടി ഡോളർ ഇടിഞ്ഞ് 68,213 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് സമാപിച്ച ആഴ്ചയിൽ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ എന്ന നാഴികക്കല്ല് ഭേദിച്ചുയർന്നിരുന്നു.
മൂലധന (ഓഹരി, കടപ്പത്രം) വിപണിയിലെ വിദേശനിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റൊഴിഞ്ഞ റിസർവ് ബാങ്കിന്റെ നടപടി തുടങ്ങിയ കാരണങ്ങളാൽ പിന്നീട് ശേഖരം കുറയുകയായിരുന്നു. ഒക്ടോബർ 25ന് അവസാനിച്ച ആഴ്ചയിൽ 340 കോടി ഡോളറായിരുന്നു ഇടിഞ്ഞത്.
വിദേശനാണയ ശേഖരത്തിലെ മുഖ്യവിഭാഗമായ വിദേശ കറൻസി ആസ്തി (എഫ്സിഎ) 390 കോടി ഡോളർ താഴ്ന്ന് 58,984 കോടി ഡോളർ ആയതാണ് നവംബർ ഒന്നിന് അവസാനിച്ച ആഴ്ചയിൽ തിരിച്ചടിയായത്. അതേസമയം, കരുതൽ സ്വർണശേഖരം 120 കോടി ഡോളർ (ഏകദേശം 10,000 കോടി രൂപ) വർധിച്ച് 6,975 കോടി ഡോളറായി (5.8 ലക്ഷം കോടി രൂപ). വിദേശനാണയ ശേഖരത്തിൽ ഡോളറിന് പകരം റിസർവ് ബാങ്ക് സമീപകാലത്തായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.