പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാര്‍ 5 ലക്ഷത്തിലേക്ക്
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 5 ലക്ഷമെന്ന പുതിയ റെക്കോർഡിലേക്ക് നീങ്ങുന്നു. ഞായറാഴ്ച മാത്രം 4.98 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്. അതായത്, 5 ലക്ഷം കടക്കാൻ 1,479 പേരുടെ കുറവ് മാത്രം. ദീപാവലി അടക്കമുള്ള ഉത്സവസീസണും കുതിപ്പിനു കാരണമായി. കഴിഞ്ഞ 3 ദിവസം തുടർച്ചയായി യാത്രക്കാരുടെ എണ്ണം പ്രതിദിന റെക്കോർഡ് മറികടന്നിരുന്നു. ഇതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ഒക്ടോബർ 14നാണ്, 4.84 ലക്ഷം പേർ.
കോവിഡിനു ശേഷം 2022 ഏപ്രിൽ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്. 3,137 വിമാനങ്ങളാണ് ഞായറാഴ്ച സർവീസ് നടത്തിയത്. ഇതനുസരിച്ച് ഒരു വിമാനത്തിൽ ശരാശരി 158 യാത്രക്കാർ.
ഒക്ടോബർ മാസമാകെ 1.38 കോടി യാത്രക്കാരാണ് ആഭ്യന്തര സർവീസുകൾ ഉപയോഗിച്ചത്. 2019 ഒക്ടോബറിൽ ഇത് 1.22 കോടി മാത്രമായിരുന്നു. കോവിഡിനു മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ 12.8% വർധനയുണ്ട്.