വിനോദ സഞ്ചാരത്തിന് കരുത്താകും, 4 വിമാനത്താവളങ്ങൾ സീപ്ലെയ്ൻ സർവീസ് ഹബ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സീപ്ലെയ്ൻ സർവീസുകളുടെ ഹബ്ബുകളായി 4 വിമാനത്താവളങ്ങൾ മാറും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളായിരിക്കും അതതു മേഖലകളിലെ സീപ്ലെയ്ൻ സർവീസുകളുടെ പ്രധാന നിയന്ത്രണ കേന്ദ്രം. വിമാനത്താവളങ്ങളിൽ നിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ചും സഞ്ചാരികളെ എത്തിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ഹൈഡ്രോഗ്രഫിക്കൽ സർവേ വിഭാഗം വിവിധ ജലാശയങ്ങളിലെ ആഴ പരിശോധന നടത്തി സീ പ്ലെയ്ൻ സർവീസിനു യോജിച്ച 10 ജലാശയങ്ങൾ സംബന്ധിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ദിവസം സീപ്ലെയ്ൻ സർവീസ് നടത്തിയ ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ വേമ്പനാട്ടു കായൽ, പുന്നമടക്കായൽ, അഷ്ടമുടിക്കായൽ, പൊന്നാനി, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളും പട്ടികയിലുണ്ട്. നാനൂറോളം ജലാശയങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ഭൂരിഭാഗവും വിവിധ തരം സീ പ്ലെയ്ൻ സർവീസിനു യോജിച്ച രീതിയിൽ മാറ്റിയെടുക്കാമെന്നും ഹൈഡ്രോഗ്രഫിക്കൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, കാപ്പിൽ കായലുകളിൽ സീ പ്ലെയ്ൻ സർവീസ് ആരംഭിക്കാനാകും. വെള്ളായണി കായലും ഇതിനു യോജിച്ചതാണെങ്കിലും ശുദ്ധജലത്തടാകമായതുകൊണ്ട് ജനങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്നതിനാൽ പരിമിതികളുണ്ടെന്നാണ് കണ്ടെത്തൽ.