ADVERTISEMENT

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. സിഎൻബിസി-ടിവി18 ഗ്ലോബൽ ലീഡർഷിപ്പ് സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാൽ 2023 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിച്ചിട്ടില്ല. ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രണാതീതമായി കൂടിനിൽക്കുന്നതാണ് റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. റീപ്പോനിരക്ക് കുറഞ്ഞാൽ മാത്രമേ വാണിജ്യബാങ്കുകൾ വായ്പകളുടെ പലിശയും കുറയ്ക്കാൻ തയ്യാറാകൂ.

റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം 6 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുകയറുകയും ചെയ്തതോടെ, പലിശനിരക്ക് കുറയാനുള്ള സാധ്യതയും മങ്ങി. എന്നാൽ, പലിശനിരക്ക് ഉയർന്നതലത്തിൽ തുടർച്ചയായി നിലനിർത്തിയതുകൊണ്ട് ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ഗോയൽ പറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കേ, ഒക്ടോബറിൽ 6.21 ശതമാനമായാണ് വർധിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം 10.87 ശതമാനത്തിലേക്കും കുതിച്ചുയർന്നു. 

ഡിസംബർ 4 മുതൽ 6 വരെയാണ് റിസർവ് ബാങ്ക് പണനയ നിർണയ സമിതിയുടെ (എംപിസി) അടുത്തയോഗം. 6ന് പണനയം പ്രഖ്യാപിക്കും. ഡിസംബറിലെ യോഗത്തിൽ തന്റെ അഭിപ്രായം പറയാമെന്നാണ് ചടങ്ങിൽ സംബന്ധിച്ച ശക്തികാന്ത ദാസ് കേന്ദ്രമന്ത്രിക്കുള്ള മറുപടിയായി വ്യക്തമാക്കിയത്. കഴിഞ്ഞ എംപിസി യോഗത്തിൽ റിസർവ് ബാങ്കിന്റെ നിലപാട് (stance) വിത്ഡ്രോവൽ ഓഫ് അക്കമഡേഷൻ എന്നതിൽ നിന്ന് ന്യൂട്രൽ ആയി മാറ്റിയിരുന്നു. ഇതോടെ അനിശ്ചിതത്വങ്ങൾക്ക് ഇടനൽകാത്തവിധം പലിശ സംബന്ധിച്ച് തീരുമാനമെടുക്കാൻ എംപിസിക്ക് കഴിയുമെന്നും ദാസ് പറഞ്ഞു.

English Summary:

Goyal to RBI: Cut Interest Rates Now to Boost Economic Growth, RBI Governor Das Responds: Union Minister Piyush Goyal has called for the Reserve Bank of India to lower interest rates to boost economic growth. He argues that high rates haven't effectively curbed inflation, particularly food inflation. RBI Governor Shaktikanta Das responded by saying the Monetary Policy Committee will make a decision at their December meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com