സീപ്ലെയ്ൻ: നടന്നത് ഡെമോ സർവീസ് മാത്രം
Mail This Article
കൊച്ചി ∙ ബോൾഗാട്ടി മറീനയിൽ നിന്നു തിങ്കളാഴ്ച ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്കു നടത്തിയത് എയർക്രാഫ്റ്റ് കമ്പനിയുടെ സീപ്ലെയ്ൻ ഡെമോ സർവീസ് മാത്രം; പരീക്ഷണപ്പറക്കൽ എന്നു സാങ്കേതികമായി പറയാമെന്നു മാത്രം. പ്രതീക്ഷകളും വിവാദങ്ങളുമായി ചർച്ചകളിൽ സീപ്ലെയ്ൻ നിറയുകയാണെങ്കിലും കേരളത്തിൽ സർവീസ് യാഥാർഥ്യമാകാൻ കടമ്പകളേറെ. സർവീസിനായി ഓപ്പറേറ്റർമാർ മുന്നോട്ടു വന്നതായി സൂചനയില്ല. മാട്ടുപ്പെട്ടിയിലേക്കു സീപ്ലെയ്ൻ സർവീസ് നടത്തിയതു ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് എന്ന കനേഡിയൻ കമ്പനി നിർമിച്ച വിമാനത്തിന്റെ സെയിൽസ് ഡെമോൺസ്ട്രേഷന്റെ ഭാഗമായിട്ടാണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവർ സർവീസ് നടത്തി. അവരുടെ ചെറുവിമാനം വാങ്ങാൻ താൽപര്യമുള്ള നിക്ഷേപകരുടെ ശ്രദ്ധ നേടുകയാണു ലക്ഷ്യം. സ്പൈസ് ജെറ്റാണ് ഡി ഹാവിലാൻഡിന്റെ ഇന്ത്യൻ പങ്കാളി.
ഡെമോ സർവീസാണു നടന്നതെങ്കിലും ഭാവിയിൽ സ്ഥിരം സർവീസ് നടത്താനുള്ള സാധ്യതകൾ തെളിയുകയും ചെയ്തു. എന്നാൽ, അതിലേക്കു കടമ്പകൾ ഏറെയാണ്. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) ഉൾപ്പെടെ വിവിധ സാങ്കേതിക അനുമതികൾ ലഭിക്കുകയെന്നതാണു പ്രധാന കടമ്പ. കൃത്യമായ ചട്ടങ്ങൾ രൂപപ്പെടുത്തുകയും സാങ്കേതിക അനുമതികൾ താമസമില്ലാതെ ലഭ്യമാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകയ്യെടുത്തെങ്കിൽ മാത്രമേ സീപ്ലെയ്ൻ മോഹങ്ങൾ യാഥാർഥ്യത്തിലേക്കു ചിറകു വിരിക്കൂ.